India - 2024

നാനാജാതി മതസ്ഥരായ 1480 നിര്‍ധന കുടുംബങ്ങൾക്ക് ഭവനം നിർമ്മിച്ച് നൽകിയ മൈക്കിളച്ചൻ വിടവാങ്ങി

പ്രവാചകശബ്ദം 23-09-2021 - Thursday

വരാപ്പുഴ: നാനാജാതി മതസ്ഥരായ 1480 കുടുംബങ്ങൾക്ക് ഭവനം നിർമ്മിച്ച് നൽകിയ വരാപ്പുഴ അതിരൂപത വൈദീകനായ ഫാ. മൈക്കിൾ തലക്കെട്ടി നിര്യാതനായി. ഏതാനും നാളുകളായി അസുഖം മൂലം ആവിലാഭവനിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെയും ഇന്നത്തെ കോട്ടപ്പുറം രൂപതയിലെയും ദേവാലയങ്ങളിൽ സേവനം ചെയ്ത ഇദ്ദേഹം 1998 ഫെബ്രുവരിയിൽ വരാപ്പുഴ അതിരൂപത വൈദീകനായി ഇൻകാർഡിനേഷൻ നടത്തി. നിസ്തുലമായ സേവനമാണ് വൈദീകൻ എന്ന നിലയിൽ അദ്ദേഹം നടത്തിയത്. വീടില്ലാത്തവർക്ക് വീട് നിർമിച്ചു നൽകുന്ന പദ്ധതിയിൽ സജീവമായി പങ്കാളിയായി. അപ്രകാരം 1480 വീടുകളാണ് നാനാ ജാതിമതസ്ഥരായ പാവപ്പെട്ടവർക്കായി നിർമ്മിക്കപ്പെട്ടത്. ഫാ. വർഗീസ് താണിയത്തിന്റെ സഹകരണത്തോടെയാണ് നിർമ്മാണങ്ങൾ നടത്തിയത്.

വരാപ്പുഴ അതിരൂപതയിലെ മൂലമ്പിള്ളി, മാമംഗലം, കർത്തേടം, അത്താണി, വെണ്ടുരുത്തി, ചളിക്കവട്ടം,എടത്തല, കുരിശിങ്കൽ, വല്ലാർപാടം എന്നീ ദേവാലയങ്ങളിൽ വികാരിയായി അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. മികച്ച സംഘാടകനും, വളരെ മികച്ച കർത്തവ്യ ബോധത്തോടെ കാര്യങ്ങൾ ചെയ്തിരുന്ന അജപാലകനുമായ അദ്ദേഹത്തിന്റെ വിയോഗം വരാപ്പുഴ അതിരൂപതക്കും കേരള സഭക്കും തീരാ നഷ്ടമാണെന്ന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ അനുസ്മരിച്ചു. മൃതസംസ്ക്കാരകർമ്മം നാളെ, സെപ്തംബർ 24 വെള്ളിയാഴ്ച വൈകിട്ട് 4.30 ന് ഏലൂർ സെന്റ് ആന്റണീസ് പള്ളിയിൽ നടത്തപ്പെടും. നാളെ ഉച്ചക്ക് 12 മണിക്ക് ഭവനത്തിലുള്ള ശുശ്രൂഷക്ക് ശേഷം 12.30 മുതൽ ഏലൂർ സെന്റ് ആന്റണീസ് പള്ളിയിൽ അന്ത്യോപചാരം അർപ്പിക്കാവുന്നതാണ്. നാളെ വൈകിട്ട് 4.30 ന് ജോസഫ് കളത്തിപറമ്പിൽ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ മൃതസംസ്ക്കാര ദിവ്യബലിയും മറ്റു ശുശ്രൂഷകളും നടത്തും.

More Archives >>

Page 1 of 416