News

കന്ധമാലില്‍ ക്രൈസ്തവ വിരുദ്ധത വീണ്ടും: ഭവനങ്ങള്‍ തകര്‍ത്തു, ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കുവാന്‍ ഭീഷണി

പ്രവാചകശബ്ദം 27-09-2021 - Monday

ഭൂവനേശ്വര്‍: ക്രൈസ്തവ വിരുദ്ധ ആക്രമണം കൊണ്ട് ആഗോളതലത്തില്‍ ചര്‍ച്ചയായി മാറിയ ഒഡീഷയിലെ കന്ധമാലില്‍ വീണ്ടും ക്രൈസ്തവ കുടുംബങ്ങള്‍ക്കു നേരെ ആക്രമണം. കന്ധമാൽ ജില്ലയിലെ ലഡാമിലയില്‍ നാല് ക്രൈസ്തവരുടെ ഭവനങ്ങള്‍ ആക്രമിക്കുകയും അവരെ മര്‍ദ്ദിക്കുകയും ഗ്രാമത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തുവെന്നാണ് ഏഷ്യന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആക്രമണത്തിന് പിന്നില്‍ തീവ്ര ഹിന്ദുത്വവാദികളാണെന്നാണ് സൂചന. ഇവരുടെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ രണ്ട് ക്രൈസ്തവ കുടുംബങ്ങള്‍ വനത്തിലും രണ്ടു ക്രൈസ്തവ കുടുംബങ്ങള്‍ അടുത്ത ഗ്രാമത്തിലുള്ള ബന്ധു വീടുകളിലും അഭയം തേടിയിരിക്കുകയാണ്.

രണ്ട് ദിവസങ്ങള്‍ക്കുശേഷം അവര്‍ തിരിച്ചെത്തിയെങ്കിലും ഭവനം തകര്‍ക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. ക്രിസ്ത്യാനികളായതിനാൽ ഗ്രാമത്തിൽ ജീവിക്കാൻ അനുവദിക്കില്ലെന്നു അക്രമകാരികള്‍ ഭീഷണി മുഴക്കിയതായി ഇരകള്‍ പറയുന്നു. ഫാ. ഡിബ്യസിംഗിന്റെ നേതൃത്വത്തില്‍ കട്ടക്ക്-ഭുവനേശ്വറിലെ കത്തോലിക്ക അതിരൂപതയുടെ നിയമസംഘം പ്രാദേശിക പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ ഇവരെ സഹായിച്ചിട്ടുണ്ട്. കുടുംബങ്ങൾക്ക് ഇതുവരെ ഗ്രാമത്തിലേക്ക് മടങ്ങാൻ കഴിഞ്ഞിട്ടില്ലായെന്നും യേശുക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരിൽ ക്രൈസ്തവര്‍ ഇപ്പോഴും പീഡിപ്പിക്കപ്പെടുന്നുണ്ട് എന്നത് ഗൌരവമുള്ള വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തെ കട്ടക്ക് ഭുവനേശ്വർ ആർച്ച് ബിഷപ്പ് ജോൺ ബർവ അപലപിച്ചു. സമാധാനം കെട്ടിപ്പടുക്കുന്നതിനുള്ള എല്ലാ ശ്രമങ്ങൾക്കിടയിലും ക്രൈസ്തവര്‍ വിവേചനപരവും ക്രൂരവും മനുഷ്യത്വരഹിതവും അപമാനകരവുമായ പെരുമാറ്റം അനുഭവിക്കുകയാണെന്ന് ബിഷപ്പ് ഏഷ്യന്യൂസിനോട് പറഞ്ഞു. 'കുടിക്കാൻ വെള്ളം' നിഷേധിക്കുന്ന ആളുകളെക്കുറിച്ച് എന്തുപറയണമെന്നു ചോദ്യമുയര്‍ത്തിയ ബിഷപ്പ് ക്രൂരകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെ നിയമപ്രകാരം കർശനമായി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.

ലോക മനസ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ടു തീവ്രഹിന്ദുത്വവാദികളായ സംഘപരിവാര്‍ ഒഡീഷയിലെ കന്ധമാലില്‍ നടത്തിയ ക്രൈസ്തവ നരഹത്യ പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അരങ്ങേറിയത്. വിശ്വഹിന്ദു പരിഷത്ത് നേതാവായിരുന്ന സ്വാമി ലക്ഷ്മണാനന്ദ സരസ്വതി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് 2008-ല്‍ അരങ്ങേറിയ കലാപത്തെ തുടര്‍ന്നു നൂറ്റിഇരുപതോളം ക്രൈസ്തവര്‍ക്ക് ജീവന്‍ നഷ്ടമാകുകയും കന്യാസ്ത്രീ ഉള്‍പ്പെടെ നിരവധി ക്രൈസ്തവ വനിതകള്‍ മാനഭംഗത്തിന് ഇരയാകുകയും ചെയ്തിരിന്നു. 6500-ല്‍ അധികം വീടുകളാണ് അക്രമികള്‍ തകര്‍ത്തത്. അരലക്ഷത്തോളം പേര്‍ അക്രമങ്ങള്‍ ഭയന്ന് സ്വന്തം സ്ഥലത്തുനിന്നും ഓടിപോയിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 699