India - 2025
രാഷ്ട്രീയ നേതാക്കന്മാരുടെയും പാര്‍ട്ടികളുടെയും നിലപാടുകള്‍ അപലപനീയം: കത്തോലിക്ക കോണ്‍ഗ്രസ്
പ്രവാചകശബ്ദം 28-09-2021 - Tuesday
കൊച്ചി: നര്‍കോട്ടിക്, ലവ് ജിഹാദുകളില്‍ ജാഗ്രത വേണമെന്ന പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസംഗത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും സംസാരിക്കുന്ന ചില രാഷ്ട്രീയ നേതാക്കന്മാരുടെയും പാര്‍ട്ടികളുടെയും നിലപാടുകള്‍ അപലപനീയമാണെന്നും ഇതു കുറ്റവാളികള്‍ക്ക് പ്രോത്സാഹനം നല്കുന്നതാണെന്നും കത്തോലിക്ക കോണ്‍ഗ്രസ് പൊളിറ്റിക്കല്‍ അഫയേഴ്സ് കമ്മിറ്റി.
രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി കത്തോലിക്ക സമുദായത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കം അനുവദിക്കുകയില്ല. നിരവധി ഇരകളും തെളിവുകളും ഉണ്ടായിട്ടും നര്‍കോട്ടിക്, ലവ് ജിഹാദുകള്‍ ഇല്ലായെന്നു സ്ഥാപിക്കാനുള്ള ചില പാര്‍ട്ടികളുടെയും മാധ്യമങ്ങളുടെയും അജന്ഡോകള്‍ പൊതു സമൂഹം തിരിച്ചറിയുന്നു. യഥാര്‍ഥ പ്രശ്നം പരിഹരിക്കപ്പെടണം.
ബിഷപ്പ് മാര്‍ കല്ലറങ്ങാട്ട് ഉന്നയിച്ച വിഷയങ്ങളില്‍ നീതിപൂര്‍വമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണം. അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെയും വിവിധ സമുദായ വിഭാഗങ്ങളുടെയും സമീപനങ്ങള്‍ സ്വാഗതര്‍ഹമാണെന്നും അവരോട് നന്ദിയര്‍പ്പിക്കുന്നെന്നും കത്തോലിക്ക കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അറിയിച്ചു.
കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചുപറമ്പില്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ ഡോ. ജോസുകുട്ടി ഒഴുകയില്‍, പ്രഫ. കെ.എം. ഫ്രാന്‍സിസ്, ഡോ. ചാക്കോ കാളാംപറമ്പില്‍, അഡ്വ. പി.ടി. ചാക്കോ, തോമസ് പീടികയില്‍, ഡോ. ജോബി കാക്കശേരി, തോമസ് ആന്റണി, ജോര്‍ജ് കോയിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.