Life In Christ - 2024

അലാസ്കയിലെ തദ്ദേശീയര്‍ക്കിടയില്‍ ക്രിസ്തുവിനെ പകര്‍ന്ന പോളിഷ് വൈദികന് ലൂമെന്‍ ക്രിസ്റ്റി അവാര്‍ഡ്

പ്രവാചകശബ്ദം 29-09-2021 - Wednesday

ചിക്കാഗോ: അലാസ്കയിലെ ഫെയര്‍ബാങ്ക്സ് മേഖലയിലെ തദ്ദേശീയര്‍ക്കിടയില്‍ നടത്തിയ സ്തുത്യര്‍ഹമായ സേവനങ്ങളെ മാനിച്ച് പോളിഷ് സ്വദേശിയായ മിഷ്ണറി വൈദികന്‍ ഫാ. സ്റ്റാന്‍ ജാസെക്കിന് 2021-2022 ലെ ലൂമെന്‍ ക്രിസ്റ്റി അവാര്‍ഡ്. തങ്ങള്‍ സേവനം ചെയ്യുന്ന മേഖലയില്‍ ക്രിസ്തുവിന്റെ പ്രകാശം പ്രസരിപ്പിക്കുന്നവര്‍ക്ക് അമേരിക്കന്‍ സംഘടനയായ ‘കാത്തലിക് എക്സ്റ്റെന്‍ഷന്‍’ നല്‍കുന്ന ഏറ്റവും ഉന്നത ബഹുമതിയാണ് 1978-ല്‍ സ്ഥാപിതമായ ലൂമെന്‍ ക്രിസ്റ്റി അവാര്‍ഡ്. തന്റെ അജഗണങ്ങളുടെ ആത്മീയതയും, സംസ്കാരവും ഒരുമിപ്പിച്ചുകൊണ്ട് തന്നെ ദൈവവുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി ഫാ. ജാസെക്ക് ആളുകളെ ക്ഷണിക്കുകയായിരുന്നെന്നു അവാര്‍ഡ് പ്രഖ്യാപിച്ചുകൊണ്ടുള്ള വാര്‍ത്താക്കുറിപ്പില്‍ .കാത്തലിക് എക്സ്റ്റെന്‍ഷന്‍ പ്രസ്താവിച്ചു.

ബെറിംഗ് കടലിന്റെ തീരത്തോട് ചേര്‍ന്നുകിടക്കുന്ന യൂക്കോണ്‍-കുസ്കോക്വിം ഡെല്‍റ്റാ മേഖലയിലെ തദ്ദേശീയ അലാസ്കന്‍ ഗ്രാമങ്ങളിലാണ് ഫാ. ജാസെക്ക് ഇപ്പോള്‍ സേവനം ചെയ്യുന്നത്. ഫെയര്‍ബാങ്ക് രൂപതയിലെ തന്റെ 19 വര്‍ഷക്കാലത്തെ മിഷണറി പ്രവര്‍ത്തനത്തില്‍ 14 വര്‍ഷവും ഫാ. ജാസെക്ക് ചിലവഴിച്ചത് യുപ്’ഇക് ജനതക്കിടയിലായിരുന്നു. കമ്മ്യൂണിസ്റ്റ് പോളണ്ടില്‍ ജനിച്ചുവളരുകയും, വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റേയും, സോളിഡാരിറ്റി പ്രസ്ഥാനത്തിന്റേയും സ്വാധീനത്തിന് സാക്ഷ്യം വഹിക്കുകയും ചെയ്ത ഫാ. ജാസെക്ക് അനേകരെ ക്രിസ്തുവിനായി നേടിയിരിന്നു. പോളണ്ടില്‍ നിന്നും പെറുവിലേക്കും, ആഫ്രിക്കയിലേക്കും, അവിടെനിന്നും അലാസ്കയിലേക്കും അദ്ദേഹം തന്റെ ശുശ്രൂഷ മേഖലകളെ വ്യാപിപ്പിച്ചിരിന്നു.

അലാസ്കയില്‍ ചിലവഴിച്ച രണ്ടു ദശകങ്ങള്‍ക്കിടയില്‍ മീന്‍പിടുത്തവും, വേട്ടയാടലും ഉപജീവനമാര്‍ഗ്ഗമായി സ്വീകരിച്ചിരിക്കുന്ന യുപ്’ഇക് ജനങ്ങളുടെ പാരമ്പര്യവുമായി ഫാ. ജാസെക്ക് ഇഴുകി ചേരുകയായിരുന്നെന്നു കാത്തലിക് എക്സ്റ്റെന്‍ഷന്‍ സ്മരിച്ചു. മേഖലയില്‍ കൊറോണ പകര്‍ച്ചവ്യാധി പടര്‍ന്നപ്പോഴും ഇദ്ദേഹം നടത്തിയ ആത്മീയ സേവനങ്ങള്‍ ശ്രദ്ധേയമായിരുന്നു. ഫോണിലൂടേയും അല്ലാതേയും നിരവധി പേര്‍ക്കാണ് അദ്ദേഹം കൗണ്‍സിലിംഗ് നല്‍കിയത്. ലൂമെന്‍ ക്രിസ്റ്റി അവാര്‍ഡിനൊപ്പം 50,000 ഡോളറും അദ്ദേഹത്തിന്റെ മിനിസ്ട്രിക്കും ലഭിക്കും. 1905-ല്‍ സ്ഥാപിതമായ ചിക്കാഗോ ആസ്ഥാനമായുള്ള പേപ്പല്‍ സൊസൈറ്റിയായ കാത്തലിക് എക്സ്റ്റെന്‍ഷന്‍ കഴിഞ്ഞ 115 വര്‍ഷങ്ങളായി അലാസ്കയിലെ കത്തോലിക്ക സാന്നിധ്യത്തെ സഹായിച്ചു വരികയാണ്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »