News - 2025
ചാന്‍സലര്‍ പദവിയില്‍ അവസാന ഔദ്യോഗിക സന്ദര്‍ശനം: പാപ്പയെ വീണ്ടും സന്ദര്‍ശിക്കുവാന്‍ മെര്‍ക്കല്‍
പ്രവാചകശബ്ദം 03-10-2021 - Sunday
വത്തിക്കാന്‍ സിറ്റി: നീണ്ട പതിനാറ് വർഷം എതിരാളികളില്ലാതെ ജർമ്മനിയെ നയിച്ച ആഞ്ചല മെർക്കൽ പദവിയൊഴിയാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കേ വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിക്കുമെന്ന് സ്ഥിരീകരണം. ഒക്ടോബർ ഏഴിന് നടക്കുന്ന സന്ദർശനത്തിന്റെ വിശദാംശങ്ങൾ ഒക്ടോബർ ഒന്നാം തീയതി ജർമ്മൻ സർക്കാരിന്റെ വക്താവ് സ്റ്റീഫൻ സീബർട്ടാണ് പുറത്തുവിട്ടത്. വത്തിക്കാനിൽ പാപ്പയുമായി നടത്തുന്ന കൂടിക്കാഴ്ചക്ക് ശേഷം കൊളോസിയത്തിന് സമീപം സാൻ എജിഡിയോ എന്ന സംഘടന നടത്തുന്ന സമാധാന സമ്മേളനത്തിലും ജർമ്മൻ ചാൻസലർ ഫ്രാൻസിസ് മാർപാപ്പയോടൊപ്പം പങ്കെടുക്കും. ജർമ്മൻ ചാൻസലർ എന്ന നിലയിൽ അവർ നടത്തുന്ന അവസാനത്തെ ഔദ്യോഗിക സന്ദർശനമായിരിക്കും ഇത്.
2005ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ മരണത്തിന് ഏതാനും മാസങ്ങൾക്കു ശേഷമാണ് ജർമ്മനിയുടെ ഭരണം ആഞ്ചല മെർക്കൽ ഏറ്റെടുക്കുന്നത്. ഇതിന് ശേഷം ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ഭരണകാലയളവിൽ ഒരുതവണയാണ് അവർ വത്തിക്കാൻ സന്ദർശിച്ചത്. ഫ്രാൻസിസ് മാർപാപ്പയുടെ സ്ഥാനാരോഹണ ബലിയിൽ മെർക്കലിന്റെ സാന്നിധ്യമുണ്ടായിരുന്നു. പിന്നീട് മൂന്നു തവണ അവർ വത്തിക്കാൻ സന്ദർശിച്ചു. "ഒരു നേതാവായിരിക്കാൻ എന്നെ സഹായിക്കുക" എന്ന് പറഞ്ഞ് വ്യക്തിപരമായി പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയിൽ മെർക്കൽ സഹായം അഭ്യർത്ഥിച്ചിരിന്നതായി റിപ്പോര്‍ട്ടുണ്ടായിരിന്നു.