News

ഇസ്രായേലില്‍ ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച അമ്മയെ സ്വന്തം മകന്‍ കൊലപ്പെടുത്തി

പ്രവാചകശബ്ദം 03-10-2021 - Sunday

ജെറുസലേം: വടക്കന്‍ ഇസ്രായേലില്‍ ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച നാല്‍പ്പത്തിയാറുകാരിയായ അമ്മയെ മതം മാറ്റത്തിന്റെ പേരില്‍ സ്വന്തം മകന്‍ കൊലപ്പെടുത്തി. ഇരുപത്തിയേഴുകാരനായ മുവാദ് ഹിബ് കയറുപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് സ്വന്തം അമ്മയായ റാഷാ മുക്ലാഷയെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റേ രേഖകളില്‍ പറയുന്നത്. കൊലയ്ക്കു ശേഷം ജോര്‍ദ്ദാന്‍ നദിയുടെ ഒരു ഭാഗത്ത് മകന്‍ തന്നെ കുഴിയെടുത്ത് അമ്മയുടെ മൃതദേഹം അടക്കം ചെയ്യുകയും, കരിയിലകൊണ്ടും പാറക്കല്ലുകള്‍ കൊണ്ടും അടക്കം ചെയ്ത സ്ഥലം മറച്ചിരിക്കുകയുമായിരുന്നു. മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതക്കുറ്റമാണ് ഹിബ്ബിന്റെ പേരില്‍ ചാര്‍ജ്ജ് ചെയ്തിരിക്കുന്നതെന്നു അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2006-ല്‍ ഭര്‍ത്താവില്‍ നിന്നും മക്കളില്‍ നിന്നും വേര്‍പിരിഞ്ഞ മുക്ലാഷ സാര്‍സിറില്‍ നിന്നും നോഫ് ഹാഗാലിലേക്ക് താമസം മാറ്റുകയും അവിടെവെച്ച് ക്രിസ്തു വിശ്വാസം സ്വീകരിക്കുകയുമായിരിന്നു. പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ഭര്‍ത്താവിന്റെ മരണത്തെത്തുടര്‍ന്നാണ് ഇവര്‍ മക്കളുമായി വീണ്ടും അടുക്കുന്നത്. ഓര്‍ത്തഡോക്സ് സഭയിലേക്കുള്ള ഇവരുടെ മതപരിവര്‍ത്തനത്തില്‍ കലിപൂണ്ട ഹിബ് അമ്മയെ കൊലപ്പെടുത്തിയതാകാമെന്നാണ് പ്രോസിക്യൂട്ടേഴ്സ് പറയുന്നത്. കുറ്റപത്രത്തില്‍ പറയുന്നതനുസരിച്ച്, മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം അമ്മയെ നസറേത്തിനു സമീപത്തു നിന്നും കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തന്റെ വാഹനത്തില്‍ കയറ്റിയ ഹിബ് അവരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മറവ് ചെയ്യുന്നതിനുള്ള സ്ഥലം അന്വേഷിച്ച് നടക്കുകയും, അവസാനം ജോര്‍ദാന്‍ നദിയുടെ ഒരു ഭാഗത്ത് അമ്മയുടെ മൃതദേഹം മറവ് ചെയ്യുകയുമായിരിന്നു.

ഹിബ്ബിന്റെ ഇരുപതിമൂന്നും ഇരുപതും വയസ്സുള്ള രണ്ടു സഹോദരന്‍മാരും അറസ്റ്റിലായിട്ടുണ്ട്. കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനെതിരെയുള്ള തെളിവുകള്‍ ലഭിച്ചു കഴിഞ്ഞാല്‍ മറ്റുള്ളവരെ വിട്ടയക്കുമെന്നാണ് പോലീസ് പറയുന്നത്. ഹെലികോപ്റ്ററുകളും, ക്രെയിനുകളും ഉപയോഗിച്ച് നടത്തിയ ശക്തമായ തിരച്ചിലിനൊടുവിലാണ് മുക്ലാഷയുടെ മൃതദേഹം കണ്ടെത്തിയതെന്നു വടക്കന്‍ ജില്ലാ മേധാവി ഷിമോണ്‍ ലാവി പ്രസ്താവിച്ചു. ഇസ്രായേലിലെ അറബ് സമൂഹത്തിനിടയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് മതപരിവര്‍ത്തനത്തിന്റെ പേരില്‍ അമ്മയെ സ്വന്തം മകന്‍ തന്നെ കൊലപ്പെടുത്തിയ വിവരം പുറത്തുവന്നിരിക്കുന്നത്. 2021 തുടക്കം മുതല്‍ ഇതുവരെ തൊണ്ണൂറോളം കൊലപാതകങ്ങളാണ് ഇസ്രായേലിലെ അറബ് സമൂഹത്തില്‍ നടന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 700