India - 2025

ക്രൈസ്തവ വിശ്വാസത്തെ ഇകഴ്ത്തിക്കാണിക്കാന്‍ ബോധപൂര്‍വം ശ്രമം: ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്

പ്രവാചകശബ്ദം 12-10-2021 - Tuesday

കൊല്ലം: മയക്കുമരുന്ന് മാഫിയകള്‍ സംഘടിതമായി യുവജനങ്ങളെ ലക്ഷ്യംവച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇത് സമാധാനാന്തരീക്ഷം തകര്‍ക്കുമെന്നും, ക്രൈസ്തവ വിശ്വാസത്തെയും പാരമ്പര്യങ്ങളെയും സംസ്‌കാരത്തെയും ബോധപൂര്‍വം ഇകഴ്ത്തിക്കാണിക്കാന്‍ ചില സംഘങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നും, ഈ പ്രതിസന്ധികളെ ചെറുക്കാന്‍ കെസിവൈഎം പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്നു മാവേലിക്കര രൂപതാധ്യക്ഷന്‍ ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്. കേരള കാത്തലിക് യൂത്ത് മൂവ്‌മെന്റിന്റെ സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ 44ാം അര്‍ധവാര്‍ഷിക സെനറ്റ് കൊല്ലത്ത് ബിഷപ്പ് ജെറോം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകായിരിന്നു അദ്ദേഹം. രാജ്യത്തിന്റെ മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതോടൊപ്പം, കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, പരിസ്ഥിതി സംരക്ഷണം മുതലായവയും കെസിവൈഎം ഏറ്റെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

പി. സി. വിഷ്ണുനാഥ് എംഎല്എ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് എഡ്വര്‍ഡ് രാജു അധ്യക്ഷത വഹിച്ചു. അറ് മാസത്തെ സംസ്ഥാന സമിതിയുടെ റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി ഷിജോ ഇടയാടില്‍ അവതരിപ്പിച്ചു. ന്യൂനപക്ഷ സമൂഹം എന്ന നിലയില്‍ ക്രൈസ്തവര്‍ക്കു ലഭിക്കേണ്ട പല ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്നു യോഗം വിലയിരുത്തി. തീരദേശ മേഖലകളിലും മലയോര മേഖലകളിലും െ്രെകസ്തവസമൂഹം നേരിടുന്ന പ്രതിസന്ധികള്‍ യോഗം ചര്‍ച്ച ചെയ്തു. സംവരണ ഇതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണം അര്‍ഹതപ്പെട്ടവര്‍ക്ക് ലഭ്യമാക്കുന്നതില്‍ വന്നിട്ടുള്ള വീഴ്ചകള്‍ പരിഹരിക്കാന്‍ വേണ്ട നടപടികള്‍ ഗവണ്‍മെന്റ് സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

സമാപന സമ്മേളനം എന്‍. കെ. പ്രേമചന്ദ്രന്‍ എംപി ഉദ്ഘാടനം ചെയ്തു. കൊല്ലം രൂപതാധ്യക്ഷന്‍ ബിഷപ് ഡോ. പോള്‍ മുല്ലശേരി അനുഗ്രഹ പ്രഭാഷണം നടത്തി. സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം മുഖ്യപ്രഭാഷണം നടത്തി. കെസിവൈഎം സംസ്ഥാന സമിതിയുടെ പുതിയ ട്രഷററായി തൃശൂര്‍ അതിരൂപതാംഗം സാജന്‍ ജോസ് തെരഞ്ഞെടുക്കപ്പെട്ടു. ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ ചാലക്കര, റോഷ്‌ന മറിയം ഈപ്പന്‍, അഗസ്റ്റിന്‍ ജോണ്‍, അജോയ് പി തോമസ്, റോസ് മേരി തേറുകാട്ടില്‍, ഫിലോമിന സിമി, ഡെനിയ സിസി ജയന്‍, അസി. ഡയറക്ടര്‍ സിസ്റ്റര്‍ റോസ് മെറിന്‍ എസ്ഡി, കൊല്ലം രൂപത പ്രസിഡന്റ് കിരണ്‍ കൊല്ലം രൂപത ഡയറക്ടര്‍ ഫാ. ബിന്നി മാനുവല്‍, മിജാര്‍ക്ക് പ്രതിനിധി ഡെല്ലിന്‍ ഡേവിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കേരളത്തിലെ 32 രൂപതകളില്‍ നിന്നുള്ള രൂപത നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

More Archives >>

Page 1 of 419