News - 2024

"എനിക്കും അവിടെ ഉടനെ ചേരാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു": സുഹൃത്തിന്റെ മരണത്തില്‍ ബെനഡിക്ട് പാപ്പയുടെ സന്ദേശം

പ്രവാചകശബ്ദം 20-10-2021 - Wednesday

റോം: എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ തന്റെ സുഹൃത്തിന്റെ വേര്‍പാടില്‍ എഴുതിയ അനുശോചന സന്ദേശം ചര്‍ച്ചയാകുന്നു. ഫാ. ജെറാർഡ് വിംഗ്ളർ എന്ന വൈദിക സുഹൃത്തിന്റെ മരണത്തിന് പിന്നാലെ പാപ്പ രേഖപ്പെടുത്തിയ സന്ദേശം ഓസ്ട്രിയയിലെ വിൽഹേറിങ് അബി പ്രസിദ്ധീകരിച്ചതോടെയാണ് അതിലെ വാക്കുകള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. ഇപ്പോൾ അദ്ദേഹം മറ്റൊരു ലോകത്താണെന്നും നിരവധി സുഹൃത്തുക്കൾ ജെറാർഡിന്റെ വരവ് കാത്തിരിക്കുകയാണെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അവരോടൊപ്പം തനിക്കും ഉടനെ ചേരാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പാപ്പ സന്ദേശത്തില്‍ കുറിച്ചു.

മരണമടഞ്ഞ സിസ്റ്റേറിയൻ സഭാംഗമായിരുന്ന ഫാ. ജെറാർഡ്, ബെനഡിക്റ്റ് പാപ്പയുടെ അടുത്ത സുഹൃത്തായിരുന്നു. ജർമനിയിലെ പ്രശസ്തമായ റീജൻസ്ബർഗ് യൂണിവേഴ്സിറ്റിയിൽ ഒരേ കാലയളവിൽ ഇരുവരും സേവനം ചെയ്തിട്ടുണ്ട്. മറ്റുള്ള സഹപാഠികളെക്കാളും സുഹൃത്തുക്കളെക്കാളും ഏറ്റവും അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു ഫാ. ജെറാർഡ് വിംഗ്ളറെന്നും അദ്ദേഹത്തിൻറെ ചുറുചുറുക്കും, വിശ്വാസവും തന്നെ ഏറെ ആകർഷിച്ചിരുന്നുവെന്നും ബെനഡിക്ട് പാപ്പ സ്മരിച്ചു.

ഇക്കഴിഞ്ഞ ഏപ്രില്‍ 16നു ബെനഡിക്ട് പതിനാറാമൻ മാർപാപ്പയ്ക്കു 94 വയസ് തികഞ്ഞിരിന്നു. സ്ഥാനത്യാഗം ചെയ്ത നാള്‍മുതല്‍ ‘മാത്തര്‍ എക്ലേസിയെ’ ഭവനത്തിലാണ് ബെനഡിക്ട് പതിനാറാമന്‍ പ്രാര്‍ത്ഥനാജീവിതം തുടരുന്നത്. അപ്പസ്തോലിക ലേഖനങ്ങളിലൂടെയും രേഖകളിലൂടെയും തിരുസഭക്ക് പുത്തൻ വിശ്വാസ അനുഭവം സമ്മാനിച്ച പാപ്പ 2013 ഫെബ്രുവരി 28-നാണ് മാര്‍പാപ്പ പദവിയില്‍ നിന്നു സ്ഥാനത്യാഗം ചെയ്തത്. പാപ്പയുടെ ആരോഗ്യനില സംബന്ധിച്ച വിവിധ ഊഹാപോഹങ്ങള്‍ നേരത്തെ പുറത്തുവന്നിരിന്നു. വാര്‍ദ്ധക്യ സഹജമായ വിവിധ ബുദ്ധിമുട്ടുകള്‍ പാപ്പയെ അസ്വസ്ഥതപ്പെടുത്തുന്നുണ്ടെന്നാണ് സൂചന.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 705