India - 2024

കാഞ്ഞിരപ്പള്ളി രൂപതയുടെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു: സന്ദര്‍ശനം നടത്തി മാര്‍ ജോസ് പുളിക്കല്‍

പ്രവാചകശബ്ദം 21-10-2021 - Thursday

കാഞ്ഞിരപ്പള്ളി: ദുരന്തബാധിത മേഖലകളില്‍ സഹായവും സാന്ത്വനവുമായി യുവജനങ്ങള്‍. റോഡുകള്‍ വൃത്തിയാക്കിയും ദുരിതാശ്വാസ ക്യാന്പുകളില്‍ ഭക്ഷണവും മരുന്നും വസ്ത്രവും എത്തിച്ചും കാഞ്ഞിരപ്പള്ളി രൂപത എസ്എംവൈഎം പ്രവര്‍ത്തകര്‍ . രൂപതയുടെ വിവിധ ഇടവകകളില്‍നിന്നുള്ള യുവജനങ്ങളാണ് ടീമായി തിരിഞ്ഞ് ദുരന്തബാധിത മേഖലകള്‍ കേന്ദ്രീകരിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു വരികയാണ്. ചെളി അടിഞ്ഞു കൂടിയ വീടുകള്‍ വൃത്തിയാക്കി നല്‍കിയും പാലങ്ങളിലും റോഡുകളിലും അടിഞ്ഞുകൂടിയ വലിയ കമ്പുകളും കല്ലുകളും മാറ്റിയും യുവജനങ്ങള്‍ നാടിനായി ഒന്നു ചേര്‍ന്നു. നൂറില്‍പ്പരം യുവജനങ്ങളുടെ നേതൃത്വത്തില്‍ അഞ്ചിലിപ്പ, ചെറുവള്ളി പ്രദേശങ്ങളിലെ വീടുകളിലും മഠങ്ങളിലും ആതുരാലയങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.

മഴക്കെടുതിയില്‍ ഏറ്റവുമധികം ദുരിതം അനുഭവിക്കുന്ന ഏന്തയാര്‍, മുക്കുളം, വടക്കേമല, കൂട്ടിക്കല്‍ പ്രദേശങ്ങളിലേക്ക് മൂന്നൂറില്‍പ്പരം യുവജനങ്ങളെത്തി. ഈ പ്രദേശങ്ങളെ പുറംലോകവുമായി ബന്ധിപ്പിച്ചിരുന്ന പ്രധാന റോഡ് പൂര്‍ണമായും നശിക്കുകയും ഗതാഗതയോഗ്യമല്ലാതാകുകയും ചെയ്തതിനെ തുടര്‍ന്ന് തകര്‍ന്നു കിടന്ന റോഡ് പുനരുദ്ധരിക്കുകയും ഗതാഗതയോഗ്യമാക്കി തീര്‍ക്കുകയും ചെയ്തു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനായി കാഞ്ഞിരപ്പള്ളി രൂപത രൂപീകരിച്ച എസ്എംവൈഎം ടാസ്‌ക് ഫോഴ്‌സിന്റെ പ്രവര്‍ത്തനം നിരവധി പേര്‍ക്കാണ് ആശ്വാസമേകിയത്. യുവജനങ്ങള്‍ക്കൊപ്പം മാര്‍ ജോസ് പുളിക്കലും എസ്എംവൈഎം രൂപത ഡയറക്ടര്‍ ഫാ. വര്‍ഗീസ് കൊച്ചുപുരയ്ക്കലും വൈദികരും സന്യസ്തരും കൂടെയുണ്ട്.

മഴക്കെടുതിയില്‍ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്ന പ്രദേശങ്ങളായ മുക്കുളം, വടക്കേമല, കൂട്ടിക്കല്‍, ഏന്തയാര്‍, മേലോരം അഴങ്ങാട് ഭാഗങ്ങളുള്‍പ്പെടുന്ന പെരുവന്താനം മേഖല, മുണ്ടക്കയം, പാലൂര്‍ക്കാവ്, തെക്കേമല, എരുമേലി, കുറുവാമൂഴി, പഴയ കൊരട്ടി, കാഞ്ഞിരപ്പള്ളി ടൗണ്‍, അഞ്ചലിപ്പ, ചിറക്കടവ്, ചെറുവള്ളി എന്നിവിടങ്ങളില്‍ മാര്‍ ജോസ് പുളിക്കല്‍ സന്ദര്‍ശനം നടത്തിയിരിന്നു. വെള്ളം കയറി നശിച്ച ഭവനങ്ങളും വ്യാപാരസ്ഥാപനങ്ങളുമുള്‍പ്പെടെ മാര്‍ ജോസ് പുളിക്കല്‍ സന്ദര്‍ശിച്ചു. പ്രളയാനന്തരം പരിക്കേറ്റ് മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ കഴിയുന്നവരെ സന്ദര്‍ശിക്കുകയും ആവശ്യമുള്ളവര്‍ക്ക് സൗജന്യ ചികിത്സയുള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ക്ക് വേണ്ട നിര്‍ദേശം നല്കുകയും ചെയ്തിട്ടുണ്ട്.


Related Articles »