News - 2024
മിഷ്ണറിമാരെ മോചിപ്പിക്കുവാന്‍ 17 മില്യണ്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് കൊള്ളസംഘം
പ്രവാചകശബ്ദം 21-10-2021 - Thursday
പോർട്ട്-ഓ-പ്രിൻസ്: ഹെയ്തിയില്‍ തട്ടിക്കൊണ്ടു പോയ ക്രിസ്ത്യന്‍ മിഷ്ണറിമാരെ മോചിപ്പിക്കുവാന്‍ ആളൊന്നിന് ഒരു മില്യണ്‍ വീതം 17 മില്യണ്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് കൊള്ളസംഘം. ഹെയ്തി ഉദ്യോഗസ്ഥനാണ് കൊള്ളസംഘം മോചനദ്രവ്യം ആവശ്യപ്പെട്ട കാര്യം മാധ്യമങ്ങളെ അറിയിക്കുന്നത്. മിഷ്ണറിമാരെ മോചിപ്പിക്കുവാനുള്ള ശ്രമങ്ങളുടെ പേരില്‍ നടക്കുന്ന നീണ്ട ചർച്ചയുടെ ആരംഭമായാണ് ഇതിനെ നോക്കികാണുന്നതെന്ന് നീതിന്യായ മന്ത്രി ലിസ്റ്റ് ക്വിറ്റൽ പറഞ്ഞു. ചര്‍ച്ചകള്‍ക്ക് രണ്ടാഴ്ച വരെ സമയമേടുത്തേക്കാമെന്നും പണം നൽകാനുള്ള അവസാന തീയതി സംഘം നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയിലെ ഒഹായോ സംസ്ഥാനം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ക്രിസ്ത്യൻ എയിഡ് മിനിസ്ട്രീസ് സംഘടനയിലെ 17 അംഗങ്ങളെ ഒരു അനാഥാലയം സന്ദർശിക്കുന്നതിനിടെയാണ് തട്ടിക്കൊണ്ടുപോയത്.
ഒക്ടോബര്‍ 16നായിരിന്നു സംഭവം. 400 മാവോസൊ എന്ന സംഘമാണ് മിഷ്ണറിമാരെ തട്ടിക്കൊണ്ടുപോയെതെന്ന് സൂചനയുണ്ട്. സർക്കാർ അധികാരികൾക്കൊപ്പം, അവരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ തങ്ങള്‍ പരിശ്രമം തുടരുകയാണെന്നും മിഷ്ണറിമാര്‍,തുടർച്ചയായ അക്രമങ്ങളും സാമ്പത്തിക ഞെരുക്കങ്ങളും മറ്റ് ക്ലേശങ്ങളും സഹിച്ചുക്കൊണ്ടാണ് ഹെയ്തിയില്‍ ശുശ്രൂഷ ചെയ്യുന്നതെന്നും ക്രിസ്ത്യൻ എയിഡ് മിനിസ്ട്രീസ് പ്രസ്താവിച്ചു. തങ്ങളുടെ മിഷ്ണറിമാരുടെ മോചനത്തിനായി ഇന്ന്‍ വ്യാഴാഴ്ച ക്രിസ്ത്യൻ എയിഡ് മിനിസ്ട്രീസ് ഉപവാസ പ്രാർത്ഥന ദിനമായി ആചരിക്കുകയാണ്.