India - 2025

കൂട്ടിക്കലിന്റെ പുനര്‍നിര്‍മ്മാണം: മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നിര്‍ദേശപ്രകാരം വൈദികരുടെ സമ്മേളനം

പ്രവാചകശബ്ദം 22-10-2021 - Friday

കൂട്ടിക്കല്‍: മഴക്കെടുതിയില്‍ പൂര്‍ണ്ണമായും തകര്‍ന്ന കൂട്ടിക്കല്‍ ദേശത്തിലെ വിവിധ പ്രദേശങ്ങളുടെ പുനര്‍ നിര്‍മാണത്തെപ്പറ്റിയും ജനങ്ങളുടെ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനെപ്പറ്റിയും ചര്‍ച്ചചെയ്യാന്‍ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നിര്‍ദേശപ്രകാരം വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്തിന്റെ നേതൃത്വത്തില്‍ കൂട്ടിക്കല്‍ ഫൊറോന പള്ളിയില്‍ വിവിധ പള്ളികളിലെ വൈദികരുടെ സമ്മേളനം നടന്നു.

കൂട്ടിക്കല്‍ ഫൊറോന വികാരി ഫാ. ജോസഫ് മണ്ണനാലിന്റെ നേതൃത്വത്തില്‍ വൈദികര്‍ കൂട്ടിക്കല്‍ മേഖലയിലെ പ്രദേശങ്ങളിലെയും ജനങ്ങളുടെയും പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യുകയും അടിയന്തര പ്രാധാന്യത്തോടെ ചെയ്യേണ്ട കാര്യങ്ങള്‍ നിശ്ചയിക്കുകയും ചെയ്തു. കൂട്ടിക്കല്‍ മേഖലയുടെ പുനര്‍നിര്‍മാണത്തിനായി ബൃഹദ് പദ്ധതിയുടെ ആവശ്യകതയെപ്പറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്ത് ആവശ്യമായ നടപടിക്രമങ്ങള്‍ തീരുമാനിക്കുകയും ചെയ്തു.

ദുരന്തമേഖലയില്‍ അടിയന്തര സഹായമെത്തിക്കാനും ക്ലീനിംഗ് പ്രവര്‍ത്തനങ്ങള്‍ നടത്താനും മുന്നിട്ടിറങ്ങിയ എസ്എസ്എംവൈഎം, ജീസസ് യൂത്ത്, നല്ല അയല്‍ക്കാരന്‍ സംഘടനകളിലെ യുവാക്കളുടെ പ്രവര്‍ത്തനങ്ങളെ യോഗം വിലയിരുത്തി. ദുരന്തമേഖലയില്‍ പിഎസ്ഡബ്ല്യുഎസിന്റെ നേതൃത്വത്തില്‍ ഭക്ഷണം, വെള്ളം ഉള്‍പ്പെടെയുള്ള അടിയന്തര സഹായങ്ങള്‍ എത്തിക്കുകയും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ വൈദികരുടെ നേതൃത്വത്തില്‍ ഏകോപിപ്പിക്കുകയും ചെയ്യുന്നുണ്ട്.

യോഗത്തില്‍ കൂട്ടിക്കല്‍ ഫൊറോനയിലെ വൈദികര്‍, പിഎസ്ഡബ്ല്യുഎസ് ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍, ജീസസ് യൂത്ത് പാലാ സോണ്‍ ചാപ്ലിന്‍ ഫാ. കുര്യന്‍ മറ്റം, എസ്എംവൈഎം രൂപത ഡയറക്ടര്‍ ഫാ. സിറില്‍ തോമസ് തയ്യില്‍ എന്നിവര്‍ പങ്കെടുത്തു.

More Archives >>

Page 1 of 422