Life In Christ - 2024

134,44,03,000 വിശ്വാസികള്‍: ആഗോളതലത്തിൽ കത്തോലിക്കരുടെ എണ്ണത്തിൽ വർദ്ധനവ്

പ്രവാചകശബ്ദം 22-10-2021 - Friday

വത്തിക്കാന്‍ സിറ്റി: തൊണ്ണൂറ്റിയഞ്ചാമത് ലോക മിഷൻ ദിനത്തോട് അനുബന്ധിച്ച് ക്രൈസ്തവ മാധ്യമ മേഖലയിലെ നിറസാന്നിധ്യമായ ഏജൻസിയ ഫിഡസ് ആഗോള വിശ്വാസികളുടെ എണ്ണത്തെ പറ്റിയുള്ള റിപ്പോർട്ട് പുറത്തുവിട്ടു. 134,44,03,000 ആണ് കത്തോലിക്ക വിശ്വാസികളുടെ എണ്ണം. മുൻവർഷത്തെ അപേക്ഷിച്ച് ഒരു കോടി 50 ലക്ഷത്തിന് മുകളിൽ വിശ്വാസികളുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിൽ യൂറോപ്പ് ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും വിശ്വാസികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിട്ടുണ്ട്. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ 83 ലക്ഷത്തിന് മുകളിൽ ആളുകൾ പുതിയതായി തിരുസഭയിലെ അംഗങ്ങളായി. ഏഷ്യയിൽ 20 ലക്ഷത്തിനടുത്ത് ആളുകളുടെ വർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് റിപ്പോർട്ട് പറയുന്നു. 17.74 ആണ് കത്തോലിക്കാ വിശ്വാസികളുടെ ആഗോളതലത്തിലെ ശതമാനക്കണക്ക്.

ആകെ 414, 336 വൈദികരാണ് ഉള്ളത്. മുൻ വർഷത്തെ അപേക്ഷിച്ച് 271 വൈദികരുടെ വർധനവാണ് കണക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പെർമനന്റ് ഡീക്കൻമാരുടെ എണ്ണത്തിലും വർദ്ധനവുണ്ടായി. മേജർ സെമിനാരി വിദ്യാർഥികളുടെ എണ്ണം ആഫ്രിക്കയിൽ ഒഴികെ ബാക്കി എല്ലാ ഭൂഖണ്ഡങ്ങളിലും കുറഞ്ഞു. മുൻവർഷത്തെ അപേക്ഷിച്ച് കത്തോലിക്കാ സന്യാസികളുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. എന്നാൽ ഏഷ്യയിലും, ആഫ്രിക്കയിലും സന്യാസിനികളുടെ എണ്ണം വർദ്ധിച്ചു. ആഗോളതലത്തിൽ അല്മായ മിഷ്ണറിമാരുടെ എണ്ണം മുപ്പതിനായിരത്തിന് മുകളിലാണ് വർദ്ധിച്ചത്. ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും സഭ നടത്തുന്ന പ്രവർത്തനങ്ങളുടെ കണക്കും റിപ്പോർട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. 2019 ഡിസംബർ 31 വരെയുള്ള കണക്കുകളാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.


Related Articles »