News - 2024

സ്ത്രീകളുടെ പൗരോഹിത്യപട്ടം അസാധു, ശ്രമിക്കുന്നവര്‍ സഭയില്‍ നിന്നും പുറത്താക്കപ്പെടും: ന്യൂ മെക്സിക്കോയിലെ സാന്റാ ഫെ അതിരൂപത

പ്രവാചകശബ്ദം 22-10-2021 - Friday

ന്യൂ മെക്സിക്കോ: സ്ത്രീകളുടെ തിരുപ്പട്ട സ്വീകരണം അസാധുവായിരിക്കുമെന്നും അതിന് ശ്രമിക്കുന്നവര്‍ സഭയില്‍ നിന്നും പുറത്താക്കപ്പെടുമെന്നും അമേരിക്കന്‍ സംസ്ഥാനമായ ന്യൂ മെക്സിക്കോയിലെ സാന്റാ ഫെ അതിരൂപതാ വികാര്‍ ജനറല്‍ ഫാ. ഗ്ലെന്നോണ്‍ ജോണ്‍സ്. താന്‍ തിരുപ്പട്ടം സ്വീകരിച്ച് കത്തോലിക്ക വൈദികയായെന്ന്‍ അല്‍ബുക്യുവര്‍ക്കിലെ ഒരു സ്ത്രീ അവകാശപ്പെട്ടതിന്റെ തൊട്ടുപിന്നാലെയാണ് സ്ത്രീകള്‍ക്ക് തിരുപ്പട്ടം നല്‍കിയാല്‍ അത് അസാധുവായിരിക്കുമെന്നും അതിന് ശ്രമിക്കുന്നവര്‍ സഭയില്‍ നിന്നും യാന്ത്രികമായി പുറത്താക്കപ്പെടുമെന്നും അസന്നിഗ്ദമായി പ്രഖ്യാപിച്ചു കൊണ്ട് ഫാ. ഗ്ലെന്നോണ്‍ ജോണ്‍സ് തിങ്കളാഴ്ച വീണ്ടും രംഗത്തെത്തിയത്.

ഒക്ടോബര്‍ 16ന് അല്‍ബുക്യുവര്‍ക്കിലെ സെന്റ്‌ ജോണ്‍ ദേവാലയത്തില്‍വെച്ച് ആന്‍ ട്രോപ്പിയാനോ എന്ന നാല്‍പ്പത്തിയേഴ്കാരി പുരോഹിതയാകുവാന്‍ ശ്രമിക്കുകയും, തൊട്ടടുത്ത ദിവസം അല്‍ബുക്യുവര്‍ക്കിലെ സെന്റ്‌ പോള്‍ ലൂഥറന്‍ ദേവാലയത്തില്‍വെച്ച് ഇവാഞ്ചലിക്കല്‍ ലൂഥറന്‍ സഭാ വിശ്വാസികള്‍ക്ക് മുന്‍പാകെ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തെ അനുകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഫാ. ഗ്ലെന്നോണ്‍ സഭയുടെ കത്തോലിക്ക സഭയുടെ നിലപാട് വ്യക്തമാക്കിയത്.

യേശു പുരുഷന്‍മാരെ മാത്രമാണ് അപ്പസ്തോലന്മാരായി തിരഞ്ഞെടുത്തിരിക്കുന്നതെന്ന് വിശുദ്ധ പോള്‍ ആറാമന്‍ പറഞ്ഞിട്ടുള്ളത് ചൂണ്ടിക്കാട്ടിക്കൊണ്ട്, യേശു കാണിച്ചുതന്ന മാതൃകയോട് വിശ്വസ്തത പുലര്‍ത്തിക്കൊണ്ട് സ്ത്രീകള്‍ക്ക് പൗരോഹിത്യ പട്ടം നല്‍കുവാനോ, സ്ത്രീകളെ പുരോഹിതരായി നിയമിക്കുവാനുള്ള ശ്രമങ്ങളെ സാധുവായി അംഗീകരിക്കുവാന്‍ കത്തോലിക്കാ സഭക്ക് കഴിയില്ലെന്ന്‍ പറഞ്ഞു. അപ്രകാരം ചെയ്‌താല്‍ യാന്ത്രികമായി തന്നെ സഭയില്‍ നിന്നും പുറത്താക്കപ്പെടുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.

സ്ത്രീകള്‍ക്ക് തിരുപ്പട്ടം നല്‍കുവാന്‍ ശ്രമിക്കുന്നവരും, തിരുപ്പട്ടം സ്വീകരിക്കുവാന്‍ മുതിരുന്ന സ്ത്രീകളും സഭയില്‍ നിന്നും യാന്ത്രികമായി പുറത്താക്കപ്പെടുമെന്ന വത്തിക്കാന്‍ വിശ്വാസ തിരുസംഘത്തിന്‍റെ 2007-ലെ പ്രമാണ രേഖയിലും പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. .ജ്ഞാനസ്നാനം സ്വീകരിച്ച പുരുഷന്‍മാര്‍ക്ക് മാത്രമേ തിരുപ്പട്ട സ്വീകരണം നടത്തുവാന്‍ കഴിയുകയുള്ളൂ എന്നാണ് നിലവിലെ കാനോന്‍ നിയമത്തില്‍ (സി. 1024) പറയുന്നത്. വിശ്വാസ തിരുസംഘത്തിന്‍റെ 1976-ലെ പ്രഖ്യാപനത്തിലും സ്ത്രീകളെ പൗരോഹിത്യത്തിലേക്ക് പരിഗണിക്കുന്നില്ലെന്ന് വ്യക്തമായി പറയുന്നുണ്ട്.

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ 1994-ലെ അപ്പസ്തോലിക ലേഖനത്തിലും (ഓര്‍ഡിനാറ്റിയോ സേക്കര്‍ഡോറ്റാലിസ്) പുരുഷന്‍മാര്‍ക്ക് മാത്രമേ പുരോഹിതരാകുവാന്‍ കഴിയുകയുള്ളൂ എന്നാണ് പറയുന്നത്. പൗരോഹിത്യ നിയമനം പുരുഷന്‍മാരില്‍ മാത്രം നിക്ഷിപ്തമാണെന്ന കാര്യം പാലിക്കപ്പെടേണ്ടതാണെന്ന് 1998-ല്‍ അന്നത്തെ വിശ്വാസതിരുസംഘത്തിന്റെ തലവനായിരുന്ന കര്‍ദ്ദിനാള്‍ ജോസഫ് റാറ്റ്സിംഗര്‍ (മുന്‍ പാപ്പ ബെനഡിക്ട് പതിനാറാമന്‍) പരാമര്‍ശിച്ചിട്ടുള്ളതിനെ ഫ്രാന്‍സിസ് പാപ്പയും അടുത്തകാലത്ത് പിന്തുണച്ചിരിന്നു.

More Archives >>

Page 1 of 706