News

പ്രതിസന്ധികള്‍ക്ക് ഇടയിലും അഭയാര്‍ത്ഥികള്‍ക്ക് അഭയമൊരുക്കി മധ്യപൂര്‍വ്വേഷ്യയിലെ ക്രിസ്ത്യന്‍ സഭകള്‍

പ്രവാചകശബ്ദം 22-10-2021 - Friday

ബെയ്റൂട്ട്: സ്വന്തം രാജ്യങ്ങളില്‍ നേരിടുന്ന പ്രതിസന്ധികള്‍ക്കിടയിലും ജോര്‍ദ്ദാനിലേയും ലെബനോനിലേയും ക്രിസ്ത്യന്‍ സഭകള്‍ അഭയാര്‍ത്ഥികളുടെ ആശ്രയകേന്ദ്രങ്ങളായി മാറുന്നു. അഭയാര്‍ത്ഥികളെ സ്വീകരിക്കുന്ന കാര്യത്തില്‍ വിവിധ ക്രൈസ്തവ സഭകള്‍ സജീവമായി രംഗത്തുണ്ട്. ഭക്ഷണവും വാസസ്ഥലവും ക്രമീകരിച്ചുക്കൊണ്ട് അനേകര്‍ക്കാണ് ക്രിസ്തീയ സമൂഹം വലിയ സഹായമായി മാറുന്നത്. തങ്ങളുടെ ദേവാലയങ്ങള്‍ എല്ലാ വിഭാഗത്തിലുള്ള അഭയാർത്ഥികളേയും സ്വാഗതം ചെയ്യുന്നതിനായി വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്ന്‍ ജോര്‍ദ്ദാന്‍ ഇവാഞ്ചലിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡേവിഡ് റിഹാനി പ്രസ്താവിച്ചു.

അവര്‍ക്ക് വേണ്ട സൗകര്യങ്ങളും ഭക്ഷണം, വസ്ത്രം, പാർപ്പിടം തുടങ്ങിയവ നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാവപ്പെട്ട അഭയാർത്ഥി കുടുംബങ്ങൾക്കും, ഇറാഖിൽ നിന്നും സിറിയയിൽ നിന്നും വരുന്ന കുട്ടികളുള്ള വിധവകള്‍ക്കും ജോര്‍ദ്ദാനിലെ ഇവാഞ്ചലിക്കൽ ക്രിസ്ത്യാനികൾ തങ്ങളുടെ വീടുകളില്‍ അഭയം നല്‍കിവരികയാണ്. പലായനം ചെയ്യുന്ന മതന്യൂനപക്ഷങ്ങൾ, പ്രത്യേകിച്ച് ക്രൈസ്തവര്‍ അതിർത്തികളുടെ ഇരുവശങ്ങളിലും മനുഷ്യക്കടത്തിനും ദുരുപയോഗത്തിനും വിധേയരാകുമെന്ന ഭയത്തോടെയാണ് ജീവിക്കുന്നതെന്നും അവരുടെ സുരക്ഷയ്ക്കായി തങ്ങള്‍ പ്രാർത്ഥിക്കുന്നുവെന്നും റിഹാനി പറഞ്ഞു.

താലിബാന്‍ തീവ്രവാദികളുടെ നിയന്ത്രണത്തിലായ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ക്രിസ്ത്യന്‍ അഭയാര്‍ത്ഥികള്‍ തങ്ങളുടെ രാഷ്ട്രത്തിന്റെ അതിര്‍ത്തിയില്‍ എത്തുമ്പോള്‍ തുടങ്ങി തങ്ങളുടെ സേവനങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നുണ്ട്. രാജ്യത്തു കുടുങ്ങിക്കിടക്കുന്ന നിരവധി കുടുംബങ്ങളുമായി തങ്ങള്‍ ബന്ധപ്പെട്ടു വരികയാണ്. എഴുപതോളം കുടുംബങ്ങളിലായി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 400 പേര്‍ അവിടെ കുടുങ്ങിക്കിടക്കുന്ന വിവരം തങ്ങള്‍ക്കറിയാമെന്നും കൂട്ടിച്ചേര്‍ത്തു. ഏതാണ്ട് 7,50,000-ത്തിലധികം അഭയാര്‍ത്ഥികള്‍ ജോര്‍ദ്ദാനില്‍ മാത്രം അഭയം തേടിയിട്ടുണ്ടെന്നാണ് യു.എന്‍ റെഫ്യൂജി ഏജന്‍സിയുടെ (യു.എന്‍.എച്ച്.സി.ആര്‍) കണക്കുകളില്‍ പറയുന്നത്.

അയല്‍രാജ്യമായ സിറിയയില്‍ നിന്നുള്ളവരാണ് ഭൂരിഭാഗമെങ്കിലും അഫ്ഗാനിസ്ഥാനില്‍ നിന്നുള്ളവരും ധാരാളമായി എത്തുന്നുണ്ട്. സ്വന്തം രാഷ്ട്രത്തെ കഷ്ടതകള്‍ടയിലും ലെബനോനിലെ നിരവധി ക്രിസ്ത്യാനികളാണ് അഭയാര്‍ത്ഥികള്‍ക്കിടയില്‍ ശാരീരികവും, ആത്മീയവുമായ സേവനങ്ങള്‍ ചെയ്തുവരുന്നുണ്ടെന്ന് ‘ഇവാഞ്ചലിക്കല്‍ ക്രിസ്റ്റ്യന്‍ ഓര്‍ഗനൈസേഷന്‍ ലെബനീസ് സൊസൈറ്റി ഫോര്‍ എജ്യൂക്കേഷന്‍ ആന്‍ഡ്‌ സോഷ്യല്‍ ഡെവലപ്മെന്റ്’ന്റെ ഓപ്പറേഷന്‍ തലവനായ വിസാം നസ്രള്ള അറിയിച്ചു.

ചരിത്രത്തിലുടനീളം സഭ വിശ്വാസത്തിന്റെ നിലനിൽപ്പും തുടര്‍ച്ചയും ഉറപ്പുവരുത്തുന്നതിലും, അര്‍ത്ഥപൂര്‍ണ്ണമായ മാര്‍ഗ്ഗങ്ങളിലൂടെ സന്തുലിതാവസ്ഥ കണ്ടെത്താൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 8,70,000 ൽ അധികം അഭയാർഥികളുള്ള ലെബനൻ, രാജ്യത്തിന്റെ ആഭ്യന്തര ബുദ്ധിമുട്ടുകൾക്കിടയിലും, ലോകത്ത് ഏറ്റവും കൂടുതൽ അഭയാര്‍ത്ഥികള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങളിലൊന്നാണ്. മധ്യപൂര്‍വ്വേഷ്യയെ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുള്ള ക്രിസ്ത്യാനികളുടെ എണ്ണം മേഖലയില്‍ ഗണ്യമായി കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും നസ്രള്ള ചൂണ്ടിക്കാട്ടി.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 706