News

ലിബിയയില്‍ നിന്നും 17 കോപ്റ്റിക് ക്രൈസ്തവരെ കാണാതായി: 2015 ആവര്‍ത്തിക്കുമോയെന്ന് ആശങ്ക

പ്രവാചകശബ്ദം 23-10-2021 - Saturday

വാഷിംഗ്‌ടണ്‍ ഡി.സി: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ലിബിയയില്‍ നിന്നും പതിനേഴ് ഈജിപ്ഷ്യന്‍ കോപ്റ്റിക് ക്രൈസ്തവരെ കാണാതായെന്ന് റിപ്പോര്‍ട്ട്. ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ നിരീക്ഷിക്കുന്ന ഇന്റര്‍നാഷ്ണല്‍ ക്രിസ്റ്റ്യന്‍ കണ്‍സേണ്‍ (ഐ.സി.സി) ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലിബിയന്‍ തലസ്ഥാന നഗരമായ ട്രിപ്പോളിയിലെ ഗര്‍ഗാഷ് ജില്ലയില്‍ താമസിച്ചിരുന്ന കോപ്റ്റിക് ക്രൈസ്തവരെയാണ് കാണാതായിരിക്കുന്നത്. അവര്‍ എവിടെയാണെന്നോ, ആര് കൊണ്ടുപോയെന്നോ, എന്തിന് കൊണ്ടുപോയതെന്നോ യാതൊരു അറിവുമില്ലെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. കാണാതായവര്‍ ലിബിയന്‍ അധികാരികളുടെ തടവിലായിരിക്കാമെന്നാണ് ചില കുടുംബാംഗങ്ങളും സുഹൃത്തുക്കളും വിശ്വസിക്കുന്നത്.

എന്നാല്‍ ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയതാകാമെന്ന ആശങ്കയും ശക്തമാണ്. 2015-ല്‍ ലിബിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളാല്‍ കഴുത്തറത്തു കൊല്ലപ്പെട്ട 21 കോപ്റ്റിക് ക്രൈസ്തവരുടെ വിധി ഇവരെയും കാത്തിരിക്കുമോയെന്ന ഭീതി അനേകരെ ദുഃഖത്തിലാഴ്ത്തുന്നുണ്ട്. ഇമാദ് നാസർ, അസെം അബോ ഗോബ്രിയൽ, ജോർജ് നാസർ റിയാദ്, മാരിസ് മലക് മത്യാസ്, വെയ്ൽ സമീർ ഷൗക്കി, ഹാനി സാക്കി ഷാക്കർ അള്ളാ, ഹൈതം നസീർ മലക്ക്, ഗർഗെസ് നാസി മലക്, തബേത് ഗാഡ് ഹന്ന, ബഖിത് മലക് മത്യാസ്, അഡ്ലി അസദ് അതായ, മിഖായേൽ നാസര്‍ മലക്ക്, റോമൻ മസൌദ് ഫഹീം, കരിം അബു അൽ-ഗെയ്ത്, ഇമാദ് നസ്രി കൽഡി, ഡാനിയൽ സാബർ ലാമെയ്, എസെക്കിയേൽ സാബർ ലാമെയ് എന്നിവരെയാണ് കാണാതായിരിക്കുന്നത്.

ഇവരെ കുറിച്ച് ഇതുവരെ സ്ഥിരീകരിക്കപ്പെട്ട യാതൊരു വിവരവും ലഭ്യമല്ലെന്നു കാണാതായവരില്‍ ഉള്‍പ്പെടുന്ന ഇമാദ് നാസറിന്റെ സുഹൃത്തായ അഭിഭാഷകന്‍ പറഞ്ഞു. മൂന്ന്‍ മാസങ്ങള്‍ക്ക് മുന്‍പാണ് തന്റെ സുഹൃത്ത് ഉള്‍പ്പെടെയുള്ള ക്രിസ്ത്യാനികള്‍ ലിബിയയില്‍ എത്തിയതെന്ന്‍ പറഞ്ഞ അദ്ദേഹം ഇവര്‍ താമസിച്ചിരുന്നതിനടുത്ത് ഇന്ത്യ,ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ താമസിക്കുന്നുണ്ടെന്നും ഇവരില്‍ 17 കോപ്റ്റിക് ക്രൈസ്തവരെ മാത്രം കാണാതായിരിക്കുന്നതില്‍ എന്തോ നിഗൂഡത ഉണ്ടെന്നും ചൂണ്ടിക്കാട്ടി. ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രാലയം ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

ഇസ്ലാമിക് സ്റ്റേറ്റ് ആവിര്‍ഭവിച്ച 2014-ന് മുന്‍പുവരെ ഈജിപ്ഷ്യന്‍ കോപ്റ്റിക് ക്രൈസ്തവരുടെ പൊതു അഭയകേന്ദ്രമായിരുന്നു ലിബിയ. ഈജിപ്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ക്രിസ്ത്യന്‍ സമൂഹം തൊഴിലിനായി ലിബിയയെ ആയിരുന്നു ആശ്രയിച്ചിരുന്നത്. 2015-ലെ കൂട്ടക്കൊലക്ക് ശേഷം തൊഴിലിനായി ലിബിയയിലേക്ക് പോകുന്ന ഈജിപ്ഷ്യന്‍ ക്രൈസ്തവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവു വന്നിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 706