News - 2024

പാക്കിസ്ഥാനും താലിബാനും തമ്മിൽ അവിശുദ്ധ ബന്ധം, ക്രൈസ്തവർ ജീവിക്കുന്നത് ഭീഷണിക്ക് നടുവിൽ: വൈദികന്റെ വെളിപ്പെടുത്തല്‍

പ്രവാചകശബ്ദം 24-10-2021 - Sunday

ലാഹോര്‍: അടുത്തിടെ അഫ്ഗാനിസ്ഥാനിലെ ഭരണം പിടിച്ച തീവ്രവാദ സംഘടനയായ താലിബാനോട്, പാക്കിസ്ഥാനിലെ സർക്കാരിന് അടുത്തബന്ധം ഉണ്ടെന്ന് കത്തോലിക്ക വൈദികനായ കമീലിയൻ സഭയിലെ അംഗമായ ഫാ. മുഷ്താഖ് അൻജും. ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡിനോടാണ് ഇക്കാര്യവും പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ നേരിടുന്ന വെല്ലുവിളികളും അദ്ദേഹം പങ്കുവെച്ചത്. പാക്കിസ്ഥാൻ, താലിബാനെ പിന്തുണയ്ക്കുന്നതിനാൽ ക്രൈസ്തവർ നേരിടുന്ന ഭീഷണി വർദ്ധിച്ചുവെന്ന് ഫാ. മുഷ്താഖ് പറഞ്ഞു. അഫ്ഗാനിസ്ഥാനും, പാക്കിസ്ഥാനും അമേരിക്കയെ ശത്രുവായാണ് കാണുന്നത്. വലിയൊരു ശതമാനം ക്രൈസ്തവർ ജീവിക്കുന്ന പാശ്ചാത്യ രാജ്യങ്ങൾക്കെതിരെ ഇവർക്ക് വൈരാഗ്യമുണ്ടെന്നും അദ്ദേഹം പറയുന്നു.

ന്യൂനപക്ഷങ്ങളിലെ ആളുകളെ പ്രത്യേകിച്ച്, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നിർബന്ധിച്ച് മതംമാറ്റുന്നതിനെതിരെ രൂപം നൽകിയ ഒരു ബില്ല് കഴിഞ്ഞമാസം പാക്കിസ്ഥാനിലെ മത മന്ത്രാലയം തള്ളിക്കളഞ്ഞിരുന്നു. ബില്ല് ശരിയത്ത് നിയമത്തിന് വിരുദ്ധമാണ് എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മന്ത്രാലയം തള്ളിക്കളഞ്ഞത്. ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നതിനെതിരെയും, പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ മതനിന്ദാ നിയമം വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്നതിനെതിരെയും നിരവധി തവണ പരാതികൾ അധികാരികളെ ബോധിപ്പിച്ചിട്ടുണ്ടെന്നും ഫാ. മുഷ്താഖ് അൻജും പറഞ്ഞു.

മറ്റ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി പാക്കിസ്ഥാനിൽ മത നിയമങ്ങൾക്ക് സിവിൽ നിയമങ്ങളെക്കാൾ പ്രസക്തി ലഭിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു. പെഷവാറിലെ ഓൾ സെയിന്റ് ചർച്ചിൽ ഇരട്ട ചാവേർ ആക്രമണം നടന്നതിന്റെ എട്ടാമത് വാർഷികമായിരുന്നു സെപ്റ്റംബർ ഇരുപത്തിരണ്ടാം തീയതി കഴിഞ്ഞു പോയതെന്ന് അദ്ദേഹം സ്മരിച്ചു. ചാവേർ ആക്രമണങ്ങളിൽ 85 ആളുകളാണ് അന്ന് കൊല്ലപ്പെട്ടത്. താലിബാൻ തീവ്രവാദികൾ പാക്കിസ്ഥാനിൽ ഭീകരവാദം വ്യാപിക്കുന്നതിനു മുമ്പ് ന്യൂനപക്ഷ ആരാധനാലയങ്ങൾക്ക് സുരക്ഷ ശക്തമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും ഫാ. മുഷ്താഖ് അൻജും കൂട്ടിച്ചേർത്തു.

More Archives >>

Page 1 of 707