News - 2024
മോദിയും പാപ്പയും തമ്മില്ലുള്ള കൂടിക്കാഴ്ച അനിശ്ചിതത്വത്തില്‍: സ്ഥിരീകരിക്കാതെ വിദേശകാര്യ മന്ത്രാലയം
പ്രവാചകശബ്ദം 25-10-2021 - Monday
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച റോമിലെത്തുന്‌പോള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തുമോയെന്ന കാര്യം സ്ഥിരീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാതെ വിദേശകാര്യമന്ത്രാലയം. റോമില്‍ ജി 20 ഉച്ചകോടി, യുകെയിലെ ഗ്ലാസ്‌ഗോയില്‍ കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള യുഎന്‍ കോപ് 26 ഉച്ചകോടി എന്നിവയ്ക്കായി വെള്ളിയാഴ്ച മുതല്‍ നവംബര്‍ രണ്ടു വരെയാണ് പ്രധാനമന്ത്രിയുടെ വിദേശയാത്ര. റോം, യുകെ സന്ദര്‍ശനത്തിനിടെ ഇറ്റാലിയന്‍ പ്രധാനമന്ത്രി മാരിയോ ദാഗ്രി ഉള്‍പ്പെടെയുള്ള രാഷ്ട്രത്തലവന്മാരുമായി ചര്‍ച്ച നടത്തുമെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ടെങ്കിലും മാര്‍പാപ്പയെ മോദി സന്ദര്‍ശിക്കുമോയെന്നു പത്രക്കുറിപ്പില്‍ വ്യക്തമാക്കിയില്ല.
ശനിയാഴ്ച തുടങ്ങുന്ന ജി 20 സമ്മേളനത്തിനായി വെള്ളിയാഴ്ച മോദി റോമിലെത്തി മാര്‍പാപ്പയെ സന്ദര്‍ശിക്കുമെന്നാണ് നേരത്തെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യ സന്ദര്‍ശിക്കാന്‍ ഫ്രാന്‍സിസ് പാപ്പ പരസ്യമായി ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ്, ഇന്ത്യയിലേക്കുള്ള വരവിനോട് ബിജെപി സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല. നിരവധി തവണ ഇക്കാര്യം ദേശീയ മെത്രാന്‍ സംഘം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരിന്നു. മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ച ചടങ്ങില്‍ പങ്കെടുക്കാനായി 2016 സെപ്റ്റംബര്‍ നാലിന് വത്തിക്കാനിലെത്തിയപ്പോള്‍ അന്നത്തെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചിരുന്നു.