India - 2025

മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചത് ഇന്ത്യയുടെ യശസ്സ് ഉയർത്തും: കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി

പ്രവാചകശബ്ദം 30-10-2021 - Saturday

കൊച്ചി: വത്തിക്കാനിൽവച്ച് പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുമായുള്ള കൂടിക്കാഴ്ച വേളയിൽ പാപ്പായെ ഇന്ത്യ സന്ദർശിക്കുവാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷണിച്ചതു അഭിനന്ദനാർഹമാണെന്ന് കെ‌സി‌ബി‌സി പ്രസിഡന്റും സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. ലോകം ഉറ്റുനോക്കുന്ന ധാർമികതയുടെയും മാനവികതയുടെയും ശബ്ദമായ ഫ്രാൻസിസ് പാപ്പായ്ക്ക് സ്വാഗതമോതുവാനുള്ള തീരുമാനം ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തും. വത്തിക്കാനും ഭാരതവും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനും ഭാരതത്തിലെ ഇതരമതങ്ങളും ക്രൈസ്തവസഭകളും തമ്മിലുള്ള ബന്ധങ്ങൾ പരിപോഷിപ്പിക്കുന്നതിനും മാർപാപ്പയുടെ സന്ദർശനം ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഭാരതീയർക്കെല്ലാം വിശിഷ്യാ ക്രൈസ്തവർക്ക്, ഏറെ ആഹ്ലാദംപകരുകയാണ് പ്രധാനമന്ത്രിയുടെ ഈ ക്ഷണം. മാർപാപ്പ യഥാസമയം ഭാരതം സന്ദർശിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ബഹുസ്വ രസമൂഹമായ ഭാരതത്തിൽ സാഹോദര്യവും സഹവർത്തിത്വവും പരിപോഷിപ്പിക്കാൻ മാർപാപ്പായുടെ സന്ദർശനം വഴിയൊരുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ ഹൃദയപൂർവ്വകമായ അഭിനന്ദനങ്ങൾ അറിയിക്കുന്നതായും പ്രസിഡന്റ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രസ്താവിച്ചു.


Related Articles »