News - 2024

വിശുദ്ധ നാട്ടിലെ ആരാധനാലയങ്ങളുടെ സംരക്ഷണത്തിനായി ക്രിസ്ത്യന്‍ - മുസ്ലീം നേതൃത്വത്തിന്റെ സംയുക്ത അഭ്യര്‍ത്ഥന

പ്രവാചകശബ്ദം 05-11-2021 - Friday

അമ്മാന്‍: ആരാധനാലയങ്ങള്‍ക്കെതിരെയുള്ള രക്തരൂക്ഷിത ആക്രമണങ്ങളും, മതപരമായ പ്രശ്നങ്ങളുടെ പേരിലുള്ള അതിക്രമങ്ങളും വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ആരാധനാലയങ്ങളും പുണ്യ സ്ഥലങ്ങളും സംരക്ഷിക്കണമെന്ന ആവശ്യവുമായി ക്രിസ്ത്യന്‍-മുസ്ലീം പ്രമുഖരുടെ സംയുക്ത അഭ്യര്‍ത്ഥന. ജോര്‍ദ്ദാന്‍ രാജകുമാരനും, അറബ് തോട്ട് ഫോറമിന്റെ ചെയര്‍മാനും, റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സ്റ്റഡീസിന്റെ ബോര്‍ഡുമായ ഹസന്‍ ബിന്‍ തലാല്‍ രാജകുമാരന്റെ നേതൃത്വത്തില്‍ ക്രൈസ്തവരും, മുസ്ലീങ്ങളും ഉള്‍പ്പെടെ നാല്‍പ്പതിലധികം പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ‘ഇന്റര്‍ റിലീജിയസ്, ഇന്റര്‍ കള്‍ച്ചറല്‍ ഗ്ലോബല്‍ ശൃംഖലയാണ് ആരാധനാലയങ്ങളും പുണ്യ സ്ഥലങ്ങളും സംരക്ഷിക്കണമെന്ന സംയുക്ത അഭ്യര്‍ത്ഥന പുറത്തുവിട്ടിരിക്കുന്നത്.

മധ്യപൂര്‍വ്വേഷ്യയില്‍ നിന്നുള്ള മുതിര്‍ന്ന പ്രതിനിധികളും, അക്കാദമിക വിദഗ്ദരും, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ദൈവശാസ്ത്ര സാംസ്കാരിക സ്ഥാപനങ്ങളുടെ പ്രതിനിധികളും അഭ്യര്‍ത്ഥനയില്‍ ഒപ്പിട്ടിട്ടുണ്ട്. 2019 ഫെബ്രുവരി 4ന് ഫ്രാന്‍സിസ് പാപ്പയും, അല്‍ അസ്ഹര്‍ മോസ്ക് ഗ്രാന്റ് ഇമാമായ സുന്നി ഷെയിഖ് അഹ്മദ് അല്‍ തയ്യേബും അബുദാബിയില്‍വെച്ച് ഒപ്പിട്ട “ലോക സമാധാനത്തിനും പൊതു സഹവര്‍ത്തിത്വത്തിനും വേണ്ടി മനുഷ്യ സാഹോദര്യം” എന്ന രേഖയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പുതിയ അഭ്യര്‍ത്ഥനയിലും പരാമര്‍ശിക്കുന്നുണ്ട്.

മാനുഷിക യുക്തിയേയും, പൊതു മൂല്യങ്ങളേയും പങ്കുവെക്കുന്നവര്‍ തമ്മിലുള്ള ചര്‍ച്ചകള്‍ വേണമെന്ന് അഭ്യര്‍ത്ഥനയില്‍ എടുത്തു പറയുന്നു. ആരാധനാലയങ്ങള്‍ക്കെതിരെയുള്ള ആസൂത്രിത ആക്രമണങ്ങള്‍ സാംസ്കാരിക കേന്ദ്രങ്ങള്‍, ലൈബ്രറികള്‍ തുടങ്ങിയവക്കെതിരെയുള്ള ആക്രമണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പുരാവസ്തു കേന്ദ്രങ്ങള്‍, മ്യൂസിയം, ഗ്രന്ഥാലയം, കയ്യെഴുത്ത് പ്രതികള്‍ തുടങ്ങിയ അമൂല്യ പൈതൃകങ്ങളും ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ആക്രമണങ്ങള്‍ക്കിരയാവുന്നുണ്ടെന്നും ഇതില്‍ ചൂണ്ടിക്കാട്ടുന്നു. ഒയാസിസ്‌ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ. മാര്‍ട്ടിന്‍ ഡിയസ്, സെബാസ്റ്റ്യായിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് മെത്രാപ്പോലീത്ത അതള്ള ഹന്നാ, ജെറുസലേമിലെ മുന്‍ ലത്തീന്‍ പാത്രിയാര്‍ക്കല്‍ വികാറും മെത്രാനുമായ സലിം സയേഗ് എന്നിവരാണ് അഭ്യര്‍ത്ഥനയില്‍ ഒപ്പിട്ടിരിക്കുന്ന ക്രൈസ്തവ നേതൃത്വത്തിലെ പ്രമുഖര്‍.

More Archives >>

Page 1 of 711