India - 2025
മാര്‍പാപ്പയുടെ സന്ദേശങ്ങള്‍ ശ്രവണ വൈകല്യമുള്ളവര്‍ക്കു ലഭ്യമാക്കാന്‍ കെസിബിസി മീഡിയ കമ്മീഷന്‍
പ്രവാചകശബ്ദം 17-11-2021 - Wednesday
കൊച്ചി: ശ്രവണ വൈകല്യമുള്ളവര്‍ക്കും സഭയുടെ പ്രബോധനങ്ങള്‍, വിശ്വാസപരമായ പഠനങ്ങള്‍, മാര്‍പാപ്പയുടെ സന്ദേശങ്ങള്‍ എന്നിവ അറിയുന്നതിന് അവസരമൊരുക്കി കെസിബിസി മീഡിയ കമ്മീഷന്‍. വത്തിക്കാന്‍ പ്രബോധനങ്ങള്‍ ഉള്‍പ്പെടെ സഭയുടെ ഔദ്യോഗിക ആഹ്വാനങ്ങള്‍ ആംഗ്യഭാഷയില്‍ ലഭ്യമാക്കുന്ന സോള്‍ (സൈന്‍ ഓഫ് ലൗ) മാധ്യമപരിപാടിക്കു തുടക്കമായി. തലശേരി ആദം മിഷന്‍ ഡയറക്ടര്‍ ഫാ. പ്രിയേഷ്, കാലടി സെന്റ് ക്ലെയര്‍ എച്ച്എസ്എസിലെ അധ്യാപികയും എഫ്സിസി സന്യാസിനി സമൂഹാംഗവുമായ സിസ്റ്റര്‍ അഭയ എന്നിവരാണു പരിപാടിയുടെ ചുമതല വഹിക്കുന്നത്.
കെസിബിസി മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാമിന്റെ സ്വിച്ച് ഓണ്‍ കര്‍മം നടന്‍ ടിനി ടോം നിര്‍വഹിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജെ. പാലയ്ക്കാപ്പിള്ളി, ജോണ്‍പോള്‍, റവ. ഡോ. ഏബ്രഹാം ഇരിമ്പിനിക്കല്‍, ഫാ. അലക്സ് ഓണമ്പിള്ളി, ഫാ. മില്‍ട്ടണ്‍, ഫാ. പ്രിയേഷ്, സിസ്റ്റര്‍ അഭയ എന്നിവര്‍ പ്രസംഗിച്ചു.