Arts
ലോകത്തെ ഏറ്റവും ഉയരമുള്ള തിരുപ്പിറവി ദൃശ്യം കാഴ്ചക്കാര്‍ക്കായി തുറന്നു
പ്രവാചകശബ്ദം 01-12-2021 - Wednesday
അലിക്കാന്റ: ഉയരത്തിന്റെ കാര്യത്തില്‍ ലോകത്തെ ഏറ്റവും ഉയരമുള്ള തിരുപ്പിറവി ദൃശ്യമെന്ന നിലയില്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ചിട്ടുള്ള തിരുപ്പിറവി ദൃശ്യം സ്പെയിനിലെ തുറമുഖ നഗരമായ അലിക്കാന്റായില്‍ കാഴ്ചക്കാര്‍ക്കായി തുറന്നു. ജനുവരി 6 വരെ ഭീമന്‍ തിരുപിറവി ദൃശ്യം കാണുവാന്‍ സന്ദര്‍ശകര്‍ക്ക് അവസരമുണ്ടാകും. ഇക്കഴിഞ്ഞ നവംബര്‍ 26ന് അലിക്കാന്റാ മേയര്‍ ലൂയിസ് ബാര്‍ക്കാലയാണ് “സഗ്രാഡ ഫാമിലിയ” എന്നറിയപ്പെടുന്ന ഈ തിരുപ്പിറവി ദൃശ്യം കാഴ്ചക്കാര്‍ക്കായി തുറന്നു നല്‍കിയത്. സംഗീതവും, ലൈറ്റിംഗും അകമ്പടിയായുള്ള തിരുപ്പിറവി ദൃശ്യത്തിന്റെ ഉയരം 18 മീറ്ററാണ്. വിശുദ്ധ യൗസേപ്പിതാവിന്റെയും മാതാവിന്റെയും ഉണ്ണിയേശുവിന്റെയും കൂറ്റന്‍ രൂപങ്ങളാണ് റെക്കോര്‍ഡിനര്‍ഹമായ ഈ തിരുപ്പിറവി ദൃശ്യത്തില്‍ ഉള്ളത്.
അലിക്കാന്റാ നഗരത്തിന്റെ പുതിയ പ്രതീകമായി ഈ തിരുപ്പിറവി ദൃശ്യം മാറിയെന്നും ഇത് ഒരുപാട് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നുണ്ടെന്നും ഉദ്ഘാടന വേളയില്‍ മേയര്‍ ലൂയിസ് ബാര്‍ക്കാല പറഞ്ഞു. കോവിഡ് പകര്‍ച്ചവ്യാധി മൂലം മന്ദഗതിയിലായ വിനോദ സഞ്ചാരം മേഖലക്ക് ഇത് പുത്തന്‍ ഉണര്‍വ് നല്‍കുമെന്നും കൂട്ടിച്ചേര്‍ത്തു. വിശുദ്ധ യൗസേപ്പിതാവിന്റെ രൂപത്തിന് 18 മീറ്ററും, പരിശുദ്ധ കന്യകാ മറിയത്തിന്റെ രൂപത്തിന് 10.46 മീറ്ററും, ഉണ്ണിയേശുവിന്റെ രൂപത്തിന് 3.25 മീറ്ററുമാണ് ഉയരം. പ്രാദേശിക കലാകാരനായ ജോസ് മരിയ ഗാര്‍ഷ്യയാണ് ഒരു ടണ്‍ ഭാരമുള്ള തിരുപ്പിറവി ദൃശ്യത്തിന്റെ നിര്‍മ്മാതാവ്.
ഇരുമ്പ് പൈപ്പുകളും, സെല്‍ഫ് ലോക്കിംഗ് പിരിയന്‍ ആണികളും ഉപയോഗിച്ചായിരുന്നു നിര്‍മ്മാണം. കാലാവസ്ഥയേയും, മറ്റ് തരത്തിലുള്ള കേടുപാടുകളും അതിജീവിക്കുന്നതിന് പ്രത്യേകതരം കെമിക്കല്‍ ഫ്ലെയിമും രൂപങ്ങളില്‍ പൂശിയിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നടന്ന അലിക്കാന്റയുടെ ആധുനികവത്കരണത്തിന്റെ അടിസ്ഥാനമാക്കിയാണ് സഗ്രാഡ ഫാമിലിയയുടെ നിര്‍മ്മാണം. വിസെന്റേയുടേയും, ഡാനിയല്‍ ബാനുല്‍സിന്റെ ശില്‍പ്പങ്ങളും തിരുപ്പിറവി ദൃശ്യത്തിന്റെ നിര്‍മ്മാണത്തില്‍ പ്രചോദനമായിട്ടുണ്ട്. പ്ലാസാ ഡെല്‍ ആയുന്റാമിയന്റോ (ടൌണ്‍ ഹാള്‍) യിലാണ് ഈ തിരുപ്പിറവി ദൃശ്യം ഒരുക്കാറുള്ളതെങ്കിലും ഇക്കൊല്ലം റാംബ്ലാ ഡെ മെന്‍ഡെസ് നൂനെസ് ജംഗ്ഷനിലാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക