Life In Christ
ഭക്ഷണവും വെള്ളവും ഇല്ല, മര്‍ദ്ദനം: തീവ്രവാദികളില്‍ നിന്ന് മോചിതനായ നൈജീരിയന്‍ വൈദികന്റെ സാക്ഷ്യം ഹൃദയഭേദകം
പ്രവാചകശബ്ദം 30-11-2021 - Tuesday
കടൂണ: നൈജീരിയയിലെ കടൂണ സംസ്ഥാനത്തിലെ ഗാഡനാജിയിലെ സെന്റ് ജോണ്‍ പോള്‍ II ഇടവക വികാരിയായി സേവനം ചെയ്യവേ ഇസ്ലാമിക ഗോത്രവര്‍ഗ്ഗ തീവ്രവാദികളായ ഫുലാനികള്‍ തട്ടിക്കൊണ്ടുപോയി ഒരുമാസത്തിന് ശേഷം മോചിതനായ കത്തോലിക്കാ വൈദികന്‍ ഫാ. ബാകോ ഫ്രാന്‍സിസ് അവേസു തീവ്രവാദികളുടെ തടവില്‍ അനുഭവിച്ച നരകയാതനകളെകുറിച്ചുള്ള അനുഭവ സാക്ഷ്യം ഹൃദയഭേദകം. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്’ (എ.സി.എന്‍) മായുള്ള അഭിമുഖത്തിലാണ് മുപ്പത്തിയേഴുകാരനായ ഫാ. ബാകോ താന്‍ കടന്നുപോയ ദയനീയ അവസ്ഥ നിറഞ്ഞ അനുഭവങ്ങള്‍ വിവരിച്ചത്.
മെയ് 16-ന് രാത്രി 11 മണിക്കാണ് ഫുലാനികള്‍ ഫാ. ബാകോയെ തട്ടിക്കൊണ്ടുപോകുന്നത്. “പുറത്ത് വെടിയൊച്ചകള്‍ കേട്ടതിനാല്‍ ടെലിവിഷനും, മുറിയിലെ വെളിച്ചവും ഞാന്‍ ഓഫ് ചെയ്തു. ആളുകളുടെ നിഴലുകള്‍ കാണുകയും കാലടി ശബ്ദങ്ങള്‍ കേള്‍ക്കുകയും ചെയ്യുന്നുണ്ട്. എന്താണ് സംഭവിക്കുന്നതെന്നറിയാന്‍ ശ്രദ്ധയോടെ കര്‍ട്ടന്‍ മാറ്റി നോക്കിയപ്പോള്‍ 5 ഫുലാനി തീവ്രവാദികളേയാണ് കണ്ടത്”- ഫാ. ബാകോ വെളിപ്പെടുത്തി. മുറിയുടെ വാതില്‍ തകര്‍ത്ത് അകത്ത് പ്രവേശിച്ച തീവ്രവാദികള്‍ ഫാ. ബാകോവിനെ നിലത്ത് മറിച്ചിട്ട് കൈകള്‍ കെട്ടി ക്രൂരമായി മര്‍ദ്ദിച്ചു.
“കാ കി കാ ബുഡേ മാനാ കൊഫാ ഡാ ട്സോരി” (തങ്ങള്‍ വിളിച്ചപ്പോള്‍ വാതില്‍ തുറക്കാതിരുന്നതിനാണ് മര്‍ദ്ദിച്ചത്) എന്ന് പറഞ്ഞുകൊണ്ടായിരുന്നു മര്‍ദ്ദനം. അടിവസ്ത്രം മാത്രം ധരിപ്പിച്ച് തന്നെ ഇടവകാംഗങ്ങളായ 10 പേര്‍ക്കൊപ്പമാണ് തട്ടിക്കൊണ്ടുപോയത്. വെള്ളമോ ഭക്ഷണമോ ഇല്ലാതെ വെറും മാമ്പഴം മാത്രം നല്‍കി മൂന്ന്‍ ദിവസത്തോളം ഫുലാനികള്‍ കാട്ടിലൂടെ നടത്തിച്ചു. ചെരുപ്പുകള്‍ ധരിക്കാതിരുന്നതിനാല്‍ തങ്ങളുടെ പാദങ്ങള്‍ നീരുവെച്ച് വീര്‍ത്തു. അവസാന രണ്ടു ദിവസങ്ങളില്‍ മഴ പെയ്തെങ്കിലും നിര്‍ബന്ധപൂര്‍വ്വം തങ്ങളെ നടത്തിക്കുകയായിരുന്നെന്നും ഫാ. ബാകോ പറയുന്നു.
മൂന്നാം ദിവസമാണ് ഉള്‍ക്കാട്ടിലുള്ള ഫുലാനികളുടെ ക്യാമ്പില്‍ എത്തുന്നത്. അവിടെ ഒരു കുടിലില്‍ തടവുകാരെ പോലെ പാര്‍പ്പിച്ച ബന്ധികള്‍ക്ക് ഭക്ഷണം പരിമിതമായിരിന്നു. ബന്ധികളില്‍ ഉള്‍പ്പെട്ടിരുന്ന ഒരു സ്ത്രീയെ കൊണ്ടായിരുന്നു പാചകം ചെയ്യിപ്പിച്ചിരുന്നത്. ഒരു മാസവും 5 ദിവസങ്ങളും വൈദികനും സംഘവും തടവില്‍ കഴിഞ്ഞു. ആ കാലമത്രയും കുളിക്കുവാന്‍ പോലും തങ്ങള്‍ക്ക് അനുവാദമില്ലായിരുന്നെന്നും, മലമൂത്ര വിസര്‍ജ്ജനമെല്ലാം ആ കുടിലില്‍ വെച്ച് തന്നെയായിരുന്നെന്നും ഫാ. ബാകോ വിവരിച്ചു.
5 കോടി നൈറാ ($ 1,21,000) മോചനദ്രവ്യമായി നല്‍കിയില്ലെങ്കില്‍ തങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തു. ബന്ധികളുടെ ബന്ധുക്കളുമായി പിന്നീട് നടന്ന വിലപേശലില്‍ മോചനദ്രവ്യം 70 ലക്ഷം നൈറയായി കുറയ്ക്കുകയുണ്ടായി. ഇതിനിടയില്‍ രക്ഷപ്പെടുവാന്‍ ശ്രമിച്ച 3 പേരെ തീവ്രവാദികള്‍ കൊലപ്പെടുത്തി. മോചന ദ്രവ്യം നല്‍കിയ ശേഷമാണ് ബന്ധികളെ ഫുലാനികള്‍ മോചിപ്പിച്ചത്. തട്ടിക്കൊണ്ടുപോകലിന്റെ ഞെട്ടലില്‍ നിന്നും മോചിതനാകാത്തതിനെ തുടര്‍ന്ന്‍ കുറച്ചു ദിവസങ്ങളോളം താന്‍ ആശുപത്രിയില്‍ ആയിരുന്നു. ഭീതിയില്‍ നിന്നും പൂര്‍ണ്ണമായും മോചിതനാകാത്തതിനാലും സുരക്ഷാ കാരണങ്ങളാലും താന്‍ ഇപ്പോഴും ഒളിവില്‍ തന്നെയാണ് കഴിയുന്നതെന്നും, ഇക്കാലയളവില്‍ തന്റെ സുഹൃത്തുക്കളില്‍ നിന്നും പ്രത്യേകിച്ച് സഭയില്‍ നിന്നും ലഭിച്ച പിന്തുണയും സഹായവും വിലമതിക്കാനാവാത്തതാണെന്നും വൈദികന്‍ പറയുന്നു.
അഭിമുഖത്തിന്റെ അവസാനത്തില്‍ കടൂണ സംസ്ഥാനത്ത് ഫുലാനികളുടെ ആക്രമണം വളരെ സാധാരണമായി കൊണ്ടിരിക്കുകയാണെന്നും ഇതിനെതിരെ അന്താരാഷ്ട്ര സമൂഹം രംഗത്ത് വരണമെന്നും ഫാ. ബാകോ അഭ്യര്‍ത്ഥിച്ചു. നൈജീരിയയില്‍ ഓരോദിവസവും ശരാശരി 17 ക്രിസ്ത്യാനികള്‍ വീതം ഇസ്ലാമിക തീവ്രവാദികളാല്‍ കൊല്ലപ്പെടുന്നുണ്ടെന്നാണ് ‘ഇന്റര്‍നാഷ്ണല്‍ സൊസൈറ്റി ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ് ദി റൂള്‍ ഓഫ് ലോ’ ഈ വര്‍ഷം മധ്യത്തില്‍ പുറത്തുവിട്ട ഒരു അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഫുലാനികള്‍ക്ക് പുറമേ തീവ്രവാദി സംഘടനയായ ബൊക്കോഹറാമും ക്രിസ്ത്യാനികളെ നിഷ്കരുണം കൊന്നൊടുക്കുകയാണ്. ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ നൈജീരിയന്‍ സര്‍ക്കാര്‍ കണ്ടില്ലെന്ന്‍ നടിക്കുകയാണെന്ന ആരോപണം ഏറെനാളായി ഉയരുന്നുണ്ട്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക