Daily Saints. - June 2024

June 28: വിശുദ്ധ ഇരണേവൂസ്‌

സ്വന്തം ലേഖകന്‍ 28-06-2022 - Tuesday

ഏഷ്യാമൈനര്‍ നിവാസിയെന്ന്‍ കരുതപ്പെടുന്ന വിശുദ്ധ ഇരണേവൂസിന്റെ ജനനം 120-ലായിരുന്നു. സത്യക്രിസ്ത്യാനികളായിരുന്ന, ഇരണേവൂസിന്റെ മാതാപിതാക്കള്‍ വിശുദ്ധനെ അദ്ദേഹത്തിന്റെ യൗവ്വനത്തില്‍ തന്നെ സ്മിര്‍ണായിലെ മെത്രാനായിരുന്ന വിശുദ്ധ പൊളികാര്‍പ്പിന്റെ ശിക്ഷണത്തില്‍ ഏല്‍പ്പിച്ചു. പില്‍ക്കാലത്ത് വിശുദ്ധനെ തിരുസഭയുടെ ആഭരണവും, ശത്രുക്കളുടെ ഭീതിയുമായി മാറ്റുന്നതിന് കാരണമായ ദൈവശാസ്ത്രത്തിലെ അഗാധമായ പാണ്ഡിത്യം നേടുന്നത് ഈ പരിശുദ്ധമായ വിദ്യാലയത്തില്‍ വെച്ചാണ്.

വിശുദ്ധ പോളികാര്‍പ്പ് തന്റെ ശിക്ഷ്യന്റെ പ്രതിഭയെ ആളികത്തിക്കുകയും, തന്റെ ധര്‍മ്മോപദേശത്താലും, മാതൃകയാലും തന്റെ ശിഷ്യന്റെ മനസ്സില്‍ ശക്തമായ ദൈവഭക്തിയെ രൂപപ്പെടുത്തുകയും, തന്റെ ഉത്തമനായ ഗുരു വാഗ്ദാനം ചെയ്ത എല്ലാ നേട്ടങ്ങളും അരുമയായ ശിക്ഷ്യന്‍ വളരെ ശ്രദ്ധാപൂര്‍വ്വം കൊയ്യുകയും ചെയ്തു.

തന്റെ ഗുരുവിനോടുള്ള ശിക്ഷ്യന്റെ ബഹുമാനം അപാരമായിരുന്നു, ഗുരുവിന്റെ എല്ലാ പ്രവര്‍ത്തനങ്ങളേയും, നന്മയേയും സസൂക്ഷ്മം നിരീക്ഷിക്കുകയും, അവയെ തന്റെ ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്തു. വിശുദ്ധ പൊളികാര്‍പ്പിന്റെ എല്ലാ നിര്‍ദ്ദേശങ്ങളും ഒട്ടും തന്നെ അലംഭാവമില്ലാതെ ഇരണേവൂസ് തന്റെ ഹൃദയത്തില്‍ പതിപ്പിച്ചു. തന്റെ കാലഘട്ടത്തിലെ മതവിരുദ്ധവാദങ്ങളെ നേരിടുന്നതിനായി അദ്ദേഹം വിജാതീയ തത്വ ചിന്തകരുടെ പൊള്ളയായ ആശയങ്ങളുമായി പരിചയപ്പെടുകയും, അതുമൂലം അവയിലെ മുഴുവന്‍ തെറ്റുകളും അതിന്റെ ഉത്ഭവം മുതല്‍ കണ്ടുപിടിക്കുവാനുള്ള കഴിവ്‌ നേടുകയും ചെയ്തു.

തന്റെ രചനകള്‍ വഴി ടെര്‍ടൂല്ലിയന്‍, തിയോഡോറെറ്റ്, വിശുദ്ധ എപ്പിഫാനൂസ്‌ തുടങ്ങിയ മഹാരഥന്‍മാരുമായി വിശുദ്ധന് ബന്ധമുണ്ടായിരുന്നു. ‘അക്കാലഘട്ടങ്ങളിലെ അന്ധകാരത്തില്‍ പ്രകാശം പരത്തിയ സത്യത്തിന്റെ തീപന്തം’ എന്നായിരുന്നു വിശുദ്ധ എപ്പിഫാനൂസ്‌ ഇരണേവൂസിനെ വിശേഷിപ്പിച്ചിരുന്നത്.

കുറച്ച് വര്‍ഷങ്ങള്‍ ഇരണേവൂസ് കിഴക്കന്‍ തത്വവാദികളുടേയും, ചിന്തകരുടേയും തെറ്റുകളെ പ്രതിരോധിച്ചതിനു ശേഷം വിശുദ്ധ പൊളികാര്‍പ്പ് വിശുദ്ധനെ ഗൗളിലേക്കയക്കുവാന്‍ തീരുമാനിച്ചു. അപ്പോള്‍ മാത്രം വേരുറപ്പിച്ചു തുടങ്ങിയ ക്രിസ്തീയതയെ തുരത്തുക എന്ന ലക്ഷ്യത്തോടു കൂടി ഏഷ്യാ മൈനറിലേ നിരവധി മതവിരുദ്ധവാദികള്‍ ഗൗളിലേക്ക് കുടിയേറിയിരുന്നു. ഏതാണ്ട് 40-ഓളം ക്രിസ്ത്യാനികള്‍ക്കൊപ്പം യേശുവിന്റെ ധീരനായ പോരാളി ല്യോണിലെ മെത്രാനായിരുന്ന വിശുദ്ധ പൊത്തിനൂസിനെ സഹായിക്കുവാനായി ല്യോണിലേക്ക് പോയി.

വിശുദ്ധ പൊത്തിനൂസ് ഇതിനോടകം തന്നെ വൃദ്ധനായി കഴിഞ്ഞിരുന്നു, കൂടാതെ അദ്ദേഹത്തിന്റെ സഭയിലെ പുതുക്രിസ്ത്യാനികള്‍ക്ക് ദുര്‍മ്മാര്‍ഗ്ഗപരമായ തത്വങ്ങളില്‍ നിന്നും സത്യത്തേ വേര്‍തിരിച്ചറിയുന്നതിനുള്ള വിവേചനശക്തി എല്ലായ്പ്പോഴും ഇല്ലായിരുന്നു. വിശുദ്ധ പൊത്തിനൂസ് ഇരണേവൂസിനേയും, സഹചാരികളേയും വളരെ സ്നേഹത്തോടെ സ്വീകരിക്കുകയും, അധികം താമസിയാതെ വിശുദ്ധ ഇരണേവൂസിന് പട്ടം നല്‍കുകയും ചെയ്തു.

വൃദ്ധനായ മെത്രാന്റെ വലതുകരമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന വിശുദ്ധന് തന്റെ ആവേശം കാരണം രക്തസാക്ഷിയകേണ്ട ഏതാണ്ട് നൂറില്‍പരം സന്ദര്‍ഭങ്ങള്‍ വരെയുണ്ടായി. എന്നാല്‍ ദൈവം ഇരുപത്തഞ്ച് വര്‍ഷങ്ങളോളം ആ കിരീടം വിശുദ്ധനായി കാത്തുസൂക്ഷിച്ചു. 177-ല്‍ വിശുദ്ധ പൊത്തിനൂസ് ഒരു രക്തസാക്ഷിയായി മരണപ്പെട്ടുകൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തിയതിനെ തുടര്‍ന്ന് വിശുദ്ധ ഇരണേവൂസ് ല്യോണിലെ രണ്ടാമത്തെ മെത്രാനായി അഭിഷിക്തനായി. ല്യോണിലെ ക്രിസ്തുമതം നാമവശേഷമായി കൊണ്ടിരിക്കുകയാണെന്നാണ് മതപീഡകര്‍ കരുതിയിരുന്നത് , അതിനാല്‍ കുറച്ച് കാലങ്ങളോളം അവര്‍ തങ്ങളുടെ പീഡനങ്ങള്‍ക്ക് വിരാമമിട്ടു.

സഭയുടെ ഈ മഹാനായ പണ്ഡിതന്‍ നിരവധി പ്രാധാനപ്പെട്ട രചനകളുടെ ഉടമയാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് വിശ്വാസത്തെ വിശദീകരിച്ചുകൊണ്ട് മതവിരുദ്ധവാദത്തിനെതിരായിട്ടുള്ള വിശുദ്ധന്റെ രചനയാണ്. തന്റെ പ്രബോധനങ്ങളാല്‍ വിശുദ്ധ ഇരണേവൂസ് കുറച്ച് നാളുകള്‍ക്കുള്ളില്‍ ഏതാണ്ട് മുഴുവന്‍ രാജ്യത്തേയും ക്രിസ്തീയ വിശ്വാസത്തിലേക്ക്‌ മതപരിവര്‍ത്തനം ചെയ്തു.

ല്യോണിലെ ക്രിസ്ത്യാനികള്‍ അവരുടെ ആര്‍ജ്ജവത്താലും, അത്യാഗ്രഹത്തെ ഉപേക്ഷിക്കുകയും, അവരുടെ ദാരിദ്ര്യത്തിലും, വിശുദ്ധിയിലും, ക്ഷമയിലും അവര്‍ മറ്റുള്ളവര്‍ക്ക് മാതൃകയാവുകയും, അതുവഴി തങ്ങളുടെ മതത്തിനു നേരിടേണ്ടി വന്ന നിരവധി കുഴപ്പങ്ങളെ പ്രതിരോധിക്കുകയും ചെയ്തു. അപ്പസ്തോലനായിരുന്ന യോഹന്നാന്റെ ശിക്ഷ്യനും തന്റെ ഗുരുവുമായിരുന്ന വിശുദ്ധ പോളികാര്‍പ്പിനെ അനുകരിക്കുന്നത് ഇരണേവൂസ് തുടര്‍ന്ന് കൊണ്ടിരുന്നു. വിശുദ്ധന്റെ കീഴില്‍ ല്യോണിലെ സഭ വളരെയേറെ പുരോഗതി പ്രാപിച്ചു.

ഏതാണ്ട് എണ്‍പത്‌ വര്‍ഷങ്ങളോളം ദൈവസേവനം ചെയ്തുതിനു ശേഷം അവസാനം 202-ല്‍ സെപ്റ്റിമസ് സെവേരൂസിന്റെ കീഴില്‍ വിശുദ്ധന്‍ മറ്റ് നിരവധിപേര്‍ക്കൊപ്പം രക്തസാക്ഷി മകുടം ചൂടി. സെവേരൂസിന്റെ ഭരണത്തിന്റെ പത്താം വാര്‍ഷികത്തില്‍ മതപീഡനത്തിനുള്ള രാജശാസനം ല്യോണിലുമെത്തി.

ഈ ആഘോഷത്തിന്റെ പേരിലുള്ള ദുരാചാരങ്ങളിലും, കാമാസക്തിയിലും പങ്കെടുക്കുവാന്‍ വിസമ്മതിച്ച ക്രിസ്ത്യാനികളെ അടിച്ചമര്‍ത്തുവാനുള്ള ഒരവസരമായിട്ടാണ് ഈ ആഘോഷത്തെ വിജാതീയര്‍ കണ്ടിരുന്നത്. കൊലപാതകികള്‍ കഠാരകളും, കല്ലുകളും, കത്തികളുമായി നഗരത്തില്‍ അഴിഞ്ഞാടുകയും നഗരത്തെ ചോരകളമാക്കി മാറ്റുകയും ചെയ്തു, ദൈവം തന്റെ ദാസര്‍ക്ക് നല്‍കുന്ന ഏറ്റവും പരമ മഹത്വമാകുന്ന രക്തസാക്ഷിത്വം ആയിരകണക്കിന് ക്രിസ്ത്യാനികള്‍ തങ്ങളുടെ മെത്രാനോടൊപ്പം പുല്‍കുകയുണ്ടായി.

ഇതര വിശുദ്ധര്‍

1. സ്കോട്ടിലെ അലാനൂസ്

2. യുട്രെക്ടിലെ ബെനിഞ്ഞൂസ്

3. ക്രൂമ്മിനെ

4. എജിലോ

5. ജര്‍മ്മനിയിലെ ഹെയിമാര്‍ഡ്

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »