India - 2025

കസ്തൂരിരംഗന്‍ വിജ്ഞാപനത്തില്‍ കര്‍ഷക വിരുദ്ധ നിലപാട് സ്വീകരിക്കില്ല: കേന്ദ്ര വനം പരിസ്ഥിതി മന്ത്രി കെസിബിസി സംഘത്തോട്

പ്രവാചകശബ്ദം 23-12-2021 - Thursday

കൊച്ചി: കസ്തൂരിരംഗന്‍ അന്തിമ വിജ്ഞാപനം ഇറക്കുമ്പോള്‍ കര്‍ഷകവിരുദ്ധ നിലപാടുകളും ജനവിരുദ്ധ നടപടികളും സ്വീകരിക്കില്ലെന്നു കേന്ദ്ര പരിസ്ഥിതി മന്ത്രി ശ്രീ ഭൂപീന്ദര്‍ യാദവ് കെസിബിസി പ്രതിനിധി സംഘത്തിന് ഉറപ്പുനല്‍കി. കേന്ദ്രമന്ത്രി ശ്രീ. വി. മുരളീധരന്റെയും പരിസ്ഥിതി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ കെസിബിസി പ്രതിനിധി സംഘവുമായി ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കെസിബിസി അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രധാനമന്ത്രിക്ക് അയച്ച കത്തിന്റെ തുടര്‍ച്ചയായി കെസിബിസിയുടെ ശീതകാല സമ്മേളനത്തില്‍ നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണ് കെസിബിസി ഡലിഗേഷന്‍ കേന്ദ്രമന്ത്രിയെ കാണുന്നതിന് ഡല്‍ഹിയില്‍ പോയത്.

കൃഷിയിടങ്ങളും ജനവാസകേന്ദ്രങ്ങളും ഇപ്പോഴത്തെ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശയിലെ ജിയോ കോര്‍ഡിനേറ്റ്‌സ് മാപ്പ് പ്രകാരം വനഭൂമിയും ഇഎസ്എ യുമായി ഉള്‍പ്പെടുത്തിയിരിക്കുന്നതിലെ ആശങ്ക പ്രതിനിധി സംഘം കേന്ദ്ര മന്ത്രാലയത്തെ അറിയിച്ചു. കേന്ദ്ര-സംസ്ഥാന വിദഗ്ധരെ ഉള്‍പ്പെടുത്തി ജിയോ കോഡിനേറ്റ് മാപ്പ് അനുസരിച്ചുള്ള ഭൂപ്രദേശങ്ങളെ ഗ്രൗണ്ട് ട്രൂത്തിംഗ് നടത്തി ജനങ്ങളെ ബോധ്യപ്പെടുത്തിയ ശേഷമേ അന്തിമ വിജ്ഞാപനം പ്രഖ്യാപിക്കാവു കെസിബിസി പ്രതിനിധി സംഘം മന്ത്രിയോട് ആവശ്യപ്പെട്ടു. റവന്യൂ ഭൂമിയെ നോണ്‍ കോര്‍ ഇ എസ് എ ആയി പ്രഖ്യാപിക്കുന്നതില്‍ നിന്നും പിന്മാറണമെന്നും റവന്യു വില്ലേജുകളെ ഫോറസ്റ്റ് വില്ലേജുകളില്‍ നിന്ന് വേര്‍തിരിക്കണമെന്നും അതുവരെ അന്തിമവിജ്ഞാപനം മാറ്റി വയ്ക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

വനഭൂമിയായി രേഖപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളില്‍ പട്ടയഭൂമി ഉള്‍പ്പെട്ട വിവരം ചൂണ്ടിക്കാണിച്ചുകൊണ്ട് 22 ലക്ഷത്തിലധികം വരുന്ന ജനവിഭാഗത്തിന്റെ ഉപജീവനം തടയുന്ന, അവരെ നിരാലംബരാക്കുന്ന ഇത്തരം നടപടികളില്‍നിന്ന് സര്‍ക്കാരുകള്‍ പിന്മാറണമെന്നും ബിഷപ്പുമാര്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്ന നിലവിലുള്ള തെറ്റുകള്‍ തിരുത്തി കൊണ്ടുള്ള അന്തിമ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ അന്തിമ വിജ്ഞാപനത്തിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

കേന്ദ്ര മന്ത്രി ശ്രീ വി. മുരളീധരന്റെ കൂടി സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ കെസിബിസി പ്രതിനിധി സംഘത്തിന്റെ ഭാഗമായി തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, കെസിബിസി സെക്രട്ടറി ജനറല്‍ ബിഷപ്പ് ജോസഫ് മാര്‍ തോമസ്, കണ്ണൂര്‍ ബിഷപ്പ് അലക്‌സ് വടക്കുംതല, ചങ്ങനാശ്ശേരി സഹായമെത്രാന്‍ തോമസ് തറയില്‍, തലശ്ശേരി സഹായമെത്രാന്‍ ജോസഫ് പാംപ്ലാനി, പശ്ചിമഘട്ട ജനസംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ ഡോ. ചാക്കോ കാളംപറമ്പില്‍, പോണ്ടിച്ചേരി ഗവണ്‍മെന്റ് മുന്‍ ചീഫ് സെക്രട്ടറി ശ്രീ. റ്റി. റ്റി ജോസഫ് IAS (Rtd) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 435