India - 2025

"കൊലപാതക രാഷ്ട്രീയത്തിനെതിരേ പൊതുമനസാക്ഷി ഉണരണം"

പ്രവാചകശബ്ദം 21-12-2021 - Tuesday

കൊച്ചി: രാഷ്ട്രീയത്തിന്റെ പേരിലുള്ള അക്രമങ്ങളും കൊലപാതകങ്ങളും അവസാനിപ്പിക്കണമെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കൊലപാതക രാഷ്ട്രീയത്തിനെതിരേ പൊതുമനസാക്ഷി ഉണരണം. അതു വ്യക്തികളെയും രാഷ്ട്രീയ പാര്‍ട്ടികളെയും സ്വാധീനിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെസിബിസി ആസ്ഥാനമായ പാലാരിവട്ടം പിഒസിയില്‍ നടന്ന ക്രിസ്മസ് ആഘോഷത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ വിഷയങ്ങളുടെ പേരിലുള്ള പ്രശ്നങ്ങള്‍ മതസംഘര്‍ഷമായി വ്യാഖാനിച്ചു വളര്‍ത്തരുത്. രാഷ്ട്രീയത്തില്‍ വര്‍ഗീയത കടന്നുവരുന്ന പ്രവണത ഭാരതത്തിലുണ്ട്. ജനാധിപത്യത്തിന്റെ സംശുദ്ധി വളര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളാണു വേണ്ടത്. പൊതുസമൂഹത്തിന്റെ പല പ്രവണതകളും സഭയിലും കടന്നുവരുന്നതു െ്രെകസ്തവികമായി പരിശോധിക്കപ്പെടണം. മുമ്പില്ലാത്തവിധം അഭിപ്രായ വ്യത്യാസങ്ങളും ഭിന്നതകളും ഉണ്ടാകുന്നു. പരസ്യമായി പ്രശ്നങ്ങളെ വളര്‍ത്തുന്നവര്‍ പരിഹാരം അതിലൂടെയാണെന്ന് കരുതുന്നു.

കുര്‍ബാനക്രമ നവീകരണം സംബന്ധിച്ച് സിനഡ് തീരുമാനം നടപ്പാക്കാനുള്ള പ്രതിസന്ധികള്‍ സഭ ചര്‍ച്ച ചെയ്യും. ഈസ്റ്ററിനു മുമ്പായി ഇതു സഭയിലാകെ നടപ്പാക്കും. ദീര്‍ഘനാളത്തെ ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും ശേഷം കാനോനികമായി നടപ്പാക്കിയതാണു കുര്‍ബാനക്രമ നവീകരണം. ഇതു സംബന്ധിച്ച പരാതികള്‍ കാലക്രമേണ പരിഹരിക്കും. സന്തോഷവും സമാധാനവുമാണു ക്രിസ്മസിന്റെ സന്ദേശമെന്നു കര്‍ദ്ദിനാള്‍ ഓര്‍മിപ്പിച്ചു. സമൂഹത്തില്‍ സമാധാനം നഷ്ടപ്പെടുന്ന സ്ഥിതി മാറണം. പ്രതിസന്ധികളില്‍ തളരാതെ പ്രത്യാശയോടെ മുന്നോട്ടു നീങ്ങാന്‍ ക്രിസ്മസ് ഓര്‍മിപ്പിക്കുന്നതായും മാര്‍ ആലഞ്ചേരി പറഞ്ഞു.

More Archives >>

Page 1 of 434