India - 2025

ക്രിസ്തുമസിനോട് അനുബന്ധിച്ചു നടന്ന ക്രൈസ്തവ വിരുദ്ധ ആക്രമണം: വ്യാപക പ്രതിഷേധം

പ്രവാചകശബ്ദം 28-12-2021 - Tuesday

കൊച്ചി: ആസാമിലും കര്‍ണാടകയിലും മറ്റ് സംസ്ഥാനങ്ങളിലും ക്രിസ്മസ് ആഘോഷങ്ങള്‍ക്കുനേരേ നടന്ന അക്രമങ്ങളില്‍ വ്യാപക പ്രതിഷേധവുമായി വിവിധ സംഘടനകള്‍. ഒരു പ്രത്യേക മതവിഭാഗം ഇങ്ങനെ ആക്രമിക്കപ്പെടുമ്പോള്‍ ഭാരതമനഃസാക്ഷിക്കാണു മുറിവേല്‍ക്കുന്നതെന്നു അന്തര്‍ദേശീയ സീറോ മലബാര്‍ മാതൃവേദി യോഗം അഭിപ്രായപ്പെട്ടു. മാതൃവേദി പ്രസിഡന്റ് ഡോ. കെ.വി. റീത്താമ്മയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡയറക്ടര്‍ ഫാ. വില്‍സന്‍ എലുവത്തിങ്കല്‍ കൂനന്‍, ആനിമേറ്റര്‍ സിസ്റ്റര്‍ ടെസ, റോസിലി പോള്‍ തട്ടില്‍, അന്നമ്മ ജോണ്‍ തറയില്‍, ബീന ബിറ്റി, റിന്‍സി ജോസ്, മേഴ്സി ജോസഫ്, ടെസി സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവ സമൂഹത്തിനു നേരെ സംഘടിത ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍ ഉണ്ടാവണമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എംപി പറഞ്ഞു. ക്രിസ്മസ് രാത്രിയില്‍ ഹരിയാനയിലെ അംബാലയിലെ റഡ്മീര്‍ പള്ളിയില്‍ നടന്ന അക്രമത്തില്‍ യേശുക്രിസ്തുവിന്റെ പ്രതിമ തകര്‍ത്തു. ഗുരുഗ്രാമില്‍ ക്രിസ്മസ് ആഘോഷം നടന്ന പട്ടൗഡി പള്ളിയില്‍ ഒരു സംഘം മതതീവ്രമുദ്രാവാക്യം ഉയര്‍ത്തി അതിക്രമിച്ചു കയറുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്തു. ഇത്തരത്തിലുള്ള ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ കുറ്റവാളികളെ പിടികൂടുന്നതിനുളള നടപടികള്‍ സ്വീകരിക്കാറില്ല എന്നതാണ് വീണ്ടും അക്രമങ്ങള്‍ ഉണ്ടാകുന്നതിനു കാരണമാകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കാനും സുരക്ഷിതവും ഭയരഹിതവുമായി ആരാധന നിര്‍വഹിക്കാനും ജീവിക്കുന്നതിനുമുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ജോസ് കെ. മാണി ആവശ്യപ്പെട്ടു. സമീപ നാളുകളില്‍ രാജ്യത്ത് കൈസ്തവര്‍ക്കുനേരേയുള്ള അതിക്രമങ്ങള്‍ കൂടിവരുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞു.

ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ മുസ് ലിം സമൂഹമാണ് വ്യാപകമായി ആക്രമിക്കപ്പെട്ടതെങ്കില്‍ സമീപ നാളുകളില്‍ അതു ക്രൈസ്തവരിലേക്കും വ്യാപിച്ചു. ഹരിയാനയിലെ അംബാലയില്‍ പള്ളി ആക്രമിച്ചു. ആസാമിലും വ്യാപക അതിക്രമങ്ങള്‍ നടന്നു. ബംഗളൂരുവില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പോലും അനുവദിക്കുന്നില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

More Archives >>

Page 1 of 436