India - 2025
കര്‍ണ്ണാടക നിയമസഭ മതപരിവര്‍ത്തന നിരോധന ബില്‍ പാസാക്കി
പ്രവാചകശബ്ദം 24-12-2021 - Friday
ബെലഗാവി: ക്രൈസ്തവ സമൂഹവും പ്രതിപക്ഷവും ഉയര്‍ത്തിയ പ്രതിഷേധത്തിനിടെ കര്‍ണാടക നിയമസഭ മതപരിവര്‍ത്തന നിരോധന ബില്‍ പാസാക്കി. ശബ്ദവോട്ടോടെയാണു കര്‍ണാടക പ്രൊട്ടക്ഷന്‍ ഓഫ് റിലീജിയന്‍ ബില്‍, 2021 പാസാക്കിയത്. ബില്‍ ഭരണഘടനാപരവും നിയമപരവുമാണെന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. അതേസമയം, മതപരിവര്‍ത്തന നിരോധന ബില്‍ മനുഷ്യത്വവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്നു കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ജെഡിഎസും ബില്ലിനെ എതിര്‍ത്തു. ബില്‍ നിയമമാകണമെങ്കില്‍ ലെജിസ്‌ളേറ്റീവ് കൗണ്‍സിലിലും പാസാകണം. 75 അംഗ കൗണ്‍സിലില്‍ ബിജെപിക്ക് 37 അംഗങ്ങളാണുള്ളത്. സ്വതന്ത്രന്‍ പിന്തുണച്ചാല്‍ ബില്‍ പാസാക്കാം.
ബില്‍ പാസാക്കുന്നതോടെ തങ്ങളുടെ സ്ഥാപനങ്ങള്‍ക്കുനേരേ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുമെന്നു ക്രൈസ്തവസമൂഹം ഭയക്കുന്നു. ക്രൈസ്തവവിരുദ്ധ നിയമമെന്നാണു ബില്ലിനെ ബാംഗളൂര്‍ ആര്‍ച്ച്ബിഷപ്പ് ഡോ. പീറ്റര്‍ മച്ചാഡോ വിശേഷിപ്പിച്ചത്. ബില്ലിനെതിരേ ക്രൈസ്തവസമൂഹം രംഗത്തെത്തിയിരുന്നു. ബില്ലിന്റെ ഉള്ളടക്കം വായിച്ചുകഴിഞ്ഞാൽ, ഇത് ക്രൈസ്തവരെ മാത്രമല്ല ബാധിക്കുന്നതെന്നും അത് വലിയ സമൂഹത്തെ ബാധിക്കുന്നതെന്നും ഇത് സ്വകാര്യതയുടെ പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവരെ ലക്ഷ്യമിട്ടാണു ബില്‍ അവതരിപ്പിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇതിനിടെ മതപരിവര്‍ത്തന നിരോധന ബില്ലിനു തുടക്കമിട്ടതു സിദ്ധരാമയ്യ നേതൃത്വം നല്കിയ സര്‍ക്കാരാണെന്ന് ബിജെപി ആരോപിച്ചതോടെ കോണ്‍ഗ്രസ് പ്രതിരോധത്തിലായി. ഇതിന്റെ രേഖകള്‍ ബിജെപി സഭയില്‍ വയ്ക്കുകയും ചെയ്തു. എട്ടു സംസ്ഥാനങ്ങള്‍ മതപരിവര്‍ത്തന നിരോധന നിയമം പാസാക്കിയിട്ടുണ്ടെന്നും കര്‍ണാടക ഒന്പതാമത്തെ സംസ്ഥാനമാണെന്നും ബില്ലവതരിപ്പിച്ച ആഭ്യന്തര മന്ത്രി ജ്ഞാനേന്ദ്ര പറഞ്ഞു.
പ്രതിപക്ഷത്തിനൊപ്പം സംസ്ഥാന വ്യാപകമായി ക്രൈസ്തവ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
മുഖ്യമന്ത്രിയുമായി മാരത്തണ്‍ ചര്‍ച്ച നടത്തിയിട്ടും ബില്ലുമായി സർക്കാർ മുന്നോട്ട് പോയത് കടുത്ത അവഗണനയെന്ന വിലയിരുത്തലിലാണ് ക്രൈസ്തവ സംഘടനകള്‍. മതസ്വാതന്ത്രത്തിനുള്ള അവകാശം ഇല്ലാതാക്കുകയാണെന്ന് ചൂണ്ടികാട്ടി സംസ്ഥാനവ്യാപക പ്രതിഷേധങ്ങളും അവർ സംഘടിപ്പിച്ചിരുന്നു. നിയമം നടപ്പാക്കുന്നത് വൈകിപ്പിക്കുന്നത് മുഖ്യമന്ത്രിയാണെന്നും, അദ്ദേഹത്തെ മാറ്റണമെന്ന് വരെ ആവശ്യപ്പെട്ട് ലിംഗായത്ത് സമുദായം അടക്കം സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു. ഭൂരിപക്ഷ സമുദായത്തിന്‍റെ പിന്തുണ ഉറപ്പാക്കാനാണ് മതപരിവർത്തന നിരോധനബില്ല് പാസാക്കിയതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തലുകൾ. എന്നാല്‍ അധികാരത്തിൽ എത്തിയാല്‍ നിയമം പിന്‍വലിക്കുമെന്ന് വാഗ്ദാനം നല്‍കി പ്രചാരണ വിഷയമാക്കി ഉയര്‍ത്തുകയാണ് കോണ്‍ഗ്രസ്.