India - 2025

സീറോ മലബാര്‍ പ്രേഷിത വാരാചരണം ആരംഭിച്ചു

പ്രവാചകശബ്ദം 07-01-2022 - Friday

കൊച്ചി: 'മിഷനെ അറിയുക, മിഷ്ണറിയാവുക' എന്ന ആപ്തവാക്യവുമായി 2022ലെ സീറോ മലബാര്‍ പ്രേഷിത വാരാചരണം ആരംഭിച്ചു. സഭാകേന്ദ്ര കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം നിര്‍വഹിച്ചു. കോവിഡ് മഹാമാരി സൃഷ്ടിച്ചിരിക്കുന്ന വിശേഷസാഹചര്യത്തിലും ഭഗ്നാശരാകാതെ നൂതനമാര്‍ഗങ്ങള്‍ കണ്ടെത്തി പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ തീക്ഷ്ണതയോടെ മുന്നേറണമെന്നു മേജര്‍ ആര്‍ച്ച്ബിഷപ്പ് ആഹ്വാനം ചെയ്തു. കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരക്കല്‍, സീറോ മലബാര്‍ മിഷന്‍ സെക്രട്ടറി ഫാ. സിജു അഴകത്ത്, സിസ്റ്റര്‍ നമ്രത, സിസ്റ്റര്‍ അന്‍സാ എന്നിവര്‍ നേതൃത്വം നല്‍കി.

വൈദികര്‍, സന്യസ്തര്‍, അല്‍മായ പ്രേഷിതര്‍ മുതലായവര്‍ പങ്കെടുത്തു. സഭയുടെ 35 രൂപതകളെയും കോര്‍ത്തിണക്കി സീറോ മലബാര്‍ മിഷന്‍ ഓഫീസും മതബോധന വിഭാഗവും സംയുക്തമായി ഒമ്പതിന് ഓണ്‍ലൈന്‍ മിഷന്‍ ക്വിസ് പ്രോഗ്രാം നടത്തുമെന്ന് ഫാ. സിജു അഴകത്ത് അറിയിച്ചു. വൈകുന്നേരം ആറു മുതല്‍ ഏഴു വരെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും രൂപതാടിസ്ഥാനത്തിലും ആഗോളതലത്തിലും വെവ്വേറെ സമ്മാനങ്ങള്‍ ലഭ്യമാക്കുന്നതാണ് ക്വിസ് പരിപാടി.

എല്ലാ വര്‍ഷവും ജനുവരി ആറുമുതല്‍ 12 വരെയാണ് പ്രേഷിത വാരാചരണം നടത്തുന്നത്. കോവിഡ് സാഹചര്യം പരിഗണിച്ച്, മാധ്യമങ്ങളുടെ സാധ്യതകള്‍ കൂടുതല്‍ ഉപയോഗിച്ചാണു സഭ രൂപത, ഇടവകതലങ്ങളില്‍ പരിപാടികള്‍ വിഭാവനം ചെയ്തിരിക്കുന്നത്. മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ സര്‍ക്കുലര്‍, വീഡിയോ സന്ദേശങ്ങള്‍, പ്രാര്‍ഥനകള്‍, പോസ്റ്ററുകള്‍, പ്രേഷിതാവബോധം ഉണര്‍ത്തുന്ന ലഘുലേഖകള്‍ എന്നിവ തയാറാക്കി വിതരണം ചെയ്തു.


Related Articles »