Arts - 2024

ദക്ഷിണകൊറിയയിലെ കത്തോലിക്ക രക്തസാക്ഷികളുടെ ദേവാലയം അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്ര പദവിയില്‍

പ്രവാചകശബ്ദം 17-01-2022 - Monday

ഡൈജിയോൻ: ദക്ഷിണകൊറിയയിലെ കത്തോലിക്ക രക്തസാക്ഷികളുടെ ഓർമ്മയ്ക്കായി നിർമ്മിച്ച ദേവാലയം അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രങ്ങളുടെ പട്ടികയിലേക്ക് ഉയർത്തപ്പെട്ടു. മധ്യ കൊറിയയിലെ ചങ്ചിയോങ് പ്രവിശ്യയിലാണ് തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്നത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ ഒടുവിൽ ജോസിയോങ് രാജവംശത്തിന്റെ കാലഘട്ടത്തിൽ ആയിരത്തോളം കത്തോലിക്ക വിശ്വാസികളാണ് ഈ സ്ഥലത്ത് കൊല്ലപ്പെട്ടത്. ഡിസംബറിൽ നടന്ന ആഘോഷവേളയിൽ ഡൈജിയോൻ രൂപതയുടെ സഹായമെത്രാൻ അഗസ്റ്റീനസ് ജോങ് സൊ കിം നവ സുവിശേഷവത്കരണത്തിനു വേണ്ടിയുളള പൊന്തിഫിക്കൽ കൗൺസിന്റെ പ്രഖ്യാപനം തീർത്ഥാടന കേന്ദ്രത്തിന്റെ റെക്ടറായ ഫാ. ഹാൻ ഗ്വാങ് സിയോക്കിന് ഔദ്യോഗികമായി കൈമാറുകയായിരുന്നു.

ഇവിടെ മിഷ്ണറി വൈദികനായി സേവനം ചെയ്തിരുന്ന ഫാദർ തോമസ് ചോയിയുടെ ഇരുന്നൂറാം ജന്മദിനം ആയിരുന്ന 2021 മാർച്ച് മാസം ഒന്നാം തീയതി ഹയ്മി കാത്തലിക്ക് മാർട്ടയേസ് ഷ്റൈൻ എന്ന പേരിൽ അറിയപ്പെടുന്ന തീർത്ഥാടന കേന്ദ്രത്തെ അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമാക്കി പൊന്തിഫിക്കൽ കൗൺസിൽ ഉയർത്തിയത്. വത്തിക്കാൻ അംഗീകാരം ലഭിക്കുന്ന കൊറിയയിലെ രണ്ടാമത്തെ തീർത്ഥാടനകേന്ദ്രമാണ് ഹയ്മി കാത്തലിക്ക് മാർട്ടയേസ് ഷ്റൈൻ.

രക്തസാക്ഷികളായ 132 പേരുകൾ ഇവിടെ എഴുതിവെച്ചിട്ടുണ്ട്. പേര് അറിയാത്ത മറ്റ് രക്തസാക്ഷികൾക്ക് വേണ്ടി 50 അടി ഉയരമുള്ള ഒരു ഗോപുരവും തീർത്ഥാടന കേന്ദ്രത്തിന്റെ മണ്ണിൽ പണിതുയർത്തിയിട്ടുണ്ട്. മൂന്ന് തരത്തിലുള്ള തീർത്ഥാടന കേന്ദ്രങ്ങളാണ് കത്തോലിക്കസഭയിൽ ഉള്ളത്. രൂപത തീർത്ഥാടന കേന്ദ്രങ്ങൾക്ക് രൂപതയുടെ മെത്രാനും, ദേശീയ തീർത്ഥാടന കേന്ദ്രങ്ങൾക്ക് മെത്രാൻ സമിതിയും അംഗീകാരം നൽകുമ്പോൾ അന്താരാഷ്ട്ര തീർത്ഥാടനകേന്ദ്രമായി ഉയർത്തപ്പെടണമെങ്കിൽ വത്തിക്കാന്റെ അംഗീകാരം ആവശ്യമാണ്.

More Archives >>

Page 1 of 36