India - 2025

കത്തോലിക്ക ടെലിവിഷന്‍ ചാനലുകള്‍ക്ക് സീറോ മലബാര്‍ മതബോധന കമ്മീഷന്റെ ആദരവ്

പ്രവാചകശബ്ദം 16-03-2022 - Wednesday

എറണാകുളം: ശാലോം, ഗുഡ്‌നെസ്, ഷെക്കെയ്‌ന എന്നീ കത്തോലിക്ക ടെലിവിഷന്‍ ചാനലുകള്‍ക്ക് സീറോ മലബാര്‍ മതബോധന കമ്മീഷന്റെ ആദരവ്. വിശ്വാസ പരിശീലന രംഗത്ത് നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തിയാണ് ആദരിച്ചത്. കോവിഡ് കാലത്ത് ദൈവാലയങ്ങള്‍ അടഞ്ഞുകിടക്കുകയും മതബോധന ക്ലാസുകള്‍ നടത്താന്‍ സാധിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ വിശ്വാസ പരിശീലന ക്ലാസുകള്‍ ശാലോം, ഗുഡ്‌നെസ്, ഷെക്കെയ്‌ന എന്നീ ചാനലുകളിലൂടെയായിരുന്നു കുട്ടികളിലേക്ക് എത്തിച്ചത്. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന ആദരിക്കല്‍ ചടങ്ങ് സീറോ മലബാര്‍ സഭാധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു.

കോവിഡ് കാലത്ത് എങ്ങനെ സഭാത്മകമായി വിശ്വാസ പരിശീലനം നല്‍കാന്‍ സാധിക്കുമെന്ന സിനഡ് പിതാക്കന്‍മാരുടെ ചിന്തയില്‍നിന്നാണ് ഇത്തരത്തിലൊരാശയം ഉരുത്തിരിഞ്ഞതെന്നും അത് വലിയ വിജയമാക്കിത്തീര്‍ക്കാന്‍ ശാലോം, ഗുഡ്‌നെസ്, ഷെക്കെയ്‌ന ചാനലുകള്‍ക്ക് കഴിഞ്ഞുവെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു. ഈ നൂതന ആശയത്തോടുള്ള ക്രൈസ്തവാത്മകമായ പ്രതികരണത്തിനും സമര്‍പ്പണത്തിനും മൂന്നു ടെലിവിഷന്‍ ചാനലുകളെയും കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി അഭിനന്ദിച്ചു.

മതബോധനം നല്‍കുക എന്നത് സഭയുടെ ദൗത്യമാണെന്ന് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച സീറോ മലബാര്‍ മതബോധന കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് പറഞ്ഞു. ശാലോം ടെലിവിഷന്‍ ജനറല്‍ മാനേജര്‍ സിബി തോമസ് പുല്ലന്‍പ്ലാവില്‍, ഗുഡ്‌നെസ് ടിവി ജനറല്‍ മാനേജര്‍ സിബി വല്ലൂരാന്‍, ഷെക്കെയ്‌ന ടിവി ഡയറക്ടര്‍ സന്തോഷ് കരുമാത്ര എന്നിവരെ ചടങ്ങില്‍ ആദരിച്ചു. രൂപതാ മതബോധന ഡയറക്ടര്‍മാര്‍, മികച്ച മതബോധന അധ്യാപകര്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. മതബോധന കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. തോമസ് മേല്‍വെട്ടത്ത് സ്വാഗതം ആശംസിച്ചു. സിബി തോമസ് പുല്ലന്‍പ്ലാവില്‍, സിബി വല്ലൂരാന്‍, സന്തോഷ് കരുമാത്ര എന്നിവര്‍ പ്രസംഗിച്ചു.

More Archives >>

Page 1 of 449