India - 2025

സാധു ഇട്ടിയവിര സ്നേഹ സംസ്കാരത്തിന്റെ പ്രവാചകൻ: മാർ ജോസഫ് കല്ലറങ്ങാട്ട്

പ്രവാചകശബ്ദം 18-03-2022 - Friday

കൊച്ചി: ക്രൈസ്തവ സമൂഹത്തിലെ സഞ്ചരിക്കുന്ന പാഠപുസ്തകവും, സമകാലിക ലോകത്തിന് ഒരു പുതിയ സ്നേഹ സംസ്കാരവും പ്രദാനം ചെയ്ത വ്യക്തിയുമാണ് സാധു ഇട്ടിയവിരയെന്ന് സീറോമലബാർ സഭയുടെ കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷൻ ചെയർമാൻ മാർ ജോസഫ് കല്ലറങ്ങാട്ട്. നൂറാം ജന്മദിനാഘോഷത്തിന്റെ ഭാഗമായുള്ള അൽമായ കമ്മീഷന്റെ ആദരിക്കൽ ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

തന്റെ ബാല്യ-കൗമാരങ്ങളിലും, മെത്രാൻ ശുശ്രൂഷയിലും ഏറെ സ്വാധീനിച്ച വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. ഇന്നത്തെ ലോകത്തിലെ സഞ്ചരിക്കുന്ന സിനഡിനു സമാനമാണ് ഇട്ടിയവിര സാറിന്റെ ജീവിതം. എല്ലാവരെയും ഉൾക്കൊള്ളുന്ന പ്രകൃതവും,പ്രായ- ദേശ-അവസ്ഥാ വ്യത്യാസമില്ലാതെ വി.പൗലോസിനെപ്പോലെ തന്നെ കണ്ടുമുട്ടുന്ന എല്ലാവരോടും സ്നേഹത്തിന്റെ സുവിശേഷം പ്രസംഗിക്കുന്ന സവിശേഷ പ്രകൃതവുമാണ്. ദൈവസ്‌നേഹത്തിന്റെ വഴിയിലൂടെ നടക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ലാളിത്യവും മനുഷ്യത്വവും കൊണ്ട് മാതൃക കാണിച്ചു.കർമ്മം കൊണ്ടും ജീവിത സാക്ഷ്യം കൊണ്ടും ആധുനിക ലോകത്തിലെ വലിയ അൽമായ പ്രേഷിതനായി സാധു ഇട്ടിയവിര ഇന്നും നിലകൊള്ളുന്നുവെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു.

ദൈവസ്നേഹവും സഹോദരസ്നേഹവും ജീവിതവ്രതങ്ങളായി സ്വീകരിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ ശാസ്ത്ര സാങ്കേതിക വിഷയങ്ങളിലുള്ള അന്വേഷണതൽപരത പ്രത്യേകം പ്രസ്‌താവ്യമാണ്.'ദൈവം സ്നേഹമാണ്' എന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ ജീവിത ചിന്തകൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും സമ്പന്നമാണ് അദ്ദേഹത്തിന്റെ ജീവിതം.നൂറാം വയസ്സിലും വളരെ ഊർജസ്വലതയോടെ ദൈവവചനങ്ങൾ ഉരുവിട്ടും പഠിപ്പിച്ചും ജീവിക്കുന്ന അദ്ദേഹം സഭയ്ക്കും സമൂഹത്തിനും വലിയ പ്രചോദനമാണെന്നും മാർ കല്ലറങ്ങാട്ട് ഓർമ്മിപ്പിച്ചു.

കോതമംഗലത്തെ ഇരമല്ലൂരിലെ സാധു ഇട്ടിയവിരയുടെ വസതിയോടനുബന്ധിച്ചുള്ള ജീവജ്യോതിയിൽ നടന്ന സമ്മേളനത്തിൽ അദ്ദേഹത്തെ പൊന്നാട അണിയിച്ചും,ഉപഹാരം നല്‍കിയും മാർ കല്ലറങ്ങാട്ട് ആദരിച്ചു. സീറോ മലബാർ സഭ പ്രോലൈഫ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് അധ്യക്ഷനായിരുന്നു. അന്തർദേശീയ മാതൃവേദി ജനറൽ സെക്രട്ടറി റോസിലി പോൾ തട്ടിൽ, ജിജോ ഇട്ടിയവിര തുടങ്ങിയവർ സംസാരിച്ചു. അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി ചടങ്ങുകൾക്ക് നേതൃത്വം നൽകി. സാധു ഇട്ടിയവിര മറുപടി പ്രസംഗവും നടത്തി.

More Archives >>

Page 1 of 450