India - 2025
'തോമാശ്ലീഹായുടെ വർഷം ഉദ്ഘാടനം ചെയ്തു
പ്രവാചകശബ്ദം 17-03-2022 - Thursday
കൊച്ചി: ഭാരതത്തിന്റെ അപ്പസ്തോലനായ മാർ തോമാശ്ലീഹായുടെ രക്തസാക്ഷിത്വ ത്തിന്റെ 1950 -ാമത് വാർഷികാഘോഷങ്ങളോടനുബന്ധിച്ചു സെന്റ് തോമസ് മിഷ്ണറി സൊസൈറ്റി (എംഎസ്ടി നടത്തുന്ന തോമാശ്ലീഹായുടെ വർഷം ഉദ്ഘാടനവും ലോഗോ പ്രകാശനവും നടത്തി. സീറോ മലബാർ സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന ചടങ്ങിൽ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം നിർവഹിച്ചു. തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950 വർഷങ്ങൾ പൂർത്തിയാകുന്ന ഈ ചരിത്ര മുഹൂർത്തത്തിൽ സഭയ്ക്ക് ഉണർവേകാൻ എംഎസ്ടി നടത്തുന്ന വിവിധ പരിപാടികളെ കർദ്ദിനാൾ അഭിനന്ദിച്ചു.
എംഎസ് ടി ഡയറക്ടർ ജനറാൾ റവ.ഡോ. ആന്റണി പെരുമാനൂർ, ആഘോഷ കമ്മിറ്റി കൺവീനർ റവ.ഡോ. ജെയിംസ് കുരികിലാംകാട്ട് എന്നിവർ പ്രസംഗിച്ചു. എ.ഡി. 52ൽ കേരളത്തിൽ വന്ന മാർ തോമാശ്ലീഹാ ഇവിടെ ഏഴു സ്ഥലങ്ങളിൽ ക്രൈസ്തവ സഭാ സമൂഹങ്ങൾ സ്ഥാപിച്ചതിനു ശേഷം മൈലാപ്പൂരിലേക്ക് പോയി അവിടെ രക്തസാക്ഷിയായി എന്നാണ് ചരിത്രവും പാരമ്പര്യവും പറയുന്നത്. ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950 വർഷങ്ങൾ പൂർത്തിയാകുന്നതോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളാണ് എംഎസ്ടി നടപ്പാക്കുന്നത്.