Youth Zone - 2024

നാനൂറിലധികം കരുണയുടെ മിഷ്ണറിമാരുമായി പാപ്പയുടെ കൂടിക്കാഴ്ച നാളെ

പ്രവാചകശബ്ദം 24-04-2022 - Sunday

വത്തിക്കാന്‍ സിറ്റി: ‘കരുണയുടെ മിഷ്ണറിമാര്‍’ എന്നറിയപ്പെടുന്ന തെരഞ്ഞെടുക്കപ്പെട്ട വൈദിക സമൂഹത്തിന്റെ മൂന്നാമത് ആഗോള സമ്മേളനത്തിന്റെ ഭാഗമായി നാളെ ഏപ്രില്‍ 25ന് ഫ്രാന്‍സിസ് പാപ്പ നാനൂറിലധികം കരുണയുടെ മിഷ്ണറിമാരെ അഭിസംബോധന ചെയ്ത് സംസാരിക്കും. നവസുവിശേഷവത്കരണത്തിന്റെ ചുമതലയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലാണ് കൂടിക്കാഴ്ച സംഘടിപ്പിക്കുന്നത്. കോവിഡ് പകര്‍ച്ചവ്യാധിയെ തുടര്‍ന്നു രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കരുണയുടെ മിഷ്ണറിമാരുടെ ആഗോള സമ്മേളനം നടക്കുന്നത്. 5 ഭൂഖണ്ഡങ്ങളിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മിഷ്ണറിമാര്‍ സമ്മേളനത്തില്‍ പങ്കെടുക്കുവാനായി റോമിലെത്തിയിട്ടുണ്ട്. യുക്രൈനില്‍ നിന്നുള്ള ചില വൈദികരും സമ്മേളനത്തില്‍ പങ്കെടുക്കും.

പാപ്പയുമായുള്ള കൂടിക്കാഴ്ചക്ക് പുറമേ, മിഷ്ണറിമാര്‍ക്കായി വിവിധ തരത്തിലുള്ള പ്രവര്‍ത്തനങ്ങളും തങ്ങളുടെ സാക്ഷ്യങ്ങള്‍ നല്‍കുവാന്‍ അവസരം നല്‍കുന്ന ശില്‍പ്പശാലകളും സംഘടിപ്പിക്കുന്നുണ്ട്. കൂടിക്കാഴ്ചക്ക് മുന്നോടിയായി ഇന്നു ഏപ്രില്‍ 24-ന് ദിവ്യകാരുണ്യ ഞായര്‍ ദിനത്തില്‍ വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്സ് ബസലിക്കയില്‍വെച്ച് നടന്ന വിശുദ്ധ കുര്‍ബാനക്കു ഫ്രാന്‍സിസ് പാപ്പ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. കരുണയുടെ ജൂബിലി വര്‍ഷത്തില്‍ ഈ പ്രത്യേക മിനിസ്ട്രിക്ക് ഫ്രാന്‍സിസ് പാപ്പ രൂപം നല്‍കിയതുമുതല്‍ കരുണയുടെ പ്രേഷിതരുടെ എണ്ണം ഇരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ട്. ലോകമെമ്പാടുമായി ഇപ്പോള്‍ ഏതാണ്ട് ആയിരത്തിലധികം കരുണയുടെ പ്രേഷിതരാണ് ഉള്ളത്.

അനുരഞ്ജനത്തില്‍ ഊന്നിയാണ് കരുണയുടെ മിഷ്ണറിമാരുടെ പ്രവര്‍ത്തനം. പരിശുദ്ധ സിംഹാസനത്തിന് ക്ഷമിക്കുവാന്‍ അധികാരപ്പെട്ടിരിക്കുന്ന പാപങ്ങള്‍ക്ക് പോലും വിശുദ്ധ വര്‍ഷത്തില്‍ കരുണയുടെ പ്രേഷിതര്‍ക്കും ക്ഷമ നല്‍കുവാനുള്ള അധികാരം ഉണ്ടെന്നുള്ള കാര്യവും പ്രത്യേകം സ്മരണീയമാണ്. ദൈവത്തിന്റെ കരുണയുടെ ഉപകരണമായിരിക്കുവാനാണ് ഓരോ കരുണയുടെ പ്രേഷിതനും ക്ഷണിക്കപ്പെട്ടിരിക്കുന്നതെന്നും, ഒരു കരുണയുടെ പ്രേഷിതന്‍ പാപിയെ തന്റെ ചുമലില്‍ വഹിക്കുകയും, അനുതാപത്തിന്റെ ശക്തികൊണ്ട് അവനെ ആശ്വസിപ്പിക്കുകയുമാണ്‌ ചെയ്യുന്നതെന്നും 2016-ലെ കരുണയുടെ പ്രേഷിതരുടെ കൂടിക്കാഴ്ചക്കിടയില്‍ ഫ്രാന്‍സിസ് പാപ്പ പറഞ്ഞിരിന്നു.

കാരുണ്യത്തിന്റെ മഹാജൂബിലി വര്‍ഷത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പരിശുദ്ധ പിതാവ് പ്രത്യേക പാപമോചനത്തിനായി തിരഞ്ഞെടുത്ത് നിയമിച്ചിട്ടുള്ള വൈദികരുടെ ഗണത്തില്‍ മഞ്ഞാക്കലച്ചനും ഉള്‍പ്പെട്ടിരിന്നു. ആഗോളസഭയില്‍ 1142 പേരെയാണ് പാപ്പ തിരഞ്ഞെടുത്തിട്ടുള്ളത്. അതില്‍ കേരളത്തില്‍ നിന്നുള്ള ഏകവൈദികന്‍ ആയിരിന്നു ലോക പ്രശസ്ത വചന പ്രഘോഷകനും കാരിസ്ഭവൻ സമൂഹത്തിലെ അംഗവും കൂടിയായ ഫാ. ജെയിംസ് മഞ്ഞാക്കല്‍.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »