India - 2025
വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാൾ ആഘോഷം നാളെ കുഴിക്കാട്ടുശ്ശേരി തീർത്ഥാടന കേന്ദ്രത്തിൽ
പ്രവാചകശബ്ദം 07-06-2022 - Tuesday
മാള: കുടുംബങ്ങളുടെ മധ്യസ്ഥയായ വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാൾ ആ ഘോഷം കുഴിക്കാട്ടുശ്ശേരി വിശുദ്ധ മറിയം ത്രേസ്യ - ധന്യൻ ഫാ. ജോസഫ് വിതയ ത്തിൽ തീർത്ഥാടന കേന്ദ്രത്തിൽ നാളെ നടക്കും. തിരുനാൾ ദിനമായ നാളെ രാവിലെ 9.30നുള്ള ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ മുഖ്യകാർമികനാകും. ഉച്ചതിരിഞ്ഞ് മൂന്നിനുള്ള ദിവ്യബലിയെ തുടർന്ന് അലംകൃതമായ വീഥിയിലൂടെ വാദ്യ ഘോഷങ്ങളുടെയും പ്രാർത്ഥനാമഞ്ജരികളുടെയും അകമ്പടിയിൽ വിശുദ്ധയുടെ തിരുശേഷിപ്പും വഹിച്ചുകൊണ്ടു തിരുനാൾ പ്രദക്ഷിണം. തുടർന്നു തിരുശേഷിപ്പ് വണക്കം.
തീർത്ഥാടന കേന്ദ്രത്തിൽ രാവിലെ ആറു മുതൽ രാത്രി ഏഴുവരെ വിശുദ്ധ കുർബാനകൾ ഊട്ടുനേർച്ച ഭക്ഷണത്തിന്റെ ആശീർവാദം രാവിലെ 8.30 ന് മുൻ അപ്പസ്തോലിക് നൂൺഷ്യോ ആർച്ച്ബിഷപ്പ് മാർ ജോർജ് ഹാനികുളം നിർവഹിക്കും. തുടർന്ന് രാത്രി ഏട്ടുവരെ ഊട്ട് നേർച്ച വിതരണം. എട്ടാമിട തിരുനാൾ ദിനമായ 15 ന് രാവിലെ 10 ന് തിരുനാൾ ദിവ്യബലി. തുടർന്നു പ്രദക്ഷിണം, തിരുശേഷിപ്പു വണക്കം. ഇന്നലെ നടന്ന നവനാൾ തിരുക്കർമങ്ങളിൽ തലശേരി അതിരൂപത ആർച്ച്ബിഷപ്പ് എമരിറ്റസ് മാർ ജോർജ് ഞരളക്കാട്ട് മുഖ്യകാർമികനായിരുന്നു.
ഇന്നു വൈകീട്ട് അഞ്ചിനു നടക്കുന്ന നവനാൾ തിരുക്കർമങ്ങളിൽ കൊല്ലം ബിഷപ്പ് എമരിറ്റസ് ഡോ സ്റ്റാൻലി റോമൻ മുഖ്യകാർമികനാകും. തിരുനാളിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ചെയർമാനും ഇരിങ്ങാലക്കുട രൂപത വികാരി ജനറാളുമായ മോൺ. ജോസ് മഞ്ഞളി, ഹോളി ഫാമിലി സന്യാസിനീസമൂഹത്തിന്റെ സുപ്പീരിയർ ജനറൽ മാർ ആനി കുര്യാക്കോസ്, റെക്ടർ ഫാ. ജോൺ കവലക്കാട്ട്, പ്രമോട്ടർ ഫാ. സെബാസ്റ്റ്യൻ അരിക്കാട്ട്, അഡ്മിനിസ്ട്രേറ്ററും ജനറൽ കൺവീനറുമായ സിസ്റ്റർ എൽസി സേവ്യർ, ജനറൽ കൺവീനർ പി.ടി. ജോസ്, വൈസ് പോസ്റ്റുലേറ്റർ സിസ്റ്റർ റോസ്മിൻ മാത്യു എന്നിവർ അറിയിച്ചു.