India - 2025

വാഴ്ത്തപ്പെട്ട റാണി മരിയ വട്ടാലിലിനെക്കുറിച്ചുള്ള ചലച്ചിത്രം പ്രദര്‍ശിപ്പിച്ചു

പ്രവാചകശബ്ദം 06-06-2022 - Monday

ഭോപ്പാൽ: ഇൻഡോറിലെ പ്രേരണസദൻ ആത്മദർശൻ ഫൗണ്ടേഷനിൽ വാഴ്ത്തപ്പെട്ട റാണി മരിയ വട്ടാലിലിനെക്കുറിച്ചുള്ള ചലച്ചിത്രം പ്രദർശിപ്പിച്ചു. ഇൻഡോര്‍ ബിഷപ്പ് ചാക്കോ തോട്ടുമാരിയ്ക്കൽ, ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷന്റെ ജനറൽ കൗൺസിലർ സിസ്റ്റർ പ്രിൻസി അടക്കമുള്ള 150 അംഗങ്ങളുടെ സദസിലാണു ചിത്രം പ്രദർശിപ്പിച്ചത്. സാമ്പത്തിക ചൂഷണത്തിൽ നിന്നും പാവപ്പെട്ട ആദിവാസികളെ സംഘടിപ്പിക്കാൻ പോരാടുകയും അവർക്കായി സ്വയം സഹായ സംഘങ്ങൾ നടപ്പിലാക്കുകയും ചെയ്ത മധ്യപ്രദേശിലെ ആദ്യ വ്യക്തികളിൽ ഒരാളായിരുന്നു വാഴ്ത്തപ്പെട്ട റാണി മരിയയെന്നു ബിഷപ്പ് ചാക്കോ തോട്ടുമാരിക്കൽ പറഞ്ഞു.

ഫാ. സെൽവിൻ ഇഗ്നേഷ്യസാണ് ചിത്രം സംവിധാനം ചെയ്തത്. രചന - റിജു ചന്ദ്രയാൻ. ഛായാഗ്രഹണം ദീപക് പാണ്ഡെയും എഡിറ്റിംഗ് നിതീഷ് കെ. ദാസും കൈകാര്യം ചെയ്യുന്നു. ആമി നിമ, കേശവ്, മധു റാവത്ത് എന്നിവരും ഇൻഡോറിൽനിന്നുള്ള നിരവ ധി കലാകാരന്മാരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ബിഷപ്പ് ചാക്കോ തോട്ടുമാരിക്ക ൽ, ആത്മദർശൻ ടിവി ഡയറക്ടർ ഫാ. ആനന്ദ്, സിസ്റ്റർ അഞ്ജന, സിസ്റ്റർ നിഷാ ജോ സഫ് എന്നിവർ പ്രസംഗിച്ചു.

ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ (എഫ്‌സിസി) സന്യാസിനി സമൂഹത്തിന്റെ മധ്യപ്രദേശിലെ ഭോപ്പാല്‍ അമല പ്രോവിന്‍സില്‍ സാമൂഹ്യ പ്രവര്‍ത്തന വിഭാഗത്തിന്റെ ചുമതലയുള്ള കൗണ്‍സിലറായിരിക്കെ 1995 ഫെബ്രുവരി 25ന് ഇന്‍ഡോറിലാണു സിസ്റ്റര്‍ രക്തസാക്ഷിത്വം വരിച്ചത്.

സമൂഹത്തിലെ നിര്‍ധനര്‍ക്ക് വേണ്ടി സ്വരമുയര്‍ത്തി സാധാരണക്കാര്‍ക്കു വിദ്യാഭ്യാസവും സ്വയംപര്യാപ്തതയും ലഭ്യമാക്കുന്നതിനു സാമൂഹ്യ ഇടപെടലുകള്‍ നടത്തിയ സിസ്റ്റര്‍ റാണി മരിയയുടെ സേവനം ജന്മിമാരെ ചൊടിപ്പിക്കുകയായിരിന്നു. ഇതില്‍ രോഷാകുലരായ പ്രദേശത്തെ ജന്മിമാര്‍ സമന്ദര്‍സിംഗ് എന്ന വാടകക്കൊലയാളിയെ ഉപയോഗിച്ച് സിസ്‌റര്‍ റാണി മരിയയെ കൊലപ്പെടുത്തുവാന്‍ നിയോഗിച്ചു. മധ്യപ്രദേശിലെ ഉദയ്‌നഗറില്‍ നിന്നു ഇന്‍ഡോറിലേക്കുള്ള ബസ് യാത്രക്കിടെയാണു റാണി മരിയ കൊല്ലപ്പെട്ടത്.

ഏറെക്കാലത്തെ ജയില്‍വാസത്തിനുശേഷം മാനസാന്തരപ്പെട്ട സമന്ദര്‍സിംഗ് സിസ്റ്റര്‍ റാണി മരിയയുടെ വീട്ടിലെത്തി മാതാപിതാക്കളോടു മാപ്പുചോദിച്ചിരുന്നു. 2017 നവംബര്‍ നാലിനാണ് റാണി മരിയയെ തിരുസഭ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിച്ചത്. റാണി മരിയയുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിലും പങ്കെടുക്കുവാന്‍ കൊലയാളി എത്തിയിരിന്നു.

More Archives >>

Page 1 of 462