India - 2025
റവ. ഡോ. ആന്റണി കാക്കനാട്ടിലിന് റമ്പാൻ പട്ടം നൽകി
പ്രവാചകശബ്ദം 19-06-2022 - Sunday
തിരുവല്ല: മലങ്കര സുറിയാനി കത്തോലിക്ക സഭ കൂരിയ ബിഷപ്പായി നിയമിതനായ റവ. ഡോ. ആന്റണി കാക്കനാട്ടിലിന് റമ്പാൻ പട്ടം നൽകി. തിരുവല്ല സെന്റ് ജോൺ മെത്രാപ്പോലീത്തൻ കത്തീഡ്രലിൽ ഇന്നലെ രാവിലെ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ സാന്നിധ്യത്തിൽ ആർച്ച് ബിഷപ്പ് ഡോ.തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമികത്വത്തിൽ നടന്ന സമൂഹബലിമധ്യേയാണ് റമ്പാൻ പട്ടം നൽകിയത്. മെത്രാപ്പോലീത്തമാരായ യൂഹാനോൻ മാർ ക്രിസോസ്റ്റം, യൂഹാനോൻ മാർ തിയോഡോഷ്യസ് എന്നിവർ സഹകാർമികരായിരുന്നു.
മലങ്കര കത്തോലിക്കാ മെത്രാപ്പോലീത്തമാരായ ജോഷ്വ മാർ ഇഗ്നാത്തിയോസ്, ജോ സഫ് മാർ തോമസ്, സാമുവേൽ മാർ ഐറേനിയോസ്, ഏബ്രഹാം മാർ യൂലിയോസ്, ഓർത്തഡോക്സ് സഭ നിരണം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, നിയുക്ത മെത്രാൻ റവ.ഡോ. മാത്യു മനക്കരക്കാവിൽ കോർ എപ്പിസ്കോപ്പ, ബഥനി സന്യാസസമൂഹം പ്രൊവിൻഷൽ ജനറാൾ ഫാ. മത്തായി കടവിൽ ഒഐസി എന്നിവ രും വൈദികരും ശുശ്രൂഷകളിൽ കാർമികരായി. ജൂലൈ 15നു തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലിലാണ് നിയുക്ത മെത്രാൻ ആന്റണി റമ്പാൻ മെത്രാൻ സ്ഥാനം സ്വീകരിക്കുന്നത്. മെത്രാൻ സ്ഥാനാഭിഷേകത്തിനു മുന്നോടിയായാണ് മലങ്കര പാരമ്പര്യത്തിൽ പൂർണ സന്ന്യാസ പട്ടത്തിന്റെ പ്രതീകമായ റമ്പാൻ സ്ഥാനം നൽകിയത്.