Arts

ക്രിസ്തു വര്‍ഷം 2025: ജൂബിലി വര്‍ഷാചരണത്തിന് ഒരുക്കമായി വത്തിക്കാന്‍ ലോഗോ പ്രകാശനം ചെയ്തു

പ്രവാചകശബ്ദം 29-06-2022 - Wednesday

വത്തിക്കാന്‍ സിറ്റി: കാല്‍ നൂറ്റാണ്ടിന് ശേഷം സാര്‍വത്രിക സഭ 2025-ല്‍ ആഘോഷിക്കുവാനിരിക്കുന്ന ജൂബിലി വര്‍ഷത്തിന്റെ ഔദ്യോഗിക ലോഗോ വത്തിക്കാന്‍ പ്രകാശനം ചെയ്തു. ഇന്നലെ ജൂണ്‍ 28-ന് സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ വെച്ച് സുവിശേഷവത്ക്കരണത്തിന് വേണ്ടിയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയുടെ തലവനായ ആര്‍ച്ച് ബിഷപ്പ് റിനോ ഫിസിഷെല്ലയാണ് പ്രകാശനം കര്‍മ്മം നിര്‍വഹിച്ചത്. ആഗോളതലത്തില്‍ നടത്തിയ മത്സരത്തിലൂടെയാണ് 2025 ജൂബിലി വര്‍ഷത്തിന്റെ ലോഗോ തിരഞ്ഞെടുത്തതെന്നത് ശ്രദ്ധേയമാണ്. “പ്രത്യാശയുടെ തീര്‍ത്ഥാടകര്‍” എന്ന മുഖ്യ പ്രമേയത്തെ പ്രതിഫലിപ്പിക്കുന്ന രൂപകല്‍പ്പനകള്‍ വേണമെന്ന് വത്തിക്കാന്‍ പ്രത്യേകം നിര്‍ദ്ദേശിച്ചിരുന്നു. ഇറ്റാലിയന്‍ ഡിസൈനറായ ഗിയാകോമോ ട്രാവിസാനി രൂപകല്‍പ്പന ചെയ്ത ലോഗോയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

48 രാജ്യങ്ങളില്‍ നിന്നുമായി 294 എന്‍ട്രികളാണ് ലഭിച്ചതെന്ന് മെത്രാപ്പോലീത്ത അറിയിച്ചു. 6 വയസ്സുമുതല്‍ 83 വയസ്സ് വരെയുള്ളവര്‍ ലോഗോ മത്സരത്തില്‍ പങ്കെടുത്തു. ലഭിച്ച എന്‍ട്രികളില്‍ പലതും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കുട്ടികള്‍ കൈകൊണ്ട് വരച്ചതായിരുന്നെന്നും, വിശ്വാസത്തില്‍ നിന്നും ഭാവനയില്‍ നിന്നും ഉടലെടുത്ത ഓരോന്നും അവലോകനം ചെയ്തത് ഒരു പ്രത്യേക അനുഭവമായിരുന്നെന്നും മെത്രാപ്പോലീത്ത വെളിപ്പെടുത്തി. പാനല്‍ തിരഞ്ഞെടുത്ത മൂന്നു ലോഗോകളില്‍ നിന്നും ഫ്രാന്‍സിസ് പാപ്പയാണ് വിജയിയെ തിരഞ്ഞെടുത്തത്.

തിരഞ്ഞെടുക്കപ്പെട്ട ലോഗോയില്‍ ഭൂമിയുടെ നാലുകോണില്‍ നിന്നുമുള്ള മുഴുവന്‍ മനുഷ്യരാശിയേയും സൂചിപ്പിക്കുന്ന നാല് മനുഷ്യ രൂപങ്ങള്‍ ഉണ്ട്. ജനതയെ ഐക്യപ്പെടുത്തുന്ന സാഹോദര്യത്തെ സൂചിപ്പിക്കുന്നതിനായി അവ ഓരോരുത്തരും പുണര്‍ന്നിരിക്കുന്നു. അതില്‍ ആദ്യത്തെ മനുഷ്യ രൂപം ഒരു കുരിശില്‍ പിടിച്ചിരിക്കുകയാണ്. ജീവന്റെ തീർത്ഥാടനം എപ്പോഴും ശാന്തമായ ജലാശയത്തിലല്ലെന്ന് സൂചിപ്പിക്കുന്നതിന് അടിയിലുള്ള തിരമാലകൾ പ്രക്ഷുബ്ധമാണ്. എന്നാല്‍ കുരിശിന്റെ താഴ്ഭാഗം പ്രത്യാശയുടെ പ്രതീകമായ നങ്കൂരത്തിന്റെ ആകൃതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

വേനലിന് ശേഷമായിരിക്കും ജൂബിലി വര്‍ഷത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഉദ്ഘാടനം ചെയ്യുക. തീര്‍ത്ഥാടനം, പ്രാര്‍ത്ഥന, ക്ഷമ, നവീകരണം, കരുണ എന്നിവക്കായി നീക്കിവെച്ചിരിക്കുന്ന വര്‍ഷമാണ്‌ 2025-ലെ ജൂബിലി വര്‍ഷമെന്നും വത്തിക്കാന്‍ അറിയിച്ചു. കാലഘട്ടത്തെ രണ്ടായി വിഭജിച്ച യേശു ക്രിസ്തുവിന്റെ ജനനത്തിന്റെ ഓരോ കാല്‍ നൂറ്റാണ്ടിനും അതീവ പ്രാധാന്യമാണ് തിരുസഭ നല്‍കി വരുന്നത്. ഓരോ 25 വര്‍ഷം കൂടുമ്പോഴാണ് തിരുസഭയില്‍ പ്രത്യേകമാംവിധം ജൂബിലി വര്‍ഷം ആഘോഷിക്കുന്നത്. ക്രിസ്തു ഇന്നലെ, ഇന്ന്‍, എന്നെന്നേക്കും എന്ന പ്രമേയവുമായി 2000-ത്തിലാണ് അവസാന ജൂബിലി വര്‍ഷം ആചരണം നടന്നത്. 2024- വിശുദ്ധ വര്‍ഷാഘോഷത്തിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകള്‍ക്കും പ്രാര്‍ത്ഥനക്കും വേണ്ടിയുള്ള വര്‍ഷമായി വത്തിക്കാന്‍ നിശ്ചയിച്ചിട്ടുണ്ട്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »