Arts - 2024

മധ്യകാലഘട്ടത്തിലെ ക്രൈസ്തവരുടെ പ്രാർത്ഥനയിലേക്ക് വിരല്‍ചൂണ്ടുന്ന തെളിവുകള്‍ കണ്ടെത്തി

പ്രവാചകശബ്ദം 07-07-2022 - Thursday

മധ്യകാലഘട്ടത്തിലെ ക്രൈസ്തവരുടെ പ്രാർത്ഥന രീതികളിലേക്ക് വെളിച്ചം വീശുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള തെളിവുകള്‍ ഉത്തര ഇംഗ്ലണ്ടിൽ കണ്ടെത്തി. ഡർഹാം സർവ്വകലാശാലയും ഡിഗ് വെഞ്ചൂർസ് എന്ന പുരാവസ്തുക്കളെ പറ്റി പഠനം നടത്തുന്ന സംഘടനയും സംയുക്തമായി നടത്തിയ ഖനനത്തിനിടെയാണ് എട്ടാം നൂറ്റാണ്ടിലോ, ഒന്‍പതാം നൂറ്റാണ്ടിലോ ഉപയോഗിച്ചിരുന്നതെന്ന്‍ കരുതപ്പെടുന്ന പ്രാർത്ഥന മുത്തുകൾ കണ്ടെത്തിയത്. ലിൻഡിസ്ഫാർനി എന്ന ദ്വീപിലാണ് ഖനനം നടന്നത്. മത്സ്യത്തിന്റെ എല്ലുകൊണ്ട് നിർമ്മിച്ച മുത്തുകൾ ഒരു അസ്ഥികൂടത്തിന്റെ കഴുത്തിൽ ചുറ്റിയ നിലയിലാണ് കാണപ്പെട്ടത്. നോർത്തംബ്രിയയിലെ രാജാക്കന്മാർ ഒരു പ്രശസ്തമായ സന്യാസ ആശ്രമം ലിൻഡിസ്ഫാർനി ദ്വീപിൽ പണികഴിപ്പിച്ചിട്ടുണ്ട്.

ഹോളി ഐലൻഡ് എന്ന പേരിലും ലിൻഡിസ്ഫാർനി അറിയപ്പെടുന്നു. വ്യക്തിപരമായ പ്രാർത്ഥനയ്ക്ക് ഉപയോഗിച്ചിരുന്ന മുത്തുകൾ ആശ്രമത്തിലെ ഒരു സന്യാസിയുടെ ഭൗതികശരീരം അടക്കം ചെയ്ത സമയത്ത് അദ്ദേഹത്തിന്റെ കഴുത്തിൽ അണിയിച്ചതാണെന്ന് പുരാതന ക്രൈസ്തവ വിശ്വാസത്തെ കുറിച്ച് പഠനം നടത്തുന്ന വിദഗ്ധ ഗവേഷകനായ ഡോക്ടർ ഡേവിഡ് പെറ്റ് പറഞ്ഞു. അദ്ദേഹമാണ് ഈ ഗവേഷണത്തിന്റെ സഹ അധ്യക്ഷൻ. മധ്യ കാലഘട്ടത്തിലെ ബ്രിട്ടനിൽ നിന്ന് ലഭിക്കുന്ന ഏറ്റവും പ്രാചീനമായ മുത്തുകളാണ് ഇതെന്ന് ഡിഗ് വെഞ്ചൂർസിന്റെ പ്രതിനിധി ലിസാ വെസ്കോട്ട് ഇറക്കിയ പ്രസ്താവനയിൽ പറയുന്നു. ചെവിങ്ടണിലെ പ്രാചീന ആശ്രമത്തിൽ നിന്ന് പതിമൂന്നാം നൂറ്റാണ്ടിൽ ഉപയോഗിച്ചു എന്ന് കരുതപ്പെടുന്ന മത്സ്യത്തിന്റെ എല്ലുകൊണ്ട് ഉണ്ടാക്കിയ സമാനമായ മുത്തുകൾ ഗവേഷകർ ഇതിനുമുമ്പ് കണ്ടെത്തിയിട്ടുണ്ട്.

More Archives >>

Page 1 of 42