News

നൈജീരിയയിലെ പ്രസിഡന്‍ഷ്യല്‍ പദവിയിലേക്ക് മുസ്ലീങ്ങള്‍ മാത്രം: ഭരണകക്ഷിയുടെ തീരുമാനത്തിനെതിരെ ക്രൈസ്തവര്‍

പ്രവാചകശബ്ദം 15-07-2022 - Friday

അബൂജ: അടുത്ത വര്‍ഷം നടക്കുവാനിരിക്കുന്ന നൈജീരിയന്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഭരണകക്ഷിയായ ഓള്‍ പ്രോഗസീവ് കോണ്‍ഗ്രസ്സ് (എ.പി.സി) നൈജീരിയന്‍ ജനസംഖ്യയുടെ പകുതിയോളം വരുന്ന ക്രൈസ്തവരെ അവഗണിച്ചതില്‍ അമര്‍ഷവുമായി രാജ്യത്തെ ക്രൈസ്തവ സമൂഹം. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ‘എ.പി.സി’യുടെ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിയായ ബോലാ ടിനുബു, സെനറ്റര്‍ കാഷിം ഷെട്ടിമയെ വൈസ്-പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ഇരുവരും ഇസ്ലാം മതസ്ഥരാണ്. പൊതുതിരഞ്ഞെടുപ്പില്‍ ഇസ്ലാം മതസ്ഥര്‍ക്ക് മാത്രം പ്രാതിനിധ്യം നല്‍കിയാല്‍ അത് രാഷ്ട്രത്തിന്റെ ഐക്യത്തെ ബാധിക്കുമെന്ന് നൈജീരിയന്‍ മെത്രാന്‍ സമിതി മുന്നറിയിപ്പ് നല്‍കി ഒരു മാസത്തിനുള്ളിലാണ് ഈ പ്രഖ്യാപനം. മുസ്ലീങ്ങള്‍ക്കും ക്രൈസ്തവര്‍ക്കും ഒരുപോലെ പരിഗണന നല്‍കുന്ന നൈജീരിയന്‍ പാരമ്പര്യത്തിന് വിരുദ്ധമായ ഈ നടപടി കൊടിയ വിവേചനത്തിന് കാരണമാകുമെന്ന ആശങ്കയിലാണ് ക്രൈസ്തവര്‍.

തീരുമാനത്തിന്റെ പേരില്‍ എ.പി.സി യിലെ പല മുതിര്‍ന്ന നേതാക്കളും പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു കഴിഞ്ഞു. മുസ്ലീം അനുകൂല നിലപാട് പുലര്‍ത്തിയിരുന്ന നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ്‌ ബുഹാരിയുടെ ജന്മസ്ഥലമായ ഡൌരായില്‍വെച്ചായിരുന്നു പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്. രാജ്യത്തിന്റെ പ്രസിഡന്റും, വൈസ് പ്രസിഡന്റും മുസ്ലീങ്ങള്‍ തന്നെ ആയിരിക്കുന്നതിനോടു കത്തോലിക്കര്‍ ഉള്‍പ്പെടെയുള്ള ക്രിസ്ത്യന്‍ നേതാക്കള്‍ക്ക് യോജിപ്പില്ലാത്ത സാഹചര്യത്തില്‍ ഇത്തരമൊരു പ്രഖ്യാപനം രാജ്യത്ത് വിഭാഗീയത വര്‍ദ്ധിപ്പിക്കുമെന്ന ആശങ്കയിലാണ് ക്രൈസ്തവര്‍. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയേറിയ രാജ്യമായ നൈജീരിയയില്‍ 3 പ്രധാന മതങ്ങളും, നാനൂറിലധികം ഭാഷകളും, 250 ഗോത്രവര്‍ഗ്ഗങ്ങളുമാണുള്ളത്. രാജ്യത്തിന്റെ വടക്കന്‍ മേഖലയില്‍ മുസ്ലീങ്ങളും, തെക്കന്‍ മേഖലയില്‍ ക്രിസ്ത്യാനികളും എന്ന രീതിയിലാണ് ജനസംഖ്യയുടെ വ്യാപനം.

തെക്കന്‍ മേഖലയില്‍ നിന്നുള്ള ഇസ്ലാം മതവിശ്വാസിയായ ടിനുബു പ്രാദേശികതയാണ് കണക്കിലെടുത്തതെങ്കില്‍ വടക്കന്‍ മേഖലയിലുള്ള ഒരു ക്രൈസ്തവ വിശ്വാസിയെ നിര്‍ദ്ദേശിക്കാമായിരുന്നുവെന്നാണ് ഭൂരിപക്ഷ അഭിപ്രായം. ജനാധിപത്യ സംവിധാനത്തില്‍ മുസ്ലീം - മുസ്ലീം ടിക്കറ്റോ, ക്രിസ്ത്യന്‍ - ക്രിസ്ത്യന്‍ ടിക്കറ്റോ പ്രശ്നമല്ലെങ്കിലും നൈജീരിയയിലെ നിലവിലെ സാഹചര്യത്തില്‍ ഇത് ആശാസ്യമല്ലെന്നു നൈജീരിയന്‍ മെത്രാന്‍ സമിതി ജൂണ്‍ 14-ന് പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ പ്രസ്താവിച്ചിരിന്നു. സമീപ മാസങ്ങളില്‍ നൂറുകണക്കിന് ക്രൈസ്തവര്‍ തീവ്രവാദി ആക്രമണങ്ങളില്‍ കൊല്ലപ്പെടുകയും, നിരവധി വൈദികര്‍ തട്ടിക്കൊണ്ടുപോകപ്പെടുകയോ, കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ട്. നിലവിലെ പ്രസിഡന്‍റ് മുഹമ്മദ്‌ ബുഹാരിയുടെ കാലത്ത് മാത്രമാണ് രാജ്യത്ത് മുസ്ലീം - മുസ്ലീം സൈനീക സ്വേച്ഛാധിപത്യം നിലനിന്നിരുന്നതെന്നും വാര്‍ത്താക്കുറിപ്പ് ചൂണ്ടിക്കാട്ടുന്നു.

വടക്കന്‍ മുസ്ലീം അനുകൂല നിലപാട് പുലര്‍ത്തുന്ന ബുഹാരി കഴിഞ്ഞ 7 വര്‍ഷക്കാലം രാഷ്ട്രത്തിന്റെ ഐക്യത്തിനായി ഒന്നും ചെയ്യാത്ത സാഹചര്യത്തില്‍ ഇനി വരാനിരിക്കുന്ന ഭരണകൂടം എന്തെങ്കിലും ചെയ്യുമെന്ന പ്രതീക്ഷയും ഇതോടെ ഇല്ലാതായെന്നു അബുജ അതിരൂപതയിലെ വൈദികനായ ഫാ. ഇമ്മാനുവല്‍ ഒജെയിഫൊ പറഞ്ഞു. മെത്രാന്‍ സമിതിക്ക് പുറമേ നൈജീരിയയിലെ മറ്റ് ക്രിസ്ത്യന്‍ സംഘടനകളും ഈ വിവേചനത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ‘പുരുഷനോ സ്ത്രീയോ ആയിക്കോട്ടെ'- ഇരു മതങ്ങളിലും ഉള്‍പ്പെട്ടവരെ പ്രസിഡന്‍ഷ്യല്‍ പദവികളിലേക്ക് പരിഗണിക്കണമെന്ന് ‘ക്രിസ്റ്റ്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയ’ (സി.എ.എന്‍) ആവശ്യപ്പെട്ടുകഴിഞ്ഞു. ആംഗ്ലിക്കന്‍ സഭയും ഭരണകക്ഷിയുടെ തീരുമാനത്തിനെതിരെ രംഗത്തു വന്നിട്ടുണ്ട്. .

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »