Arts
നോട്രഡാം കത്തീഡ്രല്‍ 2024-ല്‍ തുറന്നു നല്‍കുമെന്ന് ഫ്രഞ്ച് സാംസ്ക്കാരിക വകുപ്പ് മന്ത്രി
പ്രവാചകശബ്ദം 31-07-2022 - Sunday
പാരീസ്: തീപിടുത്തത്തിനു ഇരയായി കത്തിയമര്‍ന്ന ഫ്രാന്‍സിലെ പ്രശസ്തമായ നോട്രഡാം കത്തീഡ്രലിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. 2024-ഓടെ ദേവാലയം ആരാധനക്കായി തുറന്നു കൊടുക്കുവാന്‍ കഴിയുമെന്ന് ഫ്രഞ്ച് സാംസ്ക്കാരിക വകുപ്പ് മന്ത്രി റിമ അബ്ദുല്‍ മലാക് അറിയിച്ചു. ഫ്രഞ്ച് ചരിത്രത്തിലെ ഇരുണ്ട ദിനങ്ങളിലൊന്നെന്ന് വിശേഷിപ്പിക്കുന്ന 2019 ഏപ്രില്‍ 15-നാണ് ദേവാലയം അഗ്നിയ്ക്കിരയായത്. ലോകത്തിന്റെ മുമ്പില്‍ പാരീസിന്റെ പ്രതീകമെന്ന നിലയിലാണ് നോട്രഡാം കത്തീഡ്രല്‍ അറിയപ്പെടുന്നത്. വേനലവസാനത്തോടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുവാന്‍ കഴിയുംവിധം പുനരുദ്ധാരണ പദ്ധതിയിലെ ഒരു പ്രധാന ഘട്ടമായ ശുചീകരണ ഘട്ടം പൂര്‍ത്തിയായെന്നും റിമ പറഞ്ഞു.
ഈ പദ്ധതിയുടെ വലിയൊരു ഭാഗം ജോലിയും പൂര്‍ത്തിയാക്കുന്ന വര്‍ഷമായിരിക്കും 2024 എന്ന് തങ്ങള്‍ക്കുറപ്പുണ്ടെന്നും, കത്തീഡ്രല്‍ വിശ്വാസികള്‍ക്കും, പൊതുജനങ്ങള്‍ക്കും തുറന്നുകൊടുക്കുന്ന വര്‍ഷം കൂടിയായിരിക്കും അതെന്നും കൂട്ടിച്ചേര്‍ത്തു. വിനാശകരമായ അഗ്നിബാധയില്‍ കത്തീഡ്രലുകളുടെ രാജ്ഞി എന്നറിയപ്പെടുന്ന ദേവാലയത്തിന്റെ മേല്‍ക്കൂരയും പ്രശസ്തമായ ഗോപുരവും കത്തിവീഴുന്നത് ലോക ജനത ഭീതിയോടെയാണ് വീക്ഷിച്ചത്. 2019-ലെ തീപിടുത്തത്തിന്റെ തൊട്ടുപിന്നാലെ തന്നെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ ദേവാലയം പുനരുദ്ധരിക്കുമെന്നും ഫ്രാന്‍സ് ഒളിമ്പിക്സ് ഗെയിംസിന് ആതിഥ്യമരുളുന്ന 2024-ല്‍ ദേവാലയം വിശ്വാസികള്‍ക്കായി തുറന്നു നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു.
വാസ്തുകലാവിദഗ്ദനായ യൂജിന്‍ വയലെറ്റ്-ലെ-ഡുക്ക് രൂപകല്‍പ്പന ചെയ്ത 96 മീറ്റര്‍ (315 അടി) ഉയരമുള്ള ഗോപുരത്തോട് കൂടി കത്തീഡ്രല്‍ അതിന്റെ പഴയ രൂപകല്‍പ്പനയില്‍ തന്നെയാണ് പുനരുദ്ധരിക്കുന്നത്. ഇതിന്റെ നിര്‍മ്മാണത്തിന് വേണ്ടിയുള്ള മരങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞു. കത്തീഡ്രലിന്റെ പുനരുദ്ധാരണ പദ്ധതിയുടെ ഘട്ടങ്ങളിലൊന്നായ സുരക്ഷാഘട്ടം കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷമാണ് കത്തീഡ്രലിന്റെ അകത്തളം വൃത്തിയാക്കുന്ന ശുചീകരണ ഘട്ടം ആരംഭിച്ചത്. മേല്‍ക്കൂരക്ക് പുറമേ, കമാനം, ഗോപുരം തുടങ്ങിയവയുടെ പുനരുദ്ധാരണമാണ് പുനര്‍നിര്‍മ്മാണത്തില്‍ പ്രധാനമായും ഉള്‍പ്പെടുന്നത്. യേശുവിന്റെ മുള്‍ക്കിരീടം ഉള്‍പ്പെടെ നിരവധി തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിരുന്ന സ്ഥലം കൂടിയായിരുന്നു ഈ ദേവാലയം. അഗ്നിബാധയില്‍ ഈ തിരുശേഷിപ്പുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചില്ലെന്നത് ഇന്നും അത്ഭുതമായി തുടരുന്നു.