India - 2025

തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ സെക്രട്ടേറിയേറ്റ് മാർച്ചില്‍ പ്രതിഷേധത്തിരയിളകി

പ്രവാചകശബ്ദം 11-08-2022 - Thursday

തിരുവനന്തപുരം: സര്‍ക്കാര്‍ തീരദേശ ജനതയോടു കാണിക്കുന്ന നീതി നിഷേധത്തിനെതിരെ തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയേറ്റ് മാർച്ചിലും ധർണയിലും പ്രതിഷേധത്തിരയിളകി. മത്സ്യബന്ധന ബോട്ടുകളുമായാണ് സെക്രട്ടേറിയറ്റ് സമരത്തിനു മത്സ്യ തൊഴിലാളികള്‍ എത്തിയത്. തീരദേശത്തുനിന്നുള്ള പ്രതിഷേധക്കാരെ ഈഞ്ചയ്ക്കലിലും ജനറൽ ആശുപത്രി ജംഗക്ഷനിലും അഞ്ചു തെങ്ങ് ഭാഗത്തുമെല്ലാം പോലീസ് തടഞ്ഞുവെങ്കിലും ഫലമുണ്ടായില്ല. വള്ളങ്ങൾ കയറ്റിയ വാഹനവുമായി സെക്രട്ടേറിയറ്റ് ഭാഗത്തേക്കു പോകാൻ കഴിയില്ലെന്നായിരുന്നു പോലീസ് നിലപാട്. എന്തു വന്നാലും പോകുമെന്നു മത്സ്യത്തൊഴിലാളികളും പറഞ്ഞതോടെ വാക്കേറ്റമായി. ഏറെ നേരം പൊലീസ് മത്സ്യത്തൊഴിലാളികളെ തടഞ്ഞു. ഇതിനിടെ, വള്ളങ്ങൾ കയറ്റിയ ചില വാഹനങ്ങൾ 11 മണിയോടെ മ്യൂസിയം ജംക്ഷനിലെത്തി.

മത്സ്യത്തൊഴിലാളികളുമായി വാഹനങ്ങളും മ്യൂസിയം ഭാഗത്തേക്കു വന്നു തുടങ്ങി. ഒരു മണിയോടെ വള്ളങ്ങൾ കയറ്റിയ വാഹനങ്ങൾ പോലീസ് സെക്രട്ടേറിയറ്റ് ഭാഗത്തേക്കു പോകാൻ അനുവദിച്ചു. നൂറുകണക്കിനു സ്ത്രീകൾ ഉൾപ്പെടെയുള്ളവർ സർക്കാരിനെതിരെ മുദ്രാവാക്യങ്ങളുമായി വാഹനങ്ങളെ അനുഗമിച്ചു.ആത്മാർഥതയില്ലാത്ത സമീപനമാണ് മുഖ്യമന്ത്രിയുടേതെന്ന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ. നെറ്റോ പറഞ്ഞു. സമാധാനത്തോടെ പ്രതിഷേധിച്ചപ്പോൾ അധികാരികൾ കുതന്ത്രം ഉപയോഗിച്ച് തടസ്സപ്പെടുത്താൻ ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ആശങ്ക സർക്കാർ പരിഗണിച്ചില്ലെന്നും സമരം തുടരുമെന്നും മുൻ ആർച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യം പറഞ്ഞു.

അതിരൂപത വികാരി ജനറലും സമര കൺവീനറുമായ മോൺ. യൂജിൻ എച്ച് പെരേര തീര ജനതയെ സമരത്തിൽ നിന്നും പിന്തിരിപ്പിക്കുന്ന യാതൊരു ഭീഷണിപ്പെടുത്തലും നിർദ്ദേശങ്ങളും കണ്ട് ഭയപ്പെടില്ലെന്നും ഇനിയും തങ്ങൾ പോരാടുക തന്നെ ചെയ്യുമെന്നും പ്രഖ്യാപിച്ചു. കഴിഞ്ഞ 20 മുതലാരംഭിച്ച സമരത്തിൽ തങ്ങൾ അടിസ്ഥാന ആവശ്യങ്ങളാണ് ഉന്നയിക്കുന്നതെന്നും ഇത് ഇന്നോ നാളെയോ അവസാനിക്കുന്ന സമരമല്ലെന്നും അതിരൂപത ചാൻസിലർ മോൺ.സി. ജോസഫ് താക്കീത് നൽകി. ഒന്നുകിൽ ജീവിതം അല്ലെങ്കിൽ മരണം. അതാണ് ഈ സമരത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. സമരത്തെ അഭിസംബോധന ചെയ്ത് ഫാ. തിയോഡീഷ്യസ്, മോൺ. ജെയിംസ് കുലാസ്, ജോണി, അതിരൂപത മത്സ്യ ശുശ്രൂഷാ ഡയറക്ടർ ഫാ. ഷാജിൻ ജോസ് എന്നിവർ സംസാരിച്ചു.അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നെത്തിയ ജനങ്ങൾക്കൊപ്പം അതിരൂപയിലെ വൈദീക സന്യസ്ത അൽമായ പ്രതിനിധികളും പങ്കെടുത്തു.

More Archives >>

Page 1 of 475