News

ഓരോ മനുഷ്യ ജീവനും വിലയുള്ളത്: ലോക പരമ്പരാഗത മത സമ്മേളനത്തില്‍ ഫ്രാന്‍സിസ് പാപ്പ

പ്രവാചകശബ്ദം 14-09-2022 - Wednesday

നൂര്‍-സുല്‍ത്താന്‍: എല്ലാ മനുഷ്യ ജീവന്റേയും വിലയേയും വിശുദ്ധിയെ കുറിച്ച് സമൂഹത്തെ ഓര്‍മ്മിപ്പിക്കേണ്ട ചുമതല മതങ്ങളുടേതാണെന്ന ഓര്‍മ്മപ്പെടുത്തലുമായി ഫ്രാന്‍സിസ് പാപ്പ. ഏഴാമത് ആഗോള പരമ്പരാഗത മതനേതാക്കളുടെ സമ്മേളനത്തില്‍ പങ്കെടുക്കുവാനായി മധ്യേഷ്യന്‍ രാജ്യമായ കസാക്കിസ്ഥാനിലെത്തിയ പാപ്പ, ഇന്ന് രാവിലെ നടന്ന ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. നൂറോളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ന് മനുഷ്യ ജീവനെ അംഗീകരിക്കുവാന്‍ നമുക്ക് പ്രയാസമാണ്. ഓരോദിവസവും ജനിച്ചവരും, ജനിക്കുവാനിരിക്കുന്നവരും, പ്രായമായവരും, അഭയാര്‍ത്ഥികളും ഉപേക്ഷിക്കപ്പെടുകയാണ്. ലോകത്തെ ഇക്കാര്യം ഓര്‍മ്മിപ്പിക്കേണ്ട ചുമതല മതനേതാക്കള്‍ക്കാണെന്നും പാപ്പ പറഞ്ഞു.

മതസ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പാപ്പ വിവരിച്ചു. അടിസ്ഥാനപരവും, പ്രാഥമിക അവകാശവുമായ മതസ്വാതന്ത്ര്യം എല്ലായിടത്തും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്, മതസ്വാതന്ത്ര്യമെന്നാല്‍ ആരാധനാ സ്വാതന്ത്ര്യത്തില്‍ മാത്രം പരിമിതപ്പെടുത്തേണ്ട ഒന്നല്ല. ഓരോ വ്യക്തിക്കും തന്റെ വിശ്വാസത്തിന് പരസ്യമായി സാക്ഷ്യം നല്‍കുവാനും അടിച്ചേല്‍പ്പിക്കാതെ തന്നെ അത് പ്രചരിപ്പിക്കുവാനുമുള്ള അവകാശമുണ്ട്. ആളുകളുടെ വൈവിധ്യത്തെ മാനിച്ചുക്കൊണ്ട് അവരെ ഒരുമിച്ച് കൊണ്ടുവരണമെന്നും, അവരുടെ ചൈതന്യത്തെ മാനിച്ചുക്കൊണ്ട് തന്നെ അവരുടെ ഉന്നതമായ ആത്മീയ അഭിലാഷങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും പാപ്പ പറഞ്ഞു.

സന്ദര്‍ശനത്തിന്റെ അവസാന ദിവസമായ നാളെ രാവിലെ ജെസ്യൂട്ട് വൈദികരുമായി പാപ്പ കൂടിക്കാഴ്ച നടത്തും. അതിന് ശേഷം മതസമ്മേളനത്തിന്റെ സമാപന യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതും പാപ്പ തന്നെയാണ്. കസാഖ് പ്രസിഡന്റിന്റെ ഉദ്ഘാടന പരാമര്‍ശത്തോടെയായിരുന്നു മതസമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങ് ആരംഭിച്ചത്. ഫ്രാന്‍സിസ് പാപ്പയ്ക്കു പുറമേ, അല്‍-അസ്ഹര്‍ ഗ്രാന്‍ഡ്‌ ഇമാം അഹമദ് എല്‍ തയ്യെബ്, മോസ്കോ പാത്രിയാര്‍ക്കേറ്റിന്റെ മെട്രോപ്പൊളിറ്റന്‍ വൊളോകോലാംസ്ക് അന്തോണി, ഇസ്രായേലിലെ ചീഫ് റബ്ബി യിറ്റ്ഴാക് യോസെഫ് തുടങ്ങിയ പ്രമുഖ മതനേതാക്കളും ഉദ്ഘാടന ചടങ്ങില്‍ സംസാരി.ച്ചിരിന്നു.

More Archives >>

Page 1 of 788