Arts

ജൂബിലി വർഷത്തിന് ഔദ്യോഗിക ഗാനം തെരഞ്ഞെടുക്കാൻ ആഗോള മത്സരവുമായി വത്തിക്കാൻ

പ്രവാചകശബ്ദം 19-09-2022 - Monday

വത്തിക്കാന്‍ സിറ്റി: 2025ലെ ജൂബിലി വർഷത്തിന്റെ ഒരുക്കമായി ഔദ്യോഗിക ഗാനം തിരഞ്ഞെടുക്കാൻ മത്സരം സംഘടിപ്പിക്കുമെന്ന് വത്തിക്കാൻ പ്രഖ്യാപിച്ചു. സുവിശേഷവത്കരണത്തിന് വേണ്ടിയുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയാണ് സെപ്റ്റംബർ പതിനേഴാം തീയതി ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. അടുത്തവർഷം തുടക്കത്തിൽ തന്നെ മത്സരത്തിനു വേണ്ടിയുള്ള അപേക്ഷകൾ സ്വീകരിക്കും. പിയർ എയ്ഞ്ചലോ സെക്യൂരി എന്ന ദൈവശാസ്ത്രജ്ഞൻ ഇറ്റാലിയൻ ഭാഷയിൽ എഴുതിയ ഏതാനും ചില വരികൾക്കാണ് മത്സരാർത്ഥികൾ ഈണം നൽകേണ്ടത്. വിജയിയെ കണ്ടെത്തിയതിനു ശേഷം, വത്തിക്കാൻ ഡിക്കാസ്റ്ററി മറ്റ് ഭാഷകളിലേക്കും വരികൾ വിവർത്തനം ചെയ്യും.

'പ്രത്യാശയുടെ തീർത്ഥാടകർ' എന്ന ജൂബിലി വർഷത്തിന്റെ ആപ്ത വാക്യമാണ് എയ്ഞ്ചലോ സെക്യൂരി എഴുതിയ വാചകങ്ങളുടെയും തലക്കെട്ട്. ഗാനത്തെ സംബന്ധിച്ച് വിവിധ നിബന്ധനകളും വത്തിക്കാൻ നൽകിയിട്ടുണ്ട്. ഇതിനുവേണ്ടി നിയോഗിക്കപ്പെട്ട കമ്മിറ്റിയിലെയും, പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സേക്രഡ് മ്യൂസിക്കിലെയും അംഗങ്ങളും സംയുക്തമായിട്ടായിരിക്കും അടുത്തവർഷം മാർച്ച് 25ാം തീയതി അവസാനിക്കുന്ന മത്സരത്തിന്റെ വിജയിയെ കണ്ടെത്തുന്നത്.

ജൂബിലി വർഷത്തിന്റെ വെബ്സൈറ്റിൽ കൂടുതൽ മത്സര നിയമങ്ങളെ സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോകമെമ്പാടും നിന്നുള്ള ആളുകളെ പങ്കെടുപ്പിച്ചു നടത്തിയ ഒരു മത്സരത്തിനൊടുവിലാണ് ജൂൺമാസം ജൂബിലി വർഷത്തിന്റെ ലോഗോ നിശ്ചയിച്ചത്. കത്തോലിക്ക സഭയിൽ ജൂബിലി വർഷം എന്നത് കൃപയുടെയും, തീർത്ഥാടനത്തിന്റെയും പ്രത്യേക ഒരു പരിശുദ്ധ വർഷമാണ്. 2000ലാണ് 'ക്രിസ്തു ഇന്നലെയും, ഇന്നും, എന്നും' എന്ന ആപ്തവാക്യവുമായി ഏറ്റവും ഒടുവിലായി ജൂബിലി വർഷം നടന്നത്. അന്ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയാണ് തിരുസഭയെ നയിച്ചുക്കൊണ്ടിരിന്നത്.


Related Articles »