India - 2025

വിദേശ മതങ്ങള്‍, ദളിത് ക്രൈസ്തവരെയും മുസ്ലിങ്ങളെയും പട്ടികജാതിയിൽ ഉൾപ്പെടുത്താന്‍ കഴിയില്ല: കേന്ദ്ര സര്‍ക്കാര്‍

പ്രവാചകശബ്ദം 10-11-2022 - Thursday

ന്യൂഡൽഹി: ദളിത് ക്രൈസ്തവരെയും മുസ്ലിംകളെയും പട്ടികജാതിയിൽ ഉൾപ്പെടുത്തണമെന്ന കേസിലെ വാദം നിഷേധിച്ചുക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍. ഹിന്ദു, സിഖ്, ബുദ്ധ മതങ്ങളിൽ വിശ്വസിക്കുന്ന പിന്നാക്ക വിഭാഗങ്ങളും മറ്റു മതങ്ങളിൽ വിശ്വസിക്കുന്ന പിന്നാക്ക വിഭാഗങ്ങളും തമ്മിൽ പ്രകടമായ വ്യത്യാസമുണ്ടെന്നും വിദേശ മതങ്ങളിൽ വിശ്വസിക്കുന്നതുകൊണ്ടാണ് ദളിത് ക്രൈസ്തവ, മുസ്ലിം വിഭാഗ ങ്ങളെ പട്ടികജാതിയിൽ ഉൾപ്പെടുത്താത്തതെന്നുമാണ് കേന്ദ്രത്തിന്റെ വിശദീകരണം. 2019ൽ നൽകിയ സത്യവാങ്മുലത്തിലും ദളിത് ക്രൈസ്തവരെയും ദളിത് മുസ്ലിംകളെയും ബുദ്ധമതത്തിലേക്കു പരിവർത്തനം ചെയ്ത പിന്നാക്ക വിഭാഗത്തിൽപ്പെട്ടവരുമായി താരതമ്യം ചെയ്യാൻ പോലും കഴിയില്ലെന്നായിരുന്നു കേന്ദ്രം വ്യക്തമാക്കിയിരുന്നത്. ക്രൈസ്തവ, ഇസ്ലാം മതങ്ങൾ ഇന്ത്യയിൽ ഉടലെടുത്ത മതവിശ്വാസങ്ങളല്ല. ഇന്ത്യയിൽ ഈ രണ്ടു മതങ്ങളും വളർന്നതിനു പിന്നിൽ വിദേശ സംഭാവന ഉണ്ടെന്നും കേന്ദ്ര സാമൂഹ്യ ക്ഷേമ മന്ത്രാലയം സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.

അതേസമയം ദളിത് ക്രൈസ്തവർക്കും, മുസ്ലിങ്ങൾക്കും മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള 27% ശതമാനം സംവരണത്തിന് അർഹത ഉണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. ദേശീയ പിന്നാക്ക വിഭാഗ സാമ്പത്തിക വികസന കോർപറേഷന്റെ വിവിധ പദ്ധതികൾക്കും, സ്കോളർഷിപ്പുകൾക്കും അർഹത ഉണ്ട്. ക്രൈസ്തവ, മുസ്ലിം മതങ്ങളിലേക്ക് മാറിയ ദളിത് ഹിന്ദുക്കൾക്ക് ന്യൂനപക്ഷ മത വിഭാഗങ്ങൾക്ക് നൽകുന്ന അനുകൂല്യത്തിന്റെ അർഹത ഉണ്ട്. ദളിത് ക്രിസ്ത്യാനികളെയും, ദളിത് മുസ്ലിങ്ങളെയും പട്ടിക വിഭാഗത്തിൽ ഉൾപെടുത്തുന്നതിനെ കുറിച്ച് പഠിക്കാൻ കമ്മീഷൻ ജസ്റ്റിസ് കെ.ജി ബാലകൃഷ്ണൻ അധ്യക്ഷനായ കമ്മീഷൻ രൂപീകരിച്ചിട്ടുണ്ട്, കമ്മീഷൻ റിപ്പോർട്ട് വരുന്നത് വരെ ഹർജിക്കാർ കാത്തിരിക്കണമെന്നും സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

More Archives >>

Page 1 of 491