India - 2025
ഭാരത കത്തോലിക്കാ മെത്രാൻ സമിതിയിലേക്ക് മാർ ആൻഡ്രൂസ് താഴത്തിനോടൊപ്പം പുതിയ നേതൃത്വവും
പ്രവാചകശബ്ദം 11-11-2022 - Friday
ബംഗളൂരു: ഭാരത കത്തോലിക്കാ മെത്രാൻ സമിതിയിലേക്ക് മാർ ആൻഡ്രൂസ് താഴത്തിനോടൊപ്പം മദ്രാസ് - മൈലാപ്പൂർ ആർച്ച്ബിഷപ്പ് ഡോ. ജോർജ് അന്തോണിസാമി, ബത്തേരി ബിഷപ്പ് ജോസഫ് മാർ തോമസ് എന്നിവരെ പുതിയ വൈസ് പ്രസിഡന്റുമാരുമായും തെരഞ്ഞെടുത്തു. മഹാരാഷ്ട്രയിലെ വസായ് രൂപതാധ്യക്ഷനായ ഡോ. ഫെലിക്സ് മച്ചാഡോയാണു സെക്രട്ടറി ജനറല്‍. ബംഗളൂരു സെന്റ് ജോൺസ് നാഷണൽ അക്കാദമി ഓഫ് ഹെൽത്ത് സയൻസസ് ഓഡിറ്റോറിയത്തിൽ നടന്നുവരുന്ന സിബിസിഐയുടെ 35-ാം പ്ലീനറി സമ്മേളനമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
75 വയസ് പ്രായപരിധി നിബന്ധനയുള്ളതിനാലാണ് സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സിബിസിഐ പ്രസിഡന്റ് പദവി ഏറ്റെടുക്കാതിരുന്നത്. നാലു ദിവസമായി നടന്നുവരുന്ന പ്ലീനറി സമ്മേളനം ഇന്നു സമാപിക്കും. ഇന്നലെ വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടന്നു. രാവിലെ നടന്ന വിശുദ്ധ കുർബാനയിൽ മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ മുഖ്യകാർമികനായിരുന്നു. തുടർന്നു നടന്ന ചർച്ചകൾക്കുശേഷം ബിഷപ്പ് ഡോ. ഐവാൻ പെരേര റീജണൽ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. സെഷനുകളുടെ അവസാനം റിഡംപ്റ്ററിസ്റ്റ് സന്യാസ സമൂഹം പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. എഡ്വേർഡ് ജോസഫ് വചനവിചിന്തനം നൽകും.