Arts - 2024
പുല്‍ക്കൂട്ടിലേക്കുള്ള രൂപങ്ങള്‍ ഒരുങ്ങുന്നു; ക്രിസ്തുമസിനെ വരവേൽക്കാൻ വത്തിക്കാൻ
പ്രവാചകശബ്ദം 31-10-2022 - Monday
വത്തിക്കാന്‍ സിറ്റി: തടിയിൽ നിന്നും കരവിരുതാല്‍ നിർമ്മിച്ച വലിയ ശില്പങ്ങൾ കൊണ്ട് രൂപകൽപ്പന ചെയ്ത പുൽക്കൂട് വത്തിക്കാനിൽ ക്രിസ്തുമസിന് മുന്നോടിയായി പ്രദർശനത്തിന് തയ്യാറെടുക്കുന്നു. ക്രിസ്മസ് ട്രീയ്ക്കു പ്രകാശം നൽകുന്ന ഡിസംബർ മൂന്നാം തീയതി മുതലായിരിക്കും പുൽക്കൂട് ഔദ്യോഗികമായി പ്രദർശനത്തിന് വയ്ക്കുക. ഇറ്റലിയുടെ വടക്ക് കിഴക്കൻ മേഖലയിൽ നിന്നു എത്തിച്ച ആല്‍പൈന്‍ സേഡാർ മരത്തിൽ നിന്നുമാണ് പുൽക്കൂടിനു വേണ്ടിയുള്ള രൂപങ്ങൾ നിർമ്മിച്ചത്. അതേസമയം പുൽക്കൂട് നിർമ്മാണത്തിന് വേണ്ടി മാത്രം തടികളൊന്നും വെട്ടിയിട്ടില്ലായെന്ന് വത്തിക്കാൻ വ്യക്തമാക്കി. തടികൊണ്ട് നിർമ്മിച്ച ഗ്രോട്ടോയിൽ തിരുകുടുംബത്തിന്റെ രൂപങ്ങളോടൊപ്പം, കാള, കഴുത, മാലാഖ എന്നിവയുടെ രൂപങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്
ഗ്വാട്ടിമാല സര്‍ക്കാര്‍ സമ്മാനമായി നൽകിയ മറ്റൊരു പുൽക്കൂട് പോൾ ആറാമൻ ഹാളിലും പ്രദർശിപ്പിക്കപ്പെടും. തടിയിൽ നിന്നും ഗ്വാട്ടിമാലയിലെ കലാകാരന്മാരാണ് തിരുകുടുംബത്തെയും, മാലാഖയെയും നിർമ്മിച്ചത്. 1980 മുതൽ സെന്റ് പീറ്റേഴ്സ് ബസിലിക്ക ദേവാലയത്തിന് മുന്നിൽ വത്തിക്കാൻ പുൽക്കൂട് പ്രദർശിപ്പിക്കാറുണ്ട്. കഴിഞ്ഞ ഒരു നൂറ്റാണ്ടായി ഏതെങ്കിലും രാജ്യത്തോടോ, ഇറ്റലിയിലെ പ്രവിശ്യകളോടോ പുൽക്കൂട് പ്രദർശനത്തിനു വേണ്ടി നൽകാൻ വത്തിക്കാൻ ആവശ്യപ്പെടാറുണ്ട്. പെറുവിൽ നിന്നാണ് കഴിഞ്ഞവർഷത്തെ പുൽക്കൂട് എത്തിച്ചത്. 182 ആളുകൾ മാത്രം വസിക്കുന്ന റോസല്ലോ എന്ന മധ്യ ഇറ്റാലിയൻ ഗ്രാമത്തിൽ നിന്നാണ് ഇത്തവണത്തെ നൂറടി ഉയരമുള്ള ക്രിസ്തുമസ് ട്രീ കൊണ്ടുവരുന്നത്.