Faith And Reason

കന്ധമാലില്‍ നടന്ന ക്രിസ്തുവിന്റെ രാജത്വ തിരുനാൾ പ്രദിക്ഷണത്തില്‍ പങ്കുചേർന്ന് ഹൈന്ദവരും

പ്രവാചകശബ്ദം 22-11-2022 - Tuesday

കന്ധമാല്‍: കൊറോണ പകര്‍ച്ചവ്യാധിയെ തുടര്‍ന്നു നീണ്ട മൂന്നു വര്‍ഷത്തെ ഇടവേളക്ക് ശേഷം സാര്‍വത്രിക സഭയോടൊപ്പം ഇന്ത്യയിലെ വിവിധ അതിരൂപതകളും നവംബര്‍ 20-ന് സര്‍വ്വലോക രാജാവായ ക്രിസ്തു രാജന്റെ തിരുനാള്‍ ഭക്തിനിര്‍ഭരമായ പ്രദിക്ഷണങ്ങളുടെ അകമ്പടിയോടെ ആഘോഷിച്ചു. ഒഡീഷയില്‍ ക്രൈസ്തവ കൂട്ടക്കുരുതിയുടെ പേരില്‍ കുപ്രസിദ്ധമായ കന്ധമാല്‍ ജില്ലയിലെ റായികിയയില്‍ നടന്ന പ്രദിക്ഷണത്തില്‍ ആയിരകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. ക്രൈസ്തവര്‍ക്ക് പുറമേ നിരവധി ഹിന്ദുക്കളും പ്രദിക്ഷണത്തില്‍ പങ്കെടുത്തുവെന്നതാണ് ഏറ്റവും ശ്രദ്ധേയമായ വസ്തുത.

ക്രിസ്തു നാമത്തിൽ ഇത്രയധികം ആളുകള്‍ ഒരുമിച്ച് കൂടിയത് അവിടുന്ന് സത്യത്തിനും നീതിക്കും, സമാധാനത്തിനും, സൗഹാര്‍ദ്ദത്തിനും ഐക്യത്തിനും, സാഹോദര്യത്തിനും വേണ്ടി നിലകൊള്ളുവാന്‍ തയ്യാറായ ഒരു നല്ല വ്യക്തിയായിരുന്നു എന്ന ബോധ്യം കാരണമാണെന്ന് പ്രദിക്ഷണത്തില്‍ പങ്കെടുത്ത ഹൈന്ദവരിൽ ഒരാളായ ഹരിഹര്‍ പ്രസാദ് പറഞ്ഞു. സമാധാനം, നീതി, ഐക്യം, സാഹോദര്യം എന്നിവയെ ഇഷ്ടപ്പെടുന്ന വിഭാഗമാണ് ക്രിസ്തുമതമെന്നും പ്രസാദ് കൂട്ടിച്ചേര്‍ത്തു.

മതം, ജാതി, വര്‍ഗ്ഗം, നിറം എന്നിവ നോക്കാതെ എല്ലാവര്‍ക്കും ഒരുമിച്ച് കൂടുവാനുള്ള ഒരവസരമാണ് പ്രപഞ്ച രാജാവായ ക്രിസ്തുവിന്റെ തിരുനാളെന്നു പ്രദിക്ഷണത്തില്‍ പങ്കെടുത്ത പ്രോമിള സാഹു എന്ന റിട്ടയേർഡ് ഹിന്ദു ടീച്ചര്‍ പറഞ്ഞു. പുരാതനകാലം മുതല്‍ക്കേ ലോകത്തിന്റെ അധീശത്വം ആഗ്രഹിച്ച നിരവധി രാജാക്കന്‍മാര്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍ ഭൂമിയിലെ മറ്റ് രാജാക്കന്‍മാരില്‍ നിന്നും തികച്ചും വ്യത്യസ്തനായ ഒരു രാജാവായിരുന്നു യേശു ക്രിസ്തു. എല്ലാവരുടേയും ദാസനായികൊണ്ട് ശത്രുക്കള്‍ ഉള്‍പ്പെടെ എല്ലാവരേയും സേവിക്കുവാനാണ് അവന്‍ വന്നതെന്നും സാഹു പറഞ്ഞു.

കന്ധമാലിലെ തിരുനാള്‍ കുര്‍ബാനക്ക് ശേഷം മുപ്പത്തിയഞ്ചോളം കുട്ടികള്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തി. രാജസ്ഥാനിലെ അജ്മീറില്‍ നടന്ന പ്രദിക്ഷണത്തിലും ഹിന്ദുക്കളുടെയും, മുസ്ലീങ്ങളുടെയും സഹകരണം ഉണ്ടായിരുന്നുവെന്ന് ഏഷ്യ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ബിഷപ്പ് പിയൂസ് ഡിസൂസയുടെ നേതൃത്വത്തില്‍ നടന്ന പ്രദിക്ഷിണത്തെ സ്വാഗതം ചെയ്യുന്നതിനായി വിവിധ മതനേതാക്കളും, സംഘടനകളും വഴിയരികില്‍ കാത്തുനില്‍ക്കുകയായിരുന്നു. രാജ്യത്തിന്റെ സമാധാനത്തിനും സൗഹാര്‍ദ്ദത്തിനും വേണ്ടിയാണ് തങ്ങൾ പ്രത്യേകം പ്രാർത്ഥിച്ചതെന്ന് അജ്മീര്‍ രൂപതാ വികാര്‍ ജനറാള്‍ ഫാ. കോസ്മോസ് ഷെഖാവത്ത് പറഞ്ഞു. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലും രാജത്വ തിരുനാളിൽ വർണ്ണാഭമായ പ്രദിക്ഷണം നടന്നിരുന്നു.


Related Articles »