India - 2025

മാർ സൈമൺ സ്റ്റോക്ക് പാലാത്രയ്ക്കു യാത്രാമൊഴി

23-11-2022 - Wednesday

ജഗദൽപൂർ: ജഗദൽപൂർ സീറോ മലബാർ രൂപതയുടെ മുന്‍ ബിഷപ്പ് മാർ സൈമൺ സ്റ്റോക്ക് പാലാത്ര സിഎംഐ(87)ക്ക് തന്റെ കർമരംഗത്തെ വിശ്വാസസമൂഹം വിടചൊല്ലി. ഇന്നലെ വൈകുന്നേരം ജഗദൽപൂർ സെന്റ് ജോസഫ് കത്തീഡ്രലിൽ വിവിധ രൂപതകളിലെ മേലധ്യക്ഷന്മാർ, സിഎംഐ സഭയിലെ വിവിധ പ്രൊവിൻഷ്യൽമാർ, വൈദികർ, സന്യാസിനികൾ, അല്മായർ തുടങ്ങി നൂറുകണക്കിനു വിശ്വാസികളുടെ സാന്നിധ്യത്തിൽ നടന്ന പ്രാർത്ഥനാ ശുശ്രൂഷകളോടെയാണ് പള്ളിയിൽ പ്രത്യേകം തയാറാക്കിയ കല്ലറയിൽ അദ്ദേഹത്തിന്റെ ഭൗതിക ശരീരം കബറടക്കിയത്. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സംസ്കാര ശുശ്രൂഷകളിൽ മുഖ്യകാർമികത്വം വഹിച്ചു. ജഗദൽപുരിലെ നിർധനരായ ആ ദിവാസി ഗോത്രവർഗക്കാരുടെ ഉന്നമനത്തിനായി തീക്ഷ്ണമായ സേവനം അനുഷ്ഠിച്ച മിഷ്ണറിയായിരുന്നു മാർ സൈമൺ സ്റ്റോക്ക് പാലാത്രയെന്നു മേജർ ആർച്ച് ബിഷപ്പ് സന്ദേശത്തിൽ പറഞ്ഞു.

ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, റായിപ്പൂർ ആർച്ച് ബിഷപ്പ് ഡോ. വിക്ടർ ഹെൻട്രി ഠാക്കൂർ, ജഗദൽപുർ ബിഷപ്പ് മാർ ജോസഫ് കൊല്ലംപറമ്പിൽ, മാർ ജോസഫ് അഗസ്റ്റിൻ, മാർ ആന്റണി ചിറയത്ത്, മാർ സെബാസ്റ്റ്യൻ വടക്കേൽ, മാർ ജോസഫ് കുന്നത്ത്, മാർ ജോൺ വടക്കേൽ, മാർ ജോസ് ചിറ്റൂപ്പറമ്പിൽ, മാർ എഫ്രം നരികുളം, മാർ ജെയിംസ് കൊടകല്ലിൽ, മാർ ജെയിംസ് അത്തിക്കളം, മാർ തോമസ് പാടിയത്ത് തുടങ്ങിയവർ ശുശ്രൂഷകളിൽ സഹകാർമികരായിരുന്നു. സമാപന ശുശ്രൂഷകളിലെ പ്രാർത്ഥനകൾ മലയാളത്തിലായിരുന്നു. മാർ സൈമൺ സ്റ്റോക്കിന്റെ ചങ്ങനാശേരിയിൽ നിന്നുള്ള കുടുംബാംഗങ്ങൾ സംസ്കാര ശുശ്രൂഷകളിൽ പങ്കെടുത്തു. ചാക്കോച്ച ൻ പാലാത്ര, പാലാത്ര കുടുംബത്തിന്റെ നന്ദിയും അനുശോചനവും അറിയിച്ചു.


Related Articles »