Arts - 2024

'യേശുവാണ് ക്രിസ്തുമസ്': 18-ാമത് ദേശീയ തിരുപിറവി ദൃശ്യങ്ങളുടെ മത്സരത്തിന് പെറുവില്‍ ആരംഭം

പ്രവാചകശബ്ദം 25-11-2022 - Friday

ലിമ: തെക്കേ അമേരിക്കന്‍ രാജ്യമായ പെറുവില്‍ പതിനെട്ടാമത് ദേശീയ തിരുപിറവി ദൃശ്യങ്ങളുടെ മത്സരത്തിന് തുടക്കമായി. തലസ്ഥാനമായ ലിമായിലെ കാസ ഒ’ഹിഗ്ഗിന്‍സ് എന്ന കൊളോണിയല്‍ മാതൃകയിലുള്ള കെട്ടിടത്തിലാണ് “യേശുവാണ് ക്രിസ്തുമസ്സ്” എന്നപേരിലുള്ള മത്സരം സംഘടിച്ചിരിക്കുന്നത്. പെറുവിലെ കരകൗശല വിദഗ്ദര്‍ നിര്‍മ്മിച്ച തിരുപിറവി രൂപങ്ങളാണ് മത്സരത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. നവംബര്‍ 23 മുതല്‍ 2023 ജനുവരി 8 വരെ ഇവിടെ പ്രദര്‍ശനമുണ്ടാകും. ചൊവ്വാഴ്ച മുതല്‍ ഞായര്‍ വരെയാണ് സന്ദര്‍ശന സമയം. പെറുവിലെ 11 മേഖലകളില്‍ നിന്നുള്ള വിവിധ തരത്തിലുള്ള 54 തിരുപിറവി ദൃശ്യങ്ങളാണ് മത്സരത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഡിസംബര്‍ 10-നാണ് ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ ലഭിച്ചവര്‍ക്കുള്ള സമ്മാന വിതരണം.

ആത്മീയതയെ പ്രതിഫലിപ്പിക്കുക, രാജ്യത്തിന്റെ ജനസമ്മതിയാര്‍ജ്ജിച്ച കലയും, കലാപാരമ്പര്യവും കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുക എന്നതാണ് മത്സരത്തിന്റെ പ്രധാന ലക്ഷ്യമെന്നു സംഘാടകരായ ദി കള്‍ച്ചറല്‍, തിയേറ്റര്‍ ആന്‍ഡ്‌ സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ.സി.ടി.വൈ.എസ്) പ്രസ്താവിച്ചു. വിശ്വാസപരമായും, ക്രിസ്തുമസിന്റെ തിയതിയുമായി ബന്ധപ്പെട്ടിരിക്കുന്ന മത്സരം വിശ്വാസപരമായ വിചിന്തനത്തെ പ്രോത്സാഹിപ്പിക്കുകയും, സന്ദര്‍ശകരും കലാകാരന്‍മാരും ഐക്യം, സമാധാനം തുടങ്ങിയ മൂല്യങ്ങളെ കുറിച്ച് ധ്യാനിക്കുകയും ചെയ്യുമെന്നും കള്‍ച്ചറല്‍ ഹെറിറ്റേജ് വൈസ് മിനിസ്ട്രിയുടെ ഡയറക്ടറായ സൊളെദാദ് മുജിക്ക പറഞ്ഞു.

2005 മുതല്‍ പെറുവില്‍ ഈ മത്സരം സംഘടിപ്പിച്ച് വരുന്നതാണ്. കലാപരമായ പുല്‍ക്കൂട് നിര്‍മ്മാണത്തില്‍ നീണ്ട പാരമ്പര്യമുള്ള രാജ്യമാണ് പെറു. കഴിഞ്ഞ വര്‍ഷത്തെ ക്രിസ്തുമസ്സിന് വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ പ്രദര്‍ശിപ്പിച്ചത് പെറുവിലെ ആന്‍ഡിയന്‍ പട്ടണത്തില്‍ നിന്നുള്ള പുല്‍ക്കൂടായിരുന്നു. പെറുവിലെ ഹുവാങ്കവെലിക്ക പ്രദേശത്തെ ചോപ്ക്ക ഗ്രാമത്തിലെ കലാകാരന്മാർ ഒരുക്കിയ പുൽക്കൂട്ടിൽ 30 രൂപങ്ങളാണു ഉണ്ടായിരിന്നത്. ഉണ്ണീശോയുടെയും കന്യാമറിയത്തിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും ഉൾപ്പെടെയുള്ള രൂപങ്ങള്‍ ഒരുക്കിയതും പ്രാദേശിക തനിമ വിളിച്ചോതുന്ന വിധത്തിലായിരിന്നു.

More Archives >>

Page 1 of 48