India

പ്രാര്‍ത്ഥനയുടെ അഭാവം തിന്മയുടെ ശക്തികള്‍ സമൂഹത്തിലും കുടുംബത്തിലും വളരാന്‍ കാരണമാകുന്നു: മാര്‍ ജോസഫ് പെരുന്തോട്ടം

പ്രവാചകശബ്ദം 20-12-2022 - Tuesday

പാലാ: പ്രാര്‍ത്ഥനയുടെ അഭാവം തിന്മയുടെ ശക്തികള്‍ സമൂഹത്തിലും കുടുംബത്തിലും വളരാന്‍ കാരണമാകുന്നുവെന്നു ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. നാല്പതാമത് പാലാ രൂപത ബൈബിള്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്. സ്വയമേ വിശുദ്ധികരിക്കപ്പെട്ട് അതുവഴി കുടുംബങ്ങള്‍ വിശുദ്ധീകരിക്കപ്പെടണം. ദൈവരാജ്യത്തിന്റെ ഏറ്റവും ചെറിയ പതിപ്പായ കുടുംബം വിശുദ്ധീകരിക്കപ്പെടുമ്പോഴാണ് സമൂഹവും വിശുദ്ധീകരിക്കപ്പെടുന്നത്. തിന്മയുടെ ശക്തിക്കെതിരേ പോരാടാനുള്ള ഏറ്റവും ശക്തമായ ആയുധം പ്രാര്‍ത്ഥനയാണ്. പ്രാർത്ഥനയാകുന്ന ആയുധം താഴെവെക്കരുത്. പ്രാര്‍ത്ഥനയുടെ അഭാവം ഇന്ന് തിന്മയുടെ ശക്തികള്‍ സമൂഹത്തിലും കുടുംബത്തിലും വളരാന്‍ കാരണമാകുന്നുണ്ട്.

ദൈവവചനം ശക്തിയും ശാന്തിയും പ്രത്യാശയും പകരുന്നതാണ്. ഈശോയുടെ കുരിശുമരണം ഏറ്റവും വലിയ നേട്ടമായിരുന്നു. സഹനം നഷ്ടമല്ല, നേട്ടമാണ്. ഈശോയുടെ സഹനത്തില്‍ വലിയ വിജയമുണ്ടായി. സഹനം വിശ്വസത്തിന്റെ കണ്ണിലൂടെ ക്രൈസ്തവമായി വീക്ഷിക്കണം. സഭ ഇന്നും പീഡിപ്പിക്കപ്പെടുന്നുണ്ട്. പീഡിപ്പിക്കപ്പെടുന്ന സഭയെ സ്വന്തമായി കണ്ട് സഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണം. വേദനിക്കുന്നവരെ ആശ്വസിപ്പിക്കുന്ന ദൗത്യം ഈശോ ചെയ്തതുപോലെ അതിന് നമുക്കും കടമയുണ്ട്. പ്രാര്‍ത്ഥനയെന്ന ആയുധം വിശ്വാസികള്‍ താഴെ വയ്ക്കരുതെന്നും ആര്‍ച്ച് ബിഷപ്പ് ആഹ്വാനം ചെയ്തു.

പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അനുഗ്രഹപ്രഭാഷണം നടത്തി. ഈശോയുടെ കുരിശിലേയ്ക്ക് നമ്മുടെ ചിന്തകളും പ്രാര്‍ഥനകളും എത്തണം. കുരിശില്‍ ഈശോ മറയുന്നില്ല, മറിച്ച് തെളിഞ്ഞുകാണുകയാണ്. ഏക മനസോടെ ദൈവവചനം ശ്രവിക്കാന്‍ നമ്മുടെ ഹൃദയങ്ങള്‍ തുറക്കണം. ദൈവവചനം വളരുന്നത് വചനം കേള്‍ക്കുന്നവരിലൂടെയും വായിക്കുന്നവരിലൂടെയും അത് ജീവിതത്തില്‍ പകര്‍ത്തുന്നവരിലൂടെയുമാണ്. വേദപുസ്തകത്ത കുറിച്ചുള്ള അറിവില്ലായ്മ ക്രിസ്തുവിനെ കുറിച്ചുള്ള അറിവില്ലായ്മയാണ്. സമൂദായബോധം, പ്രതികരണശേഷി എന്നിവ ഇൗ കാലഘട്ടത്തില്‍ കുറഞ്ഞുവരുന്നതായി കാണുന്നു. എന്ത് സത്യം ആരു പറഞ്ഞാലും അത് ദൈവത്തിൻ്റെ രൂഹയാണ് പറയിപ്പിക്കുന്നത് എന്ന വിശുദ്ധ അക്വിനാസിൻ്റെ വാക്കുകൾ പിതാവ് ഓർമ്മപ്പെടുത്തി. സത്യം പറയാന്‍ സമൂഹം പലപ്പോഴും ഭയപ്പെടുന്നു. സാമൂഹ്യ തിന്മകള്‍ വളരുന്നു. മദ്യവും മയക്കുമരുന്നും യുവതലമുറയെ ശല്യപ്പെടുത്തുന്നു. വിവിധ മേഖലകളില്‍ വളര്‍ന്നു വരുന്ന തിന്മകളെ നേരിടാന്‍ വചനശ്രവണം ശക്തി പകരുമെന്ന് ബിഷപ്പ് പറഞ്ഞു.

മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, പ്രോട്ടോ സിഞ്ചെല്ലൂസ് മോണ്‍.ജോസഫ് തടത്തില്‍, മോണ്‍. ജോസഫ് കണിയോടിക്കല്‍, മോണ്‍. സെബാസ്റ്റിയന്‍ വേത്താനത്ത്,ഫാ.സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍, ഫാ. ജെയിംസ് മംഗലത്ത്, ഫാ. മാത്യു പുല്ലുകാലായില്‍, സിസ്റ്റര്‍ ആന്‍ ജോസ് എസ് എച്ച് തുടങ്ങിയവര്‍ സന്നിഹിതരായി. കണ്‍വന്‍ഷനില്‍ റൂഹാ മൗണ്ട് മൊണ്‌സ്ട്രി സുപ്പീരിയര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും നയിച്ചു. ഫാ. ബിനോയി കരിമരുതുങ്കല്‍, ഫാ. നോബിള്‍ തോട്ടത്തില്‍ തുടങ്ങിയവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.

കണ്‍വന്‍ഷനില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍, ഫാ. അഗസ്റ്റിന്‍ കൂട്ടിയാനിയില്‍, ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം, ഫാ. ജെയിംസ് മംഗലത്ത്, ഫാ.തോമസ് പേഴുംകാട്ടില്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായി. കണ്‍വന്‍ഷനില്‍ ബൈബിള്‍ പ്രതിഷ്ഠയ്ക്ക് കത്തീഡ്രല്‍ വികാരി ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ നേതൃത്വം നല്‍കി. ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ഫാ. മാണി കൊഴുപ്പംകുറ്റി, ഫാ. മാത്യു വാഴചാരിക്കല്‍, സി. ആന്‍ ജോസ് എസ്.ച്ച്, സിസ്റ്റര്‍ റോസ്മിന്‍ ചെരുവില്‍പറമ്പില്‍ എസ്.എച്ച്,, സിസ്റ്റര്‍ ലിസ പള്ളിവാതുക്കല്‍ എസ്.എച്ച്. ജോര്‍ജ്ജുകുട്ടി ഞാവള്ളില്‍, സണ്ണി പള്ളിവാതുക്കല്‍, ബാബു തട്ടാംപറമ്പില്‍, സാബു കോഴിക്കോട്ട്, ബാബു തൊമ്മനാമറ്റം, ബിനു വാഴേപ്പറമ്പില്‍, ജോണി വേലംകുന്നേല്‍, പോള്‍സണ്‍ പൊരിയത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

More Archives >>

Page 1 of 499